05 December Thursday

മരിച്ചിട്ടും തീരാത്ത കടം!

സ്വന്തം ലേഖകൻUpdated: Sunday Nov 10, 2019

 

 
വണ്ടൂർ
ദുരിതവഴിയിൽ നടപ്പ്‌ അവസാനിപ്പിച്ച്‌ രാമകൃഷ്‌ണൻ മരണത്തെ പുൽകിയപ്പോൾ നിർധനരായ ഭാര്യക്കും മക്കൾക്കും ബാക്കിയായത്‌ തീർക്കാനാകാത്ത കടം. പ്രിയപ്പെട്ടവൻ മരിച്ചിട്ടും തീരാത്ത കടം എങ്ങനെ വീട്ടുമെന്നറിയാതെ മനസ്സ് മരവിച്ച അവസ്ഥയിലാണ്‌ അവരിന്ന്‌. കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയത്തെ തുടർന്ന്‌ ആത്മഹത്യചെയ്‌ത ബിഎസ്‌എൻഎൽ കരാർ തൊഴിലാളി 
കാപ്പിൽ മച്ചിങ്ങപൊയിൽ കുന്നത്ത് വീട്ടിൽ രാമകൃഷ്‌ണന്‌ വിവിധ ബാങ്കുകളിലായി 2,60,000 രൂപയുടെ കടം. വണ്ടൂർ കാർഷിക ഗ്രാമ വികസന ബാങ്കിൽ ഒന്നരലക്ഷം രൂപയും കുടുംബശ്രീ, സ്വകാര്യ ധനകാര്യ സ്ഥാപനം, നാടൻ കുറി എന്നിവയിലായി 1,10,000 രൂപയും കടമുണ്ട്‌. ഇതിനായി മാസം 10,000 രൂപ അടയ്ക്കണം.  ശമ്പളം മുടങ്ങുകയും ജോലി നഷ്‌ടപ്പെടുമെന്ന ഭീതിയാലുമാണ്‌ രാമകൃഷ്‌ണൻ ആത്മഹത്യചെയ്‌തത്‌. 
അടച്ചുറപ്പില്ലാത്ത, ചുമർതേക്കാത്ത വീടിന്റെ നിർമാണം പൂർത്തിയാക്കുക എന്ന സ്വപ്‌നം ബാക്കിയാക്കിയാണ്‌ രാമകൃഷ്‌ണൻ ജീവനൊടുക്കിയത്‌. വീടിന്റെ ചോർച്ച പരിഹരിക്കാൻ ഷീറ്റിടാനായാണ്‌ കാർഷിക ഗ്രാമ വികസന ബാങ്കിൽനിന്ന്‌ വായ്‌പയെടുത്തത്‌. ഭാര്യ നിർമ്മല വണ്ടൂരിലെ ആയുർവേദ ഷോപ്പിലും മകൻ വൈഷ്‌ണവ് തിരുവാലിയിൽ കിഡ്സ് വെയർ കമ്പനിയിലും ജോലിചെയ്‌ത്‌ ലഭിക്കുന്ന തുച്ഛ വരുമാനത്തിൽ ഇത്ര വലിയ കടം എങ്ങനെ വീട്ടുമെന്നറിയാതെ പകച്ചുനിൽക്കുകയാണിവർ.
പ്രധാന വാർത്തകൾ
 Top