23 March Saturday
കഞ്ഞിക്കുഴി മോഡൽ വളരുന്നു

ട്രെൻഡാകാൻ വനിതാ സെൽഫി ഗാർമെന്റ‌്സ‌്

കെ എസ‌് ലാലിച്ചൻUpdated: Saturday Aug 11, 2018

‘വനിതാസെൽഫി' ഗാർമെന്റ‌്സ‌് വിപണനത്തിൽനിന്ന്‌

 

 
 
 
മാരാരിക്കുളം
വനിതകൾക്ക‌് ചെന്നെത്താവുന്ന എല്ലാ മേഖലകളിലേക്കും ചിറകുവിരിച്ച‌് പറക്കുകയാണ‌് ‘വനിതാസെൽഫി’. സ‌്ത്രീ ശാക്തീകരണത്തിന‌് കുറുക്കുവഴികളില്ലെന്നും അവരിൽ സ്വാശ്രയത്വവും ആത്മവിശ്വാസവും വളർത്തുകയാണ‌് മാർഗമെന്നും കഞ്ഞിക്കുഴി സർവീസ് സഹകരണബാങ്കിന‌് കീഴിലെ വനിതാ കൂട്ടായ‌്മ തിരിച്ചറിയുന്നുണ്ട‌്. സ്വന്തം കാലിൽ നിൽക്കാൻ സ‌്ത്രീകളെ പ്രചോദിപ്പിക്കുന്നതിനായി  വസ‌്ത്രവിപണന രൂപകൽപനയിലേക്ക‌് രംഗപ്രവേശെം ചെയ്യുകയാണിവർ. 
സ‌്ത്രീകൾക്കാവശ്യമായ വസ്ത്രങ്ങളാണ‌്  ‘വനിതാസെൽഫി’ എന്ന ബ്രാന്റിൽ വിപണനത്തിനിറക്കുന്നത‌്. ഇതിന്റെ ആദ്യഘട്ടമായി ലെഗിൻസും ഇന്നറുകളും തയ്യാറായി. രാവിലെ ഒമ്പത‌ുമുതൽ ബാങ്കിന്റെ ഹെഡ‌് ഓഫീസിലാണ് വിപണനം. വനിതാസെൽഫിക്കായി  തയ്യൽ യൂണിറ്റും സജ്ജമായി. അഞ്ച് പഞ്ചായത്ത‌ംഗങ്ങളെയും കുടുംബശ്രീ അംഗങ്ങളെയും ഉൾപ്പെടുത്തിയാണ് വനിതാസെൽഫി രൂപീകരിച്ചത്. 
നിലവിൽ 75 പേർ അടങ്ങിയ സ‌്ത്രീകളുടെ കൂട്ടായ‌്മയാണ് വനിതാസെൽഫി.  വിവാഹാലോചന, ക്ഷണക്കത്ത് അച്ചടിക്കൽ, വിതരണംചെയ്യൽ, പന്തൽ ഡെക്കറേഷൻ, പാചകം തുടങ്ങി ആഘോഷങ്ങൾക്ക് ആവശ്യമായതെല്ലാം മിതമായ നിരക്കിൽ എത്തിക്കുന്നതാണ‌് വനിതാസെൽഫിയുടെ പ്രധാന പ്രവർത്തനം. ഭക്ഷണം വിളമ്പാനും  വനിതാസെൽഫി ചുറുചുറുക്കോടെ റെഡി. 
ദേശീയപാതയിൽ കഞ്ഞിക്കുഴി ഇന്ത്യൻ കോഫി ഹൗസിന് സമീപമുള്ള കഞ്ഞിക്കുഴി സർവീസ് സഹകരണബാങ്കുമായി ബന്ധപ്പെട്ടാൽ ഇവരുടെ സേവനം ലഭ്യമാക്കാം. അംഗങ്ങളിൽ അനിലാബോസ്, കമലമ്മ, പുഷ‌്പ, റെജി പുഷ‌്പാംഗദൻ എന്നിവർ മുൻ പഞ്ചായത്തംഗങ്ങളാണ്. ജനപ്രതിനിധിയായിരുന്ന വനിതകളുടെ പരിചയസമ്പന്നത നന്നായി പ്രയോജനപ്പെടുത്തുകയാണിവർ.  
കുടുംബശ്രീ മിഷന്റെ സംസ്ഥാനതല ഫാൽക്കൽറ്റി അംഗം സുദർശനാഭായിയും എല്ലാ സഹായങ്ങളുമായി ഒപ്പമുണ്ട‌്.  ഗീതാ കാർത്തികേയൻ ചെയർപേഴ്‌സണും അനിലാബോസ് സെക്രട്ടറിയുമായ കമ്മിറ്റിയാണ് വനിതാസെൽഫി നിയന്ത്രിക്കുന്നത്.  നാടൻ പച്ചക്കറികളും മത്സ്യങ്ങളും വേവിക്കാൻ പാകത്തിൽ അരിഞ്ഞ് വൃത്തിയാക്കി ഇവർ വിതരണംചെയ്യുന്നുണ്ട്. ധാന്യങ്ങൾ, മസാലപ്പൊടികൾ എന്നിവയും പായ‌്ക്ക‌്ചെയ‌്ത‌് വിൽപ്പനയ‌്ക്ക‌് എത്തിക്കുന്നു.  ഗ്രാമീണ എന്നപേരിൽ സഞ്ചരിക്കുന്ന വിപണനകേന്ദ്രവുമുണ്ട്. 
 രണ്ടുവർഷം പിന്നിട്ടപ്പോൾ വനിതാസെൽഫി സുരക്ഷാ മേഖലയിലേക്കും ചുവടുവയ‌്ക്കുകയാണ‌്. പൊതുസ്വകാര്യ ചടങ്ങുകളിൽ വാഹനങ്ങൾ നിയന്ത്രിക്കുന്നതിനും സുരക്ഷാക്രമീകരണങ്ങൾ ഒരുക്കുന്നതിനുമുള്ള പരിശീലനം നൽകാനുള്ള തയ്യാറെടുപ്പിലാണ് ബാങ്ക്. ബ്യൂട്ടി ക്ലിനിക് ഉൾപ്പെടെയുള്ള പുതിയ സംരംഭങ്ങൾ ഉടനെ ആരംഭിക്കുമെന്ന് മുഖ്യചുമതലക്കാരായ ബാങ്ക് പ്രസിഡന്റ് ജി മുരളിയും ഭരണസമിതിയംഗം അഡ്വ. എം സന്തോഷ്‌കുമാറും പറഞ്ഞു. 
പഞ്ചായത്ത് വികസനകാര്യ ചെയർമാൻ വി പ്രസന്നൻ ബാങ്ക് സെക്രട്ടറി പി ഗീതയ‌്ക്ക‌് ഗാർമെന്റ‌്സ‌് വിപണനം ഉദ്ഘാടനംചെയ‌്തു. അഡ്വ. എം സന്തോഷ‌്കുമാർ, പ്രസന്ന മുരളി, വിജയ, അനിലാബോസ്, ഗീതാ കാർത്തികേയൻ എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top