18 November Monday
തൊഴിലുറപ്പ് പദ്ധതി

ജില്ലയില്‍ തൊഴിൽരഹിതരാകുന്നത്‌ അരലക്ഷത്തിലേറെ പേര്‍

നന്ദു വിശ്വംഭരന്‍Updated: Thursday Oct 10, 2019

 

 
ആലപ്പുഴ
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഭേദഗതി വരുത്തിയതോടെ ജില്ലയിൽ തൊഴിൽ നഷ്‌ടപ്പെടുന്നത്‌ അരലക്ഷത്തിലേറെ പേർക്ക്. ഒന്നരലക്ഷം പേരാണ് ജില്ലയിൽ തൊഴിലുറപ്പ് പദ്ധതിയിൽ രജിസ്‌റ്റർചെയ്‌തത്. ഇതിൽ 99 ശതമാനവും സ്‌ത്രീകളാണ്. ഇതിൽത്തന്നെ 30 ശതമാനം 60നും 80നും ഇടയിൽ പ്രായമുള്ളവരും. ഇവരുൾപ്പെടെയുള്ളവർക്കാണ് തൊഴിൽദിനങ്ങളും വരുമാനവും നഷ്‌ടമാകുന്നതെന്ന് എൻആർഇജി വർക്കേഴ്‌സ് യൂണിയൻ ജില്ലാ സെക്രട്ടറി പി പി സംഗീത പറഞ്ഞു. 
അടുത്തിടെയാണ് കേന്ദ്രസർക്കാർ തൊഴിലുറപ്പ് പദ്ധതി ആരംഭിക്കുമ്പോഴുണ്ടായിരുന്ന നിയമങ്ങളും ചട്ടങ്ങളും ഭേദഗതി ചെയ്‌തത്. മുമ്പ് സ്വകാര്യവ്യക്തികളുടെ ക‌ൃഷിയിടങ്ങളിലും പാടശേഖരങ്ങളിലും കാർഷികമേഖലയിൽ ഉൾപ്പെടുത്തി പണികൾ കിട്ടിയിരുന്നു. എന്നാൽ ഇത് സർക്കാർ ഭൂമി മാത്രമാക്കി. ജില്ലയിൽ പഞ്ചായത്ത് തലത്തിൽ പരിശോധിക്കുമ്പോൾ പൊതുഭൂമി കുറവാണ്. വാർഡ് അടിസ്ഥാനത്തിൽ 200--300 തൊഴിലാളികൾ ജോലിചെയ്യുന്നുണ്ട്. പുതിയ സാഹചര്യത്തിൽ ഇത് 40--50 ആയി ചുരുങ്ങും. കേന്ദ്ര ബജറ്റിൽ തുക വെട്ടിക്കുറച്ചത്‌ അനുവദിച്ച തൊഴിൽദിനം കുറയാൻ കാരണമായി. സർക്കാരിന്റെ ആസ്‌തിവികസന നിർമാണ പ്രവർത്തനങ്ങളാണ് ഇനി മുതൽ തൊഴിലുറപ്പിൽ ഏറ്റെടുക്കാനാകുന്നത്. കെട്ടിടനിർമാണം, പാലം, ശൗചാലയം, റോഡ് നിർമാണം തുടങ്ങിയവ ഇതിൽപ്പെടും.
കഴിഞ്ഞവർഷം പ്രളയത്തിന്റെ അടിസ്ഥാനത്തിൽ 50 തൊഴിൽദിനങ്ങൾ കൂടുതൽ അനുവദിച്ച്‌ ആകെ 150 തൊഴിൽ ദിനങ്ങളാക്കിയിരുന്നു. പുതിയ ഭേദഗതി വരുത്തിയതോടെ ഈ വർഷം ഒക്‌ടോബർ ആയിട്ടും 40ൽ താഴെ തൊഴിൽദിനങ്ങളെ ആയിട്ടുള്ളു. 100 തൊഴിൽദിനം എന്ന ലക്ഷ്യത്തിലേക്കെത്താൻ ഈ സാമ്പത്തികവർഷം ഇനിയാകില്ല. 
271 രൂപയാണ് പ്രതിദിനകൂലി. കഴിഞ്ഞവർഷം 15 രൂപവരെ വർധനയുണ്ടായിട്ടും കേരളത്തിന് അത് അനുവദിച്ചിട്ടില്ല. വിഷയത്തിൽ എൻആർഇജി വർക്കേഴ്‌സ് യൂണിയൻ കേന്ദ്രസർക്കാരിന് പ്രമേയം നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ പരിഗണിച്ചിട്ടില്ല.
പ്രധാന വാർത്തകൾ
 Top