19 October Saturday
കൊല്ലം ബൈപാസ്‌

വഴിവിളക്ക്‌ വരും, പാഞ്ഞാൽ പിടിയും വീഴും

സ്വന്തം ലേഖകന്‍Updated: Thursday Oct 10, 2019
 
കൊല്ലം
അപകടസാധ്യതയേറിയ കൊല്ലം ബൈപാസിൽ  415 വഴിവിളക്കുകൾ  സ്ഥാപിക്കുന്നു. രാത്രിയിലെ വെളിച്ചക്കുറവ്‌ അപകടകാരണമാകുന്നത്‌ കണക്കിലെടുത്താണ്‌ വിളക്കുകൾ സ്ഥാപിക്കുന്നത്‌. കൂടാതെ അമിതവേഗക്കാരെയും റോഡ്‌ നിയമങ്ങൾ ലംഘിക്കുന്നവരെയും കണ്ടെത്താൻ പ്രധാന ജങ്‌ഷനുകൾ കേന്ദ്രീരിച്ച്‌ നിരീക്ഷണ ക്യാമറകളും സ്ഥാപിക്കും. കൂടുതൽ സിഗ്നൽ സംവിധാനമൊരുക്കാനും തീരുമാനമുണ്ട്‌. 
ഉദ്ഘാടനത്തിനു മുമ്പുതന്നെ തുടർച്ചായായ  അപകടങ്ങൾ ബൈപാസിൽ നടന്നിരുന്നു. നിരവധിപേരാണ്‌ മരിച്ചത്‌.  ഉദ്ഘാടനശേഷവും അപകടങ്ങൾക്കു ശമനമില്ലാതെ തുടരുന്നത് അധികാരികൾക്കും പരിസരവാസികൾക്കും  തലവേദനയായി. ദിനംപ്രതി നിരവധി ജീവനുകൾ നഷ്ടപ്പെട്ടതോടെ  പൊതുമരാമത്ത്മന്ത്രിയുടെ പ്രത്യേക ഇടപെടലിലാണ്‌  അപകടങ്ങൾ കുറയ്ക്കാൻ നടപടി സ്വീകരിച്ചത്‌.  സൂചനാ ബോർഡുകൾ സ്ഥാപിക്കുന്ന ജോലികൾ നേരത്തെ  പൂർത്തീകരിച്ചിരുന്നു. 
വഴിവിളക്കു സ്ഥാപിക്കൽ  പ്രാരംഭഘട്ടത്തിലാണ്. ഒക്ടോബർ അവസാനവാരത്തോടെ  പണികൾ പൂർത്തീകരിക്കാനാണ് അധികൃതരുടെ തീരുമാനം. കെൽട്രോണാണ് പദ്ധതി ഏറ്റെടുത്തിരിക്കുന്നത്. നിരീക്ഷണ ക്യാമറ, സിഗ്നൽ എന്നിവയ്‌ക്കുള്ള  പദ്ധതികളുടെ ടെൻഡർ നടപടികളും തുടങ്ങി.
പ്രധാന വാർത്തകൾ
 Top