25 June Friday

പൊള്ളുന്ന ഓർമകളുമായി രാഹുൽ ചൂരൽ

വെബ് ഡെസ്‌ക്‌Updated: Tuesday May 11, 2021

രാഹുൽ ചൂരൽ

കോഴിക്കോട്‌

‘എന്നെ രക്ഷിച്ചത് കേരളമാണ്. ഇവിടുത്തെ സർക്കാർ മെഡിക്കൽ കോളേജിലെ പരിചരണമാണ്. നാട്ടിലേക്ക് വരുന്നത്  വൈകിയിരുന്നെങ്കിൽ ജീവൻപോലും നഷ്ടപ്പെടുമായിരുന്നു.’ ഡൽഹിയിൽ എളമരം കരീം എംപിയുടെ സെക്രട്ടറി പയ്യന്നൂർ സ്വദേശി രാഹുൽ ചൂരലിന്റെ വാക്കുകളാണിത്‌.  ഡൽഹി ആർഎംഎൽ ആശുപത്രിയിൽ  നിന്ന്‌ എയർ ആംബുലൻസിൽ കേരളമണ്ണിലെത്തിയപ്പോൾ രാഹുലിന്‌ കിട്ടിയത്‌ രണ്ടാം ജന്മം.  പാതിയിൽ നിലച്ചുപോകുമായിരുന്ന  ജീവശ്വാസം  വീണ്ടും മിടിക്കുമ്പോൾ  ഈ നാടിനും ആരോഗ്യസംവിധാനത്തിനും  ഫേസ്‌ ബുക്കിലെ കുറിപ്പിൽ നന്ദിപറയുകയാണ്‌  രാഹുൽ.
     കോവിഡ്‌ ബാധിച്ച്‌ ഗുരുതരാവസ്ഥയിലായിരുന്ന രാഹുൽ  കോഴിക്കോട്‌ ഗവ. മെഡിക്കൽ കോളേജിലെയും ബേബി മെമ്മോറിയൽ ആശുപത്രിയിലെയും ചികിത്സക്കുശേഷം   സാധാരണ ജീവിതത്തിലേക്ക്‌ അടുത്തു. ഒരാഴ്‌ചക്കുള്ളിൽ ആശുപത്രി വിടും.  മരണം മുന്നിൽക്കണ്ട ഡൽഹിയിലെ ആശുപത്രി നാളുകളും ജീവനായി നാട്ടിലെ ആശുപത്രിയിൽ അഭയംതേടിയതിന്റെയും ഓർമകളുമാണ്‌ എഫ്‌ബി കുറിപ്പിൽ   പങ്കുവയ്‌ക്കുന്നത്‌. 
 ഏപ്രിൽ 16നാണ്‌ കോവിഡ്‌ ബാധിതനായത്‌. ഡൽഹിയിലെ വീട്ടിൽ കഴിയവെ പതിയെ ഓക്‌സിജൻ കുറയലും തളർച്ചയും വന്നു. അങ്ങനെയാണ്‌ 24ന്‌ ആർഎംഎൽ ആശുപത്രിയിലെത്തുന്നത്‌.  എന്നാൽ ആദ്യദിനംതന്നെ ഇവിടെ കിടന്നാൽ കൂടുതൽ ആയുസ്സുണ്ടാവില്ലെന്ന്‌ വ്യക്തമായിരുന്നു. മുഖ്യമന്ത്രിയും എംപിമാരും ഉൾപ്പെടെ പല നേതാക്കളും ഇടപെട്ടിട്ടും ആരും തിരിഞ്ഞുനോക്കിയില്ല. 
 വേണ്ടത്ര ചികിത്സയോ ശ്രദ്ധയോ കിട്ടാത്തതുകൊണ്ട്   മൂന്നുപേർ കൺമുമ്പിൽവച്ച്‌  മരിച്ചുവീഴുന്നതാണ്‌ കണ്ടതെന്ന്‌ രാഹുൽ പറയുന്നു. ഒരു വലിയ ഹാളിൽ നൂറുകണക്കിന് രോഗികൾ. ഡോക്ടർ, നേഴ്സ്, അറ്റൻഡർ അങ്ങനെ ആരും സ്ഥിരമായി അതിനകത്തുണ്ടാവില്ല.  മൂന്നുനേരം വന്നുപോകുമെന്ന്‌ മാത്രം. രോഗികൾ   ഒരു പുതപ്പുപോലും ഇല്ലാതെ തണുത്തുവിറക്കുന്നു. മൂന്ന്‌ ഇൻജക്‌ഷനും മരുന്നുകളും തന്ന് അവർ പോകും. അതിനിടയിൽ ആർക്ക് എന്ത് പറ്റിയാലും ഒന്നുമറിയില്ല. എണീക്കാൻ വയ്യാതെ സ്വന്തം വിസർജ്യത്തിനുമേൽ രണ്ടുദിവസത്തോളം കിടക്കേണ്ടിവന്നു.. രാഹുൽ വിവരിക്കുന്നു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top