17 October Thursday
മേയർ ഉദ്‌ഘാടനം ചെയ്തു

മാലിന്യം വലിച്ചെറിയരുത്‌ ‘കളക്ഷൻ ഹബ്ബ്‌ ’ റെഡി

സ്വന്തം ലേഖകൻUpdated: Tuesday Jun 11, 2019

തിരുവനന്തപുരം നഗരസഭയുടെ അജൈവ മാലിന്യങ്ങൾ തരംതിരിച്ച് നിക്ഷേപിക്കാനുള്ള കളക്ഷൻ ഹബ്ബ്‌ മേയർ വി കെ പ്രശാന്ത്‌ ഉദ്‌ഘാടനം ചെയ്യുന്നു

തിരുവനന്തപുരം
അജെെവ മാലിന്യങ്ങൾ തരംതിരിച്ച് നിക്ഷേപിക്കാനുള്ള നഗരസഭയിലെ ആദ്യത്തെ കളക‌്ഷൻ ഹബ്ബ‌ിന്റെ  ഉദ്ഘാടനം ശാസ്തമംഗലം ആരോ​ഗ്യ ഇൻസ്പെക്ടർ  ഓഫീസിനുമുമ്പിൽ മേയർ വി കെ പ്രശാന്ത് നിർവഹിച്ചു. ജനങ്ങൾക്ക് ഖരമാലിന്യങ്ങൾ തരംതിരിച്ച് ശാസ്ത്രീയമായി നിക്ഷേപിക്കാൻ സജ്ജീകരണം ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഹബ‌് . വിവിധ അറകളുള്ള വലിയ പെട്ടിയാണ് മാലിന്യ ശേഖരണത്തിനായി വയ‌്ക്കുന്നത്. ഇതിൽ തരംതിരിച്ച് കൊണ്ടുവരുന്ന മാലിന്യങ്ങൾ അതത് വസ്തുക്കൾക്കായി അടയാളപ്പെടുത്തിയ അറകളിൽ നിക്ഷേപിക്കാം. ഹബ്ബിൽ ഗ്ലാസുകൾ, പേപ്പർ, ചെരുപ്പ്, ബാഗ്, പ്ലാസ്റ്റിക്, കണ്ണാടിച്ചില്ലുകൾ, തുണിത്തരങ്ങൾ, മെറ്റൽ, ക്യാനുകൾ എന്നിവ വേർതിരിച്ച് നിക്ഷേപിക്കുന്നതിനുള്ള സൗകര്യമുണ്ട്.
 
മാലിന്യസംസ്കരണത്തെക്കുറിച്ച് പഠിപ്പിക്കാനായി ന​ഗരസഭയിലെ ജീവനക്കാരന്റെ സഹായം കേന്ദ്രത്തിൽ ലഭിക്കും. മാലിന്യം നിക്ഷേപിക്കാൻ കൃത്യമായി ഇടം ഒരുക്കുന്നതിനൊപ്പം ശരിയായ മാലിന്യ സംസ്കരണ രീതിയെപ്പറ്റി ജനങ്ങൾക്ക് ബോധവൽക്കരണം. പൊതുസ്ഥലങ്ങളിലുള്ള അജൈവമാലിന്യ  നിക്ഷേപം പൂർണമായി തടയാനും ഇതിലൂടെ കഴിയുമെന്നാണ് ന​ഗരസഭ പ്രതീക്ഷിക്കുന്നത്.  നിലവിൽ പ്രവർത്തിക്കുന്ന മാലിന്യശേഖര കേന്ദ്രങ്ങൾ ന​ഗരസഭയുടെ മാലിന്യശേഖരണ കലണ്ടർ പ്രകാരമാണ് പ്രവർത്തിക്കുന്നത്. അതേസമയം ഹബ‌് എല്ലാ ദിവസവും  24 മണിക്കൂറും പ്രവർത്തിക്കും.
 
ജനങ്ങൾക്ക് ഹബ്ബിനോട് ചേർന്ന് ഒരുക്കിയ സെൽഫി പോയിന്റിൽനിന്ന് സെൽഫിയെടുത്ത് സ്മാർട്ട് ട്രിവാൻഡ്രം മൊബൈൽ ആപ്പിലേക്ക് അപ്ലോഡ് ചെയ്യുന്നവർക്ക് നഗരസഭ സമ്മാനങ്ങൾ നൽകും. കളക‌്ഷൻ ഹബ്ബിൽ മാലിന്യസംസ്കരണത്തെ സംബന്ധിച്ച ലളിതമായ ചോദ്യങ്ങൾ ഉൾപ്പെടുത്തിയ ചോദ്യാവലിയും സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. ഈ ചോദ്യങ്ങൾക്ക് ശരിയുത്തരം നൽകുന്നവർക്കും സമ്മാനങ്ങൾ ലഭിക്കും. 
ഡെപ്യൂട്ടി മേയർ  രാഖി രവികുമാർ, ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ശ്രീകുമാർ, കൗൺസിലർമാരായ എസ‌്‌ ഹരിശങ്കർ, കോമളകുമാരി, ബിന്ദു ശ്രീകുമാർ എന്നിവർ സംസാരിച്ചു.
 
 
 
 
പ്രധാന വാർത്തകൾ
 Top