ചേർപ്പ്
വൈക്കോൽ ചീഞ്ഞതോടെ ക്ഷീര മേഖല പ്രതിസന്ധിയിലായി. പത്തുദിവസം കന്നുകാലികൾക്ക് ഭക്ഷണം കിട്ടിയില്ല. പാലുൽപ്പാദനം വൻതോതിൽ കുറഞ്ഞു.
ചേർപ്പ് മേഖലയിൽ നിരവധി ക്ഷീരകർഷകരുണ്ട്. ഇവരുടെ കന്നുകാലികൾ പലതും ചത്തു. വൈക്കോൽ മാത്രമല്ല പച്ചപ്പുല്ലും ചീഞ്ഞു. ശേഷിക്കുന്ന കാലികളെ വളർത്തൽ പ്രതിസന്ധിയിലാണ്. തമിഴ്നാട്ടിൽനിന്നും ചോളത്തിന്റെ വൈക്കോൽ ലഭ്യമാക്കാൻ ആലോചിക്കയാണ് കർഷകർ.
12 ലിറ്റർ പാൽ ലഭിച്ചിരുന്നത് അഞ്ച് ലിറ്ററായതായി ആലപ്പാട് ചെമ്മാനി അനിത പ്രേംസിങ് പറഞ്ഞു. കഴുത്തോളം വെള്ളത്തിൽ നീന്തിയാണ് പശുക്കളെ കൊണ്ടുവന്ന് ഉയർന്ന സ്ഥലത്ത് കെട്ടിയത്. തങ്ങൾ ദുരിതാശ്വാസക്യാമ്പിലേക്കും മാറി. ക്യാമ്പിൽനിന്ന് കഞ്ഞിവെള്ളം നൽകിയതിനാൽ അവ ചത്തില്ലെന്നു മാത്രം. സംഘത്തിൽനിന്നും ലഭിക്കുന്ന കാലിത്തീറ്റ ഇപ്പോൾ നൽകുന്നുണ്ട്. പാടത്ത് വെള്ളക്കെട്ടുള്ളതിനാൽ പുല്ലു പറിക്കാനുമാവില്ല. സമീപത്തെ നിരവധി വീടുകളിൽ ഇതാണ് സ്ഥിതി.
വല്ലച്ചിറ പഞ്ചായത്തിൽ പത്തുവർഷത്തിനുശേഷം കിഴക്കേ കായലിൽ ഇറക്കിയ നെൽ കൃഷി പൂർണമായും നശിച്ചു. ആറാട്ടുപുഴ, കരിവന്നൂർ, വല്ലച്ചിറ, തൊട്ടിപ്പാൾ, രാപ്പാൾ മേഖലയിൽ വാഴ, ജാതികൃഷി എന്നിവ വൻതോതിൽ നശിച്ചു.. ഓണം ലക്ഷ്യമിട്ട് നട്ടുപിടിപ്പിച്ച വാഴകളാണ് കൂട്ടത്തോടെ നശിച്ചത്. പലരും വായ്പയെടുത്താണ് കൃഷിയിറക്കിയത്. ഇതോടെ കടക്കെണിയിലുമായി.