22 October Tuesday

ജില്ലയിൽ മഴ കനത്തു, നാശവും

സ്വന്തംലേഖകൻUpdated: Tuesday Jun 11, 2019
 
ആലപ്പുഴ
ജില്ലയിൽ ശക്തമായ മഴയ‌്ക്കും കാറ്റിനുമൊപ്പം കടലാക്രമണവും രൂക്ഷം. കഴിഞ്ഞദിവസത്തേക്കാൾ കനത്ത മഴയാണ‌് തിങ്കളാഴ‌്ച പെയ‌്തത‌്. ചേർത്തലയിലാണ‌് ഏറ്റവും കൂടുതൽ മഴ കിട്ടിയത‌്. 
അപകടസാധ്യത മുന്നിൽക്കണ്ട‌് ജില്ലാ ഭരണകൂടം വിപുലമായ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട‌്. റവന്യൂവകുപ്പിന‌് പുറമെ പൊലീസ‌്, ഫയർ, വൈദ്യുതി, ജലഗതാഗതം, വിനോദസഞ്ചാരം, ആരോഗ്യം തുടങ്ങിയ വകുപ്പുകളും ജാഗ്രതയിലാണ‌്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയിലെ ഉദ്യോഗസ്ഥർ ക്യാമ്പ‌്ചെയ‌്ത‌് സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണ‌്. 
തിങ്കളാഴ‌്ച രാവിലെമുതൽ കനത്തമഴ ലഭിച്ചു. അകമ്പടിയായി കാറ്റും വീശിയതോടെ മരംവീണ‌് വിവിധ ഭാഗങ്ങളിൽ വീട‌് തകർന്നതുൾപ്പെടെ നാശമുണ്ടായി. നാല‌് വീടുകൾ പൂർണമായി തകർന്നു. ഭാഗീകമായി 32 വീടുകളും. മരം വീണ‌് തകരാറിലായ വൈദ്യുതി ലൈനുകൾ ഭൂരിഭാഗവും പുനസ്ഥാപിച്ചു. അമ്പലപ്പുഴ താലൂക്കിലാണ‌് പൂർണമായി തകർന്ന നാല‌് വീടുകളും. വീടുകളുടെ നഷ‌്ടം കണക്കാക്കാൻ ബന്ധപ്പെട്ട പഞ്ചായത്തുകളോട‌് കലക‌്ടർ ആവശ്യപ്പെട്ടു. അമ്പലപ്പുഴ, ഒറ്റമശേരി ഭാഗങ്ങളിലാണ‌് കടലാക്രമണം രൂക്ഷമായത‌്. 
ഈ സ്ഥിതി തുടരുകയാണെങ്കിൽ തീരപ്രദേശത്ത‌് താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട‌്. കാറ്റും തിരയും ശക്തമായതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നത‌് വിലക്കി. മണിക്കൂറിൽ 35 മുതൽ 65 കിലോമീറ്റർ വേഗതയിൽവരെ കാറ്റുവീശാമെന്നാണ‌് കാലാവസ്ഥാവകുപ്പ‌് മുന്നറിയിപ്പ‌് നൽകുന്നത‌്. 3.5 മീറ്റർമുതൽ 4.4 മീറ്റർവരെ തിര ഉയരാമെന്നാണ‌് മുന്നറിയിപ്പ‌്. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top