19 October Saturday
കൺട്രോൾ റൂം തുറന്നു

പകർച്ചവ്യാധി പ്രതിരോധത്തിന‌് ജില്ല തയ്യാർ

സ്വന്തംലേഖകൻUpdated: Tuesday Jun 11, 2019
 
ആലപ്പുഴ
പ്രളയാനന്തര പകർച്ചവ്യാധി ഭീഷണിയെ തോൽപ്പിച്ച ആരോഗ്യവകുപ്പ‌് മഴക്കാല രോഗങ്ങളെ ചെറുക്കാൻ ഒരുങ്ങി. പ്രളയബാധിത പ്രദേശങ്ങളിൽ ത്വക‌്‌രോഗങ്ങൾമുതൽ പകർച്ചവ്യാധികൾവരെ പടർന്നുപിടിക്കാൻ സാധ്യത ഏറെയാണ‌്. എന്നാൽ സർക്കാരിന്റെ നേത‌ൃത്വത്തിൽ ആരോഗ്യവകുപ്പ‌് നടത്തിയ പ്രതിരോധപ്രവർത്തനങ്ങളും ജനകീയ ശുചീകരണവും വൻദുരന്തം ഒഴിവാക്കാൻ സഹായിച്ചു. 
 സമാനമായ രീതിയിലുള്ള ശുചീകരണ, പ്രതിരോധ പ്രവർത്തനങ്ങളാണ‌് ഈ മഴക്കാലത്തും നടക്കുന്നത‌്. സിപിഐ എം, ഡിവൈഎഫ‌്ഐ, എൻജിഒ യൂണിയൻ തുടങ്ങിയവരുടെ നേത‌ൃത്വത്തിൽ ഫലപ്രദമായി മഴക്കാലപൂർവ ശുചീകരണം നടത്തി. പഞ്ചായത്ത‌് പ്രസിഡന്റുമാരുടെയും ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്മാരുടെയും യോഗം ആരോഗ്യവകുപ്പ‌് വിളിച്ചുചേർത്ത‌് രൂപരേഖ തയ്യാറാക്കി പ്രവർത്തനങ്ങൾ നടത്തി.  ആരോഗ്യപ്രവർത്തകരുടെ നേത‌ൃത്വത്തിൽ കുടിവെള്ള സ്രോതസ്സുകളിൽ ക്ലോറിനേഷൻ നടത്തി. ഇതിന‌് പുറമെ ഡോക‌്ടർമാർക്കും മറ്റ‌് ജീവനക്കാർക്കും വിദഗ‌്ധപരിശീലനംനൽകി. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ദ്രുതപ്രതികരണ ടീമിന്റെ യോഗം  ഉടൻചേരും.  ആശുപത്രികളിൽ ആവശ്യമായ മരുന്നുകൾ, മറ്റ‌് സൗകര്യങ്ങൾ എന്നിവ ഒരുക്കി. 
ഈഡിസേ വിട..
മഴക്കാലത്ത‌് കൊതുകുജന്യ രോഗങ്ങർ പടരാൻ സാധ്യതയുള്ളതിനാൽ ‘ഈഡിസേ വിട’ എന്ന പേരിൽ ഉറവിട നശീകരണ പ്രവർത്തനം ആരംഭിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. അനിതകുമാരി അറിയിച്ചു. ഇതിന്റെ ഭാഗമായി സ‌്കൂളുകളിൽ വെള്ളിയാഴ‌്ചയും ഓഫീസുകളിൽ ശനിയാഴ‌്ചയും വീടുകൾ കേന്ദ്രീകരിച്ച‌്  ഞായറാഴ‌്ചയും ഡ്രൈഡേ ആചരിക്കുമെന്ന‌് അനിതകുമാരി അറിയിച്ചു.
ഡെങ്കി റിപ്പോർട്ട‌് ചെയ‌്താൽ ഫോഗിങ‌്, സ‌്പ്രേയിങ‌് എന്നിവയ‌്ക്കാവശ്യമായ കെമിക്കലുകൾ സ‌്റ്റോക്കുണ്ട‌്. പനിബാധിതർക്ക‌് നൽകാനുള്ള കൊതുകുവല, കൊതുകിനെ ചെറുക്കാനുള്ള ക്രീമുകൾ എന്നിവ ‌എല്ലാ ആശുപത്രികൾക്കും ആരോഗ്യകേന്ദ്രങ്ങൾക്കും നൽകി. വലിയ ആശുപത്രികളിലെ പനി വാർഡുകൾ കൊതുക‌് കടക്കാത്തവിധം സജ്ജീകരിച്ചു. മലേറിയ കണ്ടെത്താനുള്ള സ്ലൈലഡ‌്, ലാൻസൈറ്റ‌് എന്നിവ എല്ലാ ആരോഗ്യസ്ഥാപനങ്ങൾക്ക‌ും നൽകി.  വീട്ടിൽപ്പോയി വരുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെയും മറ്റ‌് സംസ്ഥാനങ്ങൾ സന്ദർശിച്ച‌് തിരിച്ചുവരുന്ന തദ്ദേശീയരുടെയും  രക്തസാമ്പിളുകൾ പരിശോധിക്കുന്നതിനുള്ള സജ്ജീകരണമായി. തൊഴിലുറപ്പ‌് തൊഴിലാളികൾക്ക‌് എലിപ്പനി പ്രതിരോധ മരുന്നുവിതരണം പൂർത്തിയായി‌. 
 

കൺട്രോൾ റൂം തുറന്നു

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി തിങ്കളാഴ്‌ചമുതൽ ജില്ലാ മെഡിക്കൽ ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. ഫോൺ നമ്പർ: 0477–-2251650.
 

 ശ്രദ്ധിക്കൂ...

തിളപ്പിച്ചാറ്റിയ വെള്ളംമാത്രം കുടിക്കുക, ജലസ്രോതസ്സുകൾ ശുചീകരിക്കുക, ആഹാര സാധനങ്ങൾ അടച്ചുസൂക്ഷിക്കുക, പഴങ്ങളും പച്ചക്കറികളും ശുദ്ധജലത്തിൽ കഴുകിയ ശേഷം ഉപയോഗിക്കുക, വൃത്തിയില്ലാത്ത സാഹചര്യത്തിൽ പാകംചെയ്യുന്ന ഭക്ഷണം കഴിക്കരുത‌്, മലമൂത്ര വിസർജനം കക്കൂസുകളിൽമാത്രം നടത്തുക, കൈകൾ വൃത്തിയായി കഴുകുക, ചുമയ‌്ക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും തൂവാലകൊണ്ട‌്  മറയ‌്ക്കുക, ജൈവ–-അജൈവ മാലിന്യങ്ങൾ ഉറവിടത്തിൽത്തന്നെ സംസ‌്കരിക്കുക, ആഴ്‌ചയിലൊരിക്കൽ ഡ്രൈ ഡേ ആചരിക്കുക, വെള്ളം സൂക്ഷിക്കുന്ന പാത്രങ്ങളും ടാങ്കുകളും കൊതുക‌് കടക്കാത്ത വിധം മൂടുക, കക്കൂസിന്റെ വെന്റ‌് പൈപ്പുകൾ കൊതുകുവലകൊണ്ട‌് മൂടുക, കിണറുകളിലും ടാങ്കുകളിലും മാനത്തുകണ്ണി, ഗപ്പി, ഗാമ്പൂസിയ എന്നിവയെ നിക്ഷേപിക്കുക, കെട്ടിനിൽക്കുന്ന ജലത്തിൽ ജോലിചെയ്യുന്നവർ എലിപ്പനിക്കെതിരെ മുൻകരുതൽ സ്വീകരിക്കുക, മുറിവുകൾ ജലവുമായി സമ്പർക്കംവരാതെ സൂക്ഷിക്കുക, പക്ഷികളും വവ്വാലുകളും കടിച്ച പഴങ്ങൾ കഴിക്കാതിരിക്കുക, വവ്വാലുകളുടെ കാഷ‌്ഠവുംം മൂത്രവും ശരീരവുമായി സമ്പർക്കം വരാതെ സൂക്ഷിക്കുക, പനി വന്നാൽ സ്വയം ചികിത്സിക്കരുത‌്, പനിയുള്ളവർ കഴിവതും വീടുകളിൽ വിശ്രമിക്കണം. പൊതുപരിപാടികളിൽനിന്ന‌് മാറി നിൽക്കണം. വിശദവിവരങ്ങൾക്കും സംശയനിവാരണത്തിനുമായി ദിശയുമായി (ഫോൺ: 1056) ബന്ധപ്പെടാം. 
പ്രധാന വാർത്തകൾ
 Top