18 June Tuesday

കൊന്നത്തടിയിൽ പ്രളയാനന്തര ദുരിതാശ്വാസ ഫണ്ട് വിതരണത്തിൽ ക്രമക്കേട‌്

വെബ് ഡെസ്‌ക്‌Updated: Tuesday Jun 11, 2019

 

രാജാക്കാട‌് 
കൊന്നത്തടി പഞ്ചായത്തിൽ പ്രളയാനന്തര ദുരിതാശ്വാസ ഫണ്ട് വിതരണത്തിൽ ക്രമക്കേടുള്ളതായി പരാതി. ദുരിതബാധിതരെ പുനരധിവസിപ്പിക്കാൻ സ്ഥലം വാങ്ങിയതിൽ യുഡിഎഫ‌് ഭരണസമിതി അഴിമതി നടത്തിയതായും ആക്ഷേപമുണ്ട‌്. 
കൊന്നത്തടി പഞ്ചായത്ത് ഭരണസമിതിയും ജിയോ ടാഗ് ചെയ്ത ഉദ്യോഗസ്ഥരും ചേർന്നാണ് അനധികൃത ലിസ്റ്റ് തയ്യാറാക്കി അഴിമതിക്ക് കളമൊരുക്കിയത്. സംഭവത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യം ശക്തമായി. പ്രളയത്തിൽ കൊന്നത്തടി പഞ്ചായത്തിൽ മാത്രം എട്ട‌്  ജീവനുകളാണ‌് പൊലിഞ്ഞത‌്. അതിൽ മൂന്ന‌് പേരെ ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വീടുകളും സ്വത്തുവകകളും നഷ്ടപ്പെട്ടവർക്ക് സംസ്ഥാന സർക്കാർ സമയബന്ധിതമായി നഷ്ടപരിഹാര തുക നൽകുന്നതിനിടയിൽ അനർഹരായ നിരവധി ആളുകൾ ഗുണഭോക്തൃ ലിസ്റ്റിൽ കടന്നുകൂടി. 
ഇവർ ആനുകൂല്യം തട്ടിയെടുക്കുന്ന സ്ഥിതിയുമുണ്ടായി. കൊന്നത്തടി പഞ്ചായത്തിലെ പൊന്മുടി വാർഡിലാണ് മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ നാശം സംഭവിച്ചത്. വാർഡിലേക്ക് സർക്കാർ അനുവദിച്ച ഫണ്ടും സന്നദ്ധ സംഘടനകൾ സമാഹരിച്ച തുകയും പഞ്ചായത്തംഗത്തിന്റെ കൈയിലാണ് എത്തിച്ചേർന്നത്. വിവിധ മേഖലകളിൽനിന്നും ലഭിച്ച സഹായങ്ങളിലും പഞ്ചായത്തംഗം തിരിമറി നടത്തിയതായും ആക്ഷേപമുണ്ട്. പ്രളയബാധിതർക്കായി എത്തിച്ച പലവ്യഞ്ജനങ്ങളും അരിയും വസ്ത്രങ്ങളും മറ്റു സാധനങ്ങളും പഞ്ചായ്ത്തംഗവും കൂട്ടരും രാത്രി സ്വന്തം വീടുകളിൽ എത്തിച്ചതിന്‌ തെളിവുണ്ട്.
ഒന്നാം വാർഡിൽ വീടും സ്ഥലവും നഷ്ടപ്പെട്ട അഞ്ച‌് കുടുംബങ്ങൾക്ക് വീട് വയ‌്ക്കാൻ കണ്ടെത്തിയ സ്ഥലം ഒന്നിനും കൊള്ളില്ലെന്നാണ‌് ഗുണഭോക്താക്കൾ പറയുന്നത‌്. ഭരണസമിതിയും പഞ്ചായത്തംഗവും ചേർന്ന് കണ്ടെത്തിയത് വെള്ളവും വൈദ്യുതിയും ഇല്ലാത്ത സെന്റിന‌് 15,000 രൂപ പോലും വിലയില്ലാത്ത ഭൂമിയാണ്‌. പൊന്മുടി അണക്കെട്ടിൽനിന്നും പന്നിയാർ പവർഹൗസിലേക്ക് ടണൽ പോകുന്ന ചാലിന്റെ ഉപരിതലത്തിലായതിനാൽ ഒരു കുഴൽകിണർപോലും നിർമിക്കാനാവില്ല.  
ഈ സ്ഥലം 39,000 രൂപ നൽകി വാങ്ങിയതിൽ ലക്ഷങ്ങളുടെ അഴിമതിയുണ്ട‌്. പ്രളയ പുനരധിവാസത്തിന്റെ മറവിൽ കൊന്നത്തടിയിൽ നടക്കുന്ന അഴിമതിയിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സിപിഐ എം ലോക്കൽ കമ്മിറ്റി സെക്രട്ടറി സി കെ തോമസ് അറിയിച്ചു.
 
 

പ്രധാന വാർത്തകൾ
 Top