14 June Monday
സ്വകാര്യ ബസ്‌ മേഖല കട്ടപ്പുറത്ത്‌

നിശ്ചലം ജീവിതചക്രം

ഇ ബാലകൃഷ്ണൻUpdated: Friday Jun 11, 2021
 
മേലാറ്റൂർ
കഴിഞ്ഞ വർഷത്തെ ലോക്ഡൗൺ കാലം മുതൽ അവതാളത്തിലാണ് സ്വകാര്യ ബസ് ഉടമകളുടെയും ജീവനക്കാരുടെയും ജീവിതം. ആദ്യഘട്ട ലോക്‌ഡൗണിനുശേഷം മൂന്ന് നാല് മാസം മുമ്പാണ് കുറച്ചെങ്കിലും ബസുകൾ നിരത്തിലിറങ്ങിത്തുടങ്ങിയത്. സ്ഥിതി മെച്ചപ്പെട്ടുവരുന്നുവെന്ന് തോന്നിത്തുടങ്ങിയപ്പോഴാണ്‌ രണ്ടാംഘട്ട ലോക്‌ഡൗൺ. നിരത്തിലിറങ്ങിയ ബസുകൾ വീണ്ടും കട്ടപ്പുറത്ത് കയറി. ഇതോടെ ഇനിയെന്ന് ബസുകൾ ഇറക്കാനാവുമെന്ന് ഒരു ഉറപ്പുമില്ല. നല്ലസമയത്തുപോലും കിട്ടുന്ന വരുമാനം ഒന്നിനും തികഞ്ഞിരുന്നില്ല. ഇപ്പോൾ ഒരു വർഷത്തിലേറെയായി ഒരു വരുമാനവും ഇല്ലാതായതോടെ പലരുടെയും വായ്പാ തിരിച്ചടവ് മുടങ്ങിയിരിക്കുകയാണ്‌.  ജീവനക്കാരിൽ പലരും മറ്റു ജോലികൾ ചെയ്‌ത്‌ നിത്യവൃത്തി കണ്ടെത്തുന്നുണ്ട്‌. ബസ് ഉടമകൾക്ക് അതിനും കഴിയുന്നില്ല.
ജില്ലയിൽ 1600 ബസുകളാണ്  സ്വകാര്യ മേഖലയിൽ ഓടിയിരുന്നത്‌. ഇതിൽ 800ഓളം ഉടമകളുണ്ട്‌. ആറായിരത്തിലേറെ ജീവനക്കാരും. വർക്ക്‌ഷോപ്പ്, സാമഗ്രികൾ വിൽക്കുന്ന കടകൾ തുടങ്ങി അനുബന്ധ ജോലി ചെയ്യുന്നവർ വേറെയും നിരവധിയുണ്ട്‌.  ഇവരെയെല്ലാമാണ്‌ രണ്ടാം കോവിഡ്‌ വ്യാപനം പൂർണമായി തച്ചുടച്ചിരിക്കുന്നത്‌. 
ഇനി ബസുകൾ വീണ്ടും ഓടിത്തുടങ്ങണമെങ്കിൽ കടമ്പകൾ ഏറെയുണ്ട്‌. കുറേകാലം നിർത്തിയിട്ടതിനാൽ ബാറ്ററി, ടയർ എന്നിവ മാറ്റേണ്ടിവരും. മറ്റ് അറ്റകുറ്റപ്പണി വേറെയും നടത്തണം. ഇതിനുപുറമെയാണ്‌ ഇരുട്ടടിയായി ഇന്ധനവില ഓരോ ദിവസവും കൂടുന്നത്‌. ഈ പ്രയാസങ്ങളെല്ലാമുള്ളതിനാൽ ഇത്തവണയും തങ്ങളെ സഹായിക്കാൻ സർക്കാർ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണെന്ന്‌ പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ഹംസ ഏരിക്കുന്നൻ പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top