23 January Wednesday

വിജയൻ മാഷ‌് @ 84; ഓർമകൾക്ക‌് നിറയൗവനം

പി പി കരുണാകരൻUpdated: Friday Jan 11, 2019
കാഞ്ഞങ്ങാട‌്
പി സി വിജയൻ മാഷ്. വയസ് 84. ഓർമയ‌്ക്കും കാർഷിക വൃത്തിക്കും പൊതുജീവിതത്തിനും നിത്യയൗവനം:  ചരിത്രത്തിന്റെ  ചാരുദൃശ്യങ്ങളെല്ലാം ചിതലരിക്കാതെ ചിട്ടയിൽ അടുക്കിവച്ചിരിക്കുന്ന ലൈബ്രറിയാണ‌് മാഷ‌്.   വീടും നാടും പകർന്ന കലാപരവും സാമൂഹികവും കാർഷികവുമായ പാരമ്പര്യം ഹൃദയത്തിലേറ്റു വാങ്ങി ഊർജത്തിന്റെ ഉറവ വറ്റാതെ  പിലിക്കോട്ടെ കലാസാംസ‌്കാരിക മേഖലകളിൽ സജീവമാണ‌് മാഷ‌്. 
ഓർമകളുടെ പച്ചപ്പല്ല, വർത്തമാനമാണ‌് വിജയൻമഷിന‌് പാടവും പറമ്പും.  എൺപത്തിനാലിലും നിറയൗവനം. കൃഷിയില്ലാതൊരു  ജീവിതമില്ല.  അധ്യാപകനായിരിക്കുമ്പോൾ പാലിച്ച  കാർഷികശീലങ്ങൾ  വിരമിച്ച ശേഷവും വിട്ടു പിരിഞ്ഞില്ല. വയലിലെ മണ്ണിൽ പാദസ്പർശമില്ലാതെ ഒരു ദിനം സഫലമാകുന്നതെങ്ങനെ എന്ന് ഏതോ ഗൃഹാതുരസ്മൃതികളിൽ മുഴുകി മാഷ് നമ്മളോട് ചോദിക്കുന്നു. കാർഷികമായ ആ ഹരിതസ്മൃതികളിൽ നിന്നാണ് മാഷ് മനസ്സിന്റെ ഭാവഭേദങ്ങളെ വരകളിലും വർണങ്ങളിലും ചാലിച്ച് ചിത്രങ്ങളാക്കുന്നത്.
കൈയക്ഷരത്തിന്റെ ശാലീനത വാർധക്യത്തിലും മാഷിന് സ്വന്തം. കലാകായികമേളകൾ അത് ദേശീയമോ പ്രാദേശികമോ എന്നില്ല കലോത്സവമോ കേരളോത്സവമോ  വ്യത്യാസമില്ല. സർട്ടിഫിക്കറ്റെഴുതാൻ പിലിക്കോട് പഞ്ചായത്തിൽ ഇന്നും  വിജയൻമാഷ് തന്നെ. വയലിലെ പി സി കെ ആർ കലാസമിതി അവതരിപ്പിച്ച പുത്രകാമേഷ്ടിയിലെ കലാകാരന്മാരുടെ മുഖത്ത് ചായം തേച്ചുകൊണ്ട് ആരംഭിച്ച മാഷിന്റെ മെയ്ക്കപ്പ് കാസർകോട്, കണ്ണൂർ ജില്ലകളിലെ  നൃത്ത ‐- ചരിത്ര നാടകങ്ങളിലൂടെ നീണ്ട് സമീപകാലംവരെ തുടർന്നു.
പ്രക്ഷോഭങ്ങളുടെ പേമാരിയിൽ മുങ്ങിപ്പോയ കാക്കടവ്പദ്ധതി എന്ന സ്വപ്നം വിജയൻമാഷിന്റെ ഓർമയിൽ 1956 ൽ  അദ്ദേഹം തയ്യാറാക്കിയ കുറേ സൈൻബോർഡുകളായി ബാക്കിയാവുകയാണ്. പതിറ്റാണ്ടുകളോളം സൈൻബോർഡുകൾക്കായി നാട് തേടിയെത്തിയത് വിജയൻമാഷെ. നാടകങ്ങളിൽ രംഗപടവുമയി ആർട്ടിസ‌്റ്റ‌് സുജാതനു മുന്നേ വന്നതാണ‌് വിജയൻ മാഷ‌്.  അവരൊക്കെ അതിപ്രശസ‌്തരായി. 
1952ൽ ആണ് പഞ്ചായത്ത് ഓഫീസിൽ നാട്ടിലെ ആദ്യ റേഡിയോ 'സ്ഥാപിക്കുന്നത്'. കോഴിക്കോടുനിന്ന് പാടുന്ന പാട്ട് ഇവിടെയിരുന്ന് കേൾക്കുമെന്ന പറഞ്ഞപ്പോൾ  ആരും വിശ്വസിച്ചില്ല. നേരിട്ട് കേട്ടേ അടങ്ങു എന്ന തീരുമാനത്തിൽ നാടാകെ ഒഴുകിയെത്തി. പത്തായത്തോളം വലുപ്പമുള്ള  പെട്ടി. പ്രവർത്തിപ്പിക്കാൻ കാഞ്ഞങ്ങാടുനിന്ന് കാൽനടയായി ലക്ഷ്മണ ഷേണായി വരേണ്ടി വന്നു. അദ്ദേഹത്തിന്റെ മകനാണ് ഇപ്പോൾ  പുതിയ കോട്ടയിലെ അഹുജ നടത്തുന്നത്. 1956 ൽ കണ്ണൂരിൽ നെഹ്റു പങ്കെടുത്ത ഓൾ ഇന്ത്യാ കോൺഗ്രസ് സമ്മേളനത്തിൽ റേഡിയോ പ്രവർത്തിച്ചു കാണിക്കുകയുണ്ടായി.
ചകിരിയിൽ ഉമിയിട്ട് തീ കൈമാറുന്ന ശീലത്തിൽനിന്ന് മാറിയത് തീപ്പെട്ടിയുടെ വരവോടെ. ശ്മശാനത്തിൽ പണ്ട്  ചെയ്തൊതൊരപരാധം ഇന്നും  ശീലമായി കൊണ്ടു നടക്കുന്നു. കുലുക്കിയാൽ കത്തുന്ന തീപ്പെട്ടി  പിന്നീട് ഇന്നത്തെ സേഫ്ടി മേച്ച് ബോക്സായി മാറി. ബ്ലേഡും സോപ്പും അപൂർവ വസ്തു. അവയുടെ ഉപയോഗപ്രദർശനം കാണാൻ വിദൂര നാടുകളിൽനിന്ന‌് കാഞ്ഞങ്ങാട്ട‌്ആളുകൾ എത്തുമായിരുന്നു
1946ൽ ഹിരോഷിമയിൽ ബോംബ് വർഷിച്ചതിന്റെ പിറ്റേ ദിവസമാണ് പിലിക്കോട് തെരു സോമേശ്വരി ക്ഷേത്രത്തിൽ തീ ചാമുണ്ഡി കെട്ടിയാടേണ്ടത്. തീ കൂട്ടിയ തെയ്യം പാടില്ലെന്ന് വെള്ളപ്പട്ടാളത്തിന്റെ തീർപ്പ്. അന്നുമുതൽ ഇന്നും ആചാരത്തിന് മാത്രം തീ കാണിച്ച് തെയ്യം കെട്ടിയാടുന്നു. തീച്ചാമുണ്ഡി തീ ചവിട്ടി ചാമുണ്ഡിയായതോടെ ക്രൂരമായ ഒരാചാരം നാടു നീങ്ങി. വൃക്ഷങ്ങളെ വധശിക്ഷയിൽനിന്ന‌് മോചിപ്പിച്ച 1989 ൽ സർവീസിൽനിന്ന‌് വിരമിച്ചെങ്കിലും അക്ഷരപുണ്യം കൊണ്ട് സൗഹൃദ വൃക്ഷം വളർത്തിയ വിജയൻ മാസ്റ്റർ ഇന്നും വിദ്യാർഥികളുടെ പ്രിയപ്പെട്ട ഗുരുനാഥനാണ്. അധ്യാപകനേക്കാൾ പ്രായം കവിഞ്ഞ പഠിതാക്കളും ക്ലാസിലുണ്ടാകുമെന്ന വ്യത്യാസം മാത്രം. മാഷിന്റെ നേതൃത്വത്തിൽ കാലിക്കടവിൽ പ്രവർത്തിക്കുന്ന തുല്യതാ ക്ലാസ് വിജയത്തിൽ അതുല്യം. സീനിയർ സിറ്റിസൺ കൺവീനർ, കേരള സ്റ്റേറ്റ് പെൻഷനേഴ്സ് യൂണിയൻ, പിലിക്കോട്  പഞ്ചായത്ത് വികസനസമിതി, തൊഴിലുറപ്പ് പദ്ധതി ഓഡിറ്റ് കൺവീനർ.. വിജയൻ മാഷിന്റെ ഉത്തരവാദിത്തങ്ങൾക്ക് ഇന്നും യൗവനം.
1957 ൽ ആരംഭിച്ച പടുവളം സി ആർസി യുടെ സ്ഥാപക അംഗങ്ങളിൽ ജീവിച്ചിരിപ്പുള്ള രണ്ടു പേർ വിജയൻ മാഷും പി ദാമോദരപൊതുവാൾ മാഷും.
പൊള്ളപ്പൊയിൽ എഎൽപി സ്കൂൾ, പിലിക്കോട് യുപി സ്കൂൾ കരിവെള്ളൂർ ഹൈസ്കൂൾ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. അധ്യാപക ജോലി കിട്ടിയ ശേഷം തൃക്കരിപ്പൂരിൽ കണ്ണൂർ കുഞ്ഞികൃഷ്ണൻ മാസ്റ്ററുടെ ശിക്ഷണത്തിൽ ചിത്രരചനയും കർണാടക സുബ്രായൻ വാദ്യാരുടെ കീഴിൽ ഹിന്ദിയും അഭ്യസിച്ചു. ചരിത്രകാരൻ കെ കെ എൻ കുറുപ്പ് ഹിന്ദി ക്ലാസിൽ സഹപാഠി. ബാര ഗവ.എൽപി സ്കൂളിൽ അധ്യാപകനായിരിക്കെ കന്നഡ എഴുതാനും വായിക്കാനും പഠിച്ചു.
കവിയും സംഗീതജ്ഞനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ അച്ഛൻ  കണ്ണശ കേശവൻ നമ്പൂതിരിയോടൊപ്പം ചെമ്പൈ സംഗീത സഭയിൽ അംഗമായിരുന്ന പൈവളിഗെ സുബ്രഹ്മണ്യൻ നമ്പൂതിരിയുടെയും ശ്രീദേവിയമ്മയുടെയും മകനാണ് എൺപത്തി നാലുകാരനായ വിജയൻ മാഷ‌്. സഹോദരങ്ങൾ: പി സി ബാലകൃഷ്ണൻ, ഇന്ദ്രസേനി. ഭാര്യ: ഭാനുമതിയമ്മ, മക്കൾ. സുധ, മാധുരി.
പ്രധാന വാർത്തകൾ
 Top