19 June Saturday

ഡിസിസി പ്രസിഡന്റിനായി വടംവലി

സ്വന്തംലേഖകൻUpdated: Friday Jun 11, 2021
ആലപ്പുഴ
ഡിസിസി പ്രസിഡന്റ്‌ സ്ഥാനത്തിനായി മുതിർന്ന കോൺഗ്രസ്‌ നേതാക്കളടക്കം ചരടുവലിയും വിലപേശലും ശക്തമാക്കി. ഗ്രൂപ്പ് അനുവദിക്കില്ലെന്ന്‌ പറയുന്നുണ്ടെങ്കിലും ഗ്രൂപ്പ്‌ അടിസ്ഥാനത്തിലുള്ള വടംവലിക്ക്‌ കുറവില്ല. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത്‌ എം ലിജു പ്രസിഡന്റ്‌ സ്ഥാനം രാജിവച്ചിരുന്നു. 
ലിജുവിനെ മാറ്റണമെന്ന ഒന്നരക്കൊല്ലമായുള്ള ആവശ്യത്തിനിടെയായിരുന്നു സ്ഥാനമൊഴിഞ്ഞത്‌. കോൺഗ്രസിലെ അഴിച്ചുപണിയുടെ ഭാഗമായി ഡിസിസി പ്രസിഡന്റുമാരെ മാറ്റാൻ തീരുമാനിച്ചതോടെയാണ്‌ സ്ഥാനമോഹികൾ വീണ്ടും സജീവമായത്‌.  
ഒമ്പതുവർഷം ഡിസിസി പ്രസിഡന്റായും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ആക്‌ടിങ്‌ പ്രസിഡന്റായും പ്രവർത്തിച്ച എ എ ഷുക്കൂറാണ്‌ ഇവരിൽ പ്രമുഖൻ. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനും താൽപ്പര്യം ഷുക്കൂറിനോടാണ്‌. ഇതല്ലെങ്കിൽ ഡിസിസി സെക്രട്ടറിയായിരുന്ന എം ജെ ജോബ്, മേഘനാഥൻ എന്നിവരിൽ ഒരാൾ വരണമെന്ന അഭിപ്രായമാണ്‌ വേണുഗോപാൽ നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്‌.  
   ഐ ഗ്രൂപ്പിൽ തന്നെ വിവിധ ഗ്രൂപ്പുകൾ ഉള്ളത്‌ ഏകാഭിപ്രായത്തിന്‌ തടസമാണ്‌. ഐക്കാരൻ ആണെങ്കിലും ലിജുവും വേണുഗോപാലിന്റെ നോമിനിയായിരുന്നു. 
രമേശ് ചെന്നിത്തല അന്ന് നിർദ്ദേശിച്ചത് കോശി എം കോശിയുടെ പേരായിരുന്നു. വേണുഗോപാലും വി എം സുധീരനും കോശി എം കോശിയെ ഒതുക്കി. തന്റെ വരുതിയിൽ നിൽക്കുന്ന ആളായതിനാലായിരുന്നു ലിജുവിനായി വേണുഗോപാൽ ചരട് വലിച്ചത്‌.
  ദീർഘകാലം ഡിസിസി സെക്രട്ടറിയും വൈസ് പ്രസിഡന്റായും പ്രവർത്തിച്ച  ഡി സുഗതൻ തന്നെ പരിഗണിക്കണമെന്ന്‌ ആവശ്യപ്പെട്ടിട്ടുണ്ട്. 
കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനെ കണ്ട്  ഈ ആവശ്യം ഉന്നയിച്ചുവെന്നാണ്‌ സൂചന. മാവേലിക്കര നഗരസഭാ മുൻ ചെയർമാൻ കെ ആർ മുരളീധരൻ, കായംകുളത്തുകാരനായ ഇ സെമീർ എന്നിവരും പ്രസിഡന്റ്‌ സ്ഥാനത്തിനായി കരുക്കൾ നീക്കുന്നുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top