25 March Monday

മാനവിക ഐക്യ സന്ദേശവാരാചരണം: ലോഗോ പ്രകാശനം ചെയ‌്തു

വെബ് ഡെസ്‌ക്‌Updated: Saturday Aug 11, 2018
കണ്ണൂർ
ദുരഭിമാന﹣ ആൾക്കൂട്ട കൊലകൾ സമൂഹത്തിൽ വർധിച്ചു വരുന്ന കാലത്ത‌് നവോത്ഥാന മൂല്യങ്ങൾ സമൂഹ നന്മയ‌്ക്കായി പുനരവതരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ  27 മുതൽ മാനവിക ഐക്യസന്ദേശവാരം ആചരിക്കുമെന്ന‌് പരിപാടിയുടെ ജില്ലാതല സംഘാടകസമിതി ചെയർമാൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും ജനറൽ കൺവീനർ പി ഹരീന്ദ്രനും വാർത്താസമ്മേളനത്തിൽ പറഞ്ഞു. മതതീവ്രവാദം പല തരത്തിൽ  സമൂഹത്തിൽ വേരുറപ്പിക്കുകയാണ‌്. ഇതിനെതിരെ നവോത്ഥാന നായകരുടെ ആശയങ്ങളും പണ്ടുകാലത്ത‌് അനാചാരങ്ങൾക്കെതിരെ പോരടിച്ചവരുടെ സ‌്മരണകളും വീണ്ടും എത്തിക്കേണ്ടതിന്റെ സമയം അതിക്രമിച്ചു. മതരാഷ്ട്രവാദത്തിന്റെ വർഗീയവും ഭീകരവുമായ മുഖങ്ങൾ ആളിക്കത്തുകയാണ‌്. പിന്തിരിപ്പൻ പ്രതിലോമ ചിന്തകൾ അഭിമാനബോധമായി മാറുകയാണ‌്.  നവോത്ഥാന പ്രസ്ഥാനങ്ങളും തുടർച്ചയായി വന്ന ദേശീയ പ്രസ്ഥാനവും അതോടൊപ്പം കമ്യൂണിസ‌്റ്റ‌് കർഷക പ്രസ്ഥാനവുമെല്ലാം ഇതിനെതിരെ പോരാടി വിജയം വരിച്ചു നേടിയ സാമൂഹ്യ അന്തരീക്ഷം തകർക്കാനുള്ള ശ്രമമാണ‌് ഫാസിസ‌്റ്റ‌് ശക്തികൾ നടത്തുന്നത‌്. ഈയൊരു ഘട്ടത്തിലാണ‌്  ‘മഹാന്മാരെ സ്മരിക്കുക, മനുഷ്യത്വത്തിനായി ഒന്നിക്കുക” എന്ന മുദ്രാവാക്യമുയർത്തി 27 മുതൽ സെപ്തംബർ രണ്ടുവരെ മാനവിക ഐക്യ സന്ദേശവാരം ആചരിക്കുന്നതെന്ന‌്  മന്ത്രി  പറഞ്ഞു. 
ബഹുജന സംഘടനകൾ, അധ്യാപക സർവീസ‌് സംഘടനകൾ, സാംസ‌്കാരിക സംഘടനകൾ, സ്ഥാപനങ്ങൾ, ഗ്രന്ഥശാലാസംഘം എന്നിവയെല്ലാം കൂട്ടായി ചേർന്ന‌് ജില്ലാതലത്തിൽ സംഘാടകസമിതി രൂപീകരിച്ചാണ‌് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത‌്.  ശ്രീനാരായണ ഗുരു, അയ്യങ്കാളി, ചട്ടമ്പിസ്വാമി എന്നിവരുടെ ജന്മദിനങ്ങളിൽ ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിൽ സെമിനാർ സംഘടിപ്പിക്കും.  27ന‌് തലശേരിയിലും 28ന‌് പയ്യന്നൂരിലും 29ന‌് കണ്ണൂരിലും സെപ‌്തംബർ ഒന്നിന‌് മട്ടന്നൂരിലും നടക്കുന്ന സെമിനാറുകളിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം  എം വി ഗോവിന്ദൻ, ആലങ്കോട‌് ലീലാകൃ‌ഷ‌്ണൻ, ഡോ. പി ജെ വിൻസെന്റ‌്, ശിവഗിരിയിലെ സ്വാമി ശുഭകാനന്ദ, പ്രൊഫ. ടി സിദ്ദിഖ‌്, മുള്ളൂർക്കര മുഹമ്മദലി സഖാഫി എന്നിവർ പങ്കെടുക്കും.  പ്രാദേശിക സെമിനാറുകൾക്കും പ്രഭാഷണങ്ങൾക്കും പുറമെ ജാതിമത രാഷ്ട്രീയ വ്യത്യാസമില്ലാതെ മുഴുവൻ ആളുകളെയും പങ്കെടുപ്പിച്ച‌്  ആയിരത്തഞ്ഞൂറിലേറെ കേന്ദ്രങ്ങളിൽ കലാ﹣കായിക സാഹിത്യമത്സരങ്ങളും സംഘടിപ്പിക്കും. 
 സെപ്തംബർ രണ്ടിന‌് വാരാചരണത്തിന്റെ സമാപനം കുറിച്ച്  ജില്ലയിലെ 238 കേന്ദ്രങ്ങളിൽ വർണശബളമായ സാംസ്കാരിക ഘോഷയാത്ര സംഘടിപ്പിക്കും.  മാനവിക ഐക്യ സന്ദേശവാരത്തിന്റെ ലോഗോ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി  കണ്ണൂർ താലൂക്ക‌് ലൈബ്രറി കൗൺസിൽ സെക്രട്ടറി എം ബാലന‌് നൽകി പ്രകാശനം ചെയ‌്തു. വാർത്താസമ്മേളനത്തിൽ ഡിവൈ‌എഫ‌്ഐ ജില്ലാ പ്രസിഡന്റ‌് എം ഷാജർ, എ പങ്കജാക്ഷൻ എന്നിവരും പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top