24 October Thursday

ആ കാറും ഉറ്റവരും കാണാമറയത്ത്‌

വെബ് ഡെസ്‌ക്‌Updated: Sunday Aug 11, 2019

 

മേപ്പാടി
അവറാനും അബൂബക്കറും അയൽവാസികൾ മാത്രമായിരുന്നില്ല, ഉറ്റസുഹൃത്തുക്കളുമായിരുന്നു. ദുരന്തത്തിലും ഇരുവരും ഒരുകാറിൽ ഒരുമിച്ചായി. പുത്തുമലയിൽ ഉരുൾപ്പൊട്ടുമ്പോൾ ഇവർ സഞ്ചരിച്ചിരുന്ന കാറിൽ മലവെള്ളം പതിക്കുന്നത്‌ അകലെനിന്ന്‌ ആളുകൾ കണ്ടിരുന്നു. നിമിഷങ്ങൾക്കകം ഉരുൾ ഇവരെ കടന്നുപോയി. പിന്നീട്‌  നാച്ചിവീട്ടിൽ അവറാനേയും(68) കണ്ണൻകാടൻ  അബൂബക്കറിനേയും ഇവരുണ്ടായിരുന്ന കാറും ആരും കണ്ടില്ല. കാണാമറയത്തായ ഈ സുഹൃത്തുക്കൾക്കായി ശനിയാഴ്‌ച്ച തെരച്ചിൽ നടത്തുമ്പോൾ അബൂബക്കറിന്റെ മകൻ അഷ്‌ക്കറും അവറാന്റെ അനിയൻ മുഹമ്മദ്‌കുട്ടിയും കണ്ണീരോടെ  റോഡിലുണ്ടായിരുന്നു. ഗൾഫിലായിരുന്ന അഷ്‌ക്കർ ഉപ്പയെ കാണാതായതറിഞ്ഞ്‌ വെള്ളിയാഴ്‌ച്ച നാട്ടിലെത്തിയതാണ്‌. ദുരന്തക്കാഴ്‌ച്ച നെഞ്ചുലച്ചു. ‘ഉപ്പയെ ഒന്നുകണ്ടാൽ മതിയായിരുന്നു’ അഷറഫിന്റെ വാക്കുകൾ തൊണ്ടയിൽ കുരുങ്ങി.  ദീർഘകാലം അബൂബക്കറും ഗൾഫിലായിരുന്നു. നാല്‌ കൊല്ലം മുന്പാണ്‌ പ്രവാസ ജീവിതം അവസാനിപ്പിച്ചത്‌. അബൂബക്കറിന്റെ സന്പാദ്യവും ഉരുളിൽ ഒലിച്ചുപോയി. മരുഭൂമിയിൽ പണിയെടുത്തുണ്ടാക്കിയ വീട്‌ തകർന്നു. അവശേഷിക്കുന്ന ഭാഗം ഏത്‌ നിമഷവും തകർന്നു വിഴും. രണ്ടേക്കറോളം സ്ഥലവും ഒലിച്ചുപോയി. അവറാൻ ഏലക്കടയിലെ ജീവനക്കാരനായിരുന്നു. വ്യാഴാഴ്‌ച്ച രാവിലെ പച്ചക്കാടുനിന്നും ആളുകളെ ഒഴിപ്പിക്കാൻ അവറാൻ മുന്പിലുണ്ടായിരുന്നു. ക്യാന്പിൽനിന്നും പിന്നീട്‌ അബൂബക്കറിനൊപ്പം പച്ചക്കാട്‌ എത്തിയപ്പോഴായിരുന്നു ദുരന്തം.
പ്രധാന വാർത്തകൾ
 Top