23 September Wednesday

മഴയില്‍ വര്‍ക്കലയില്‍ വ്യാപക നാശം

വെബ് ഡെസ്‌ക്‌Updated: Monday Aug 10, 2020

വർക്കല ചിലക്കൂർ വള്ളക്കടവ് കടയിൽക്കുടിയിലെ സൈനുദ്ദീന്റെ ഓടുമേഞ്ഞ വീട് തകർന്നപ്പോൾ

വര്‍ക്കല

ദിവസങ്ങളായി തുടരുന്ന കനത്ത മഴയിലും കാറ്റിലും വർക്കലയില്‍ മൂന്ന് വീടുകൾ പൂർണമായും നിരവധി വീടുകൾ ഭാഗികമായും തകർന്നു. വിവിധ പ്രദേശങ്ങളിൽ മരം വീണ് ഗതാഗതവും വൈദ്യുതിബന്ധവും  തടസ്സപ്പെട്ടു. താഴ്‌ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി. കൃഷിയിടങ്ങളും വെള്ളത്തിനടിയിലായി. ചെമ്മരുതി കല്ലണയാർ കരകവിഞ്ഞു. ചിലക്കൂർ കടയിൽക്കുടി വീട്ടിൽ സൈനുദ്ദീൻ, ഒറ്റൂർ ഞായലിൽ കാട്ടിൽ പുത്തൻവീട്ടിൽ ജയകുമാർ, നാവായിക്കുളം ചരുവിള വീട്ടിൽ ഭാരതി എന്നിവരുടെ വീടുകളുടെ മേൽക്കൂരയും ഭിത്തിയും പൂർണമായും തകർന്നു. ഇടവ തോട്ടുംമുഖം ചരുവിള വീട്ടിൽ പ്രസന്ന, ഇടവ ലിസി ഭവനിൽ ഗോമതി, വർക്കല നടയറ രേവതി കുമളിയിൽ ദിഷാൻ, ചെമ്മരുതി ചാവടിമുക്ക് തൊടിയിൽ ശാരദ, നാവായിക്കുളം ചാവർകോട് തൃക്കുന്നത്ത് കാവ് ക്ഷേത്രത്തിന് സമീപം സുശീല, വർക്കല പുല്ലാന്നികോട് രാജീഭവനിൽ ലത, നാവായിക്കുളം തറയിൽ വീട്ടിൽ സുഭാഷിണി, മേൽവെട്ടൂർ വലയന്റകുഴി പുത്തൻവീട്ടിൽ ചെല്ലമ്മ, ചെറുന്നിയൂർ കല്ലുവിള വീട്ടിൽ ലിസി, കല്ലുമലക്കുന്ന് പുതുവൽ വിള വീട്ടിൽ ശശിധരൻ എന്നിവരുടെ വീടുകൾ ഭാഗികമായും തകർന്നു. ചെമ്മരുതി വിളവിൽ കിഴക്കതിൽ സുനിൽകുമാറിന്റെ കിണർ താണു. മേല്‍വെട്ടൂര്‍ അമ്മന്‍നട പുത്തന്‍വീട്ടില്‍ ചെല്ലമ്മ, മുനിക്കുന്ന് ലക്ഷംവീട് കോളനി തെങ്ങുവിള വീട്ടില്‍ കൗസല്യ,  മേല്‍വെട്ടൂര്‍ അമ്മന്‍നട കുന്നുവിള വീട്ടില്‍ ലളിത എന്നിവരുടെ വീടും തകര്‍ന്നു. അമ്മന്‍നട കുന്നില്‍ചരുവിള വീട്ടില്‍ വസന്ത, അമ്മന്‍നട ലക്ഷ്മി വിലാസത്തില്‍ ബേബി, കല്ലുമലക്കുന്ന് പുത്തന്‍വിള വീട്ടില്‍ ശശിധരൻ, ശ്രീനിവാസപുരം റോഡുവിള വീട്ടില്‍ സജീന, ചെറുന്നിയൂര്‍ കല്ലുവിള വീട്ടില്‍ ലിസി എന്നിവരുടെ വീടുകള്‍ക്കും മേല്‍വെട്ടൂര്‍ മേലേക്കാവില്‍ നാസറുദീന്റെ കടയ്ക്കും കേടുപാടുകള്‍ സംഭവിച്ചു. താഴെവെട്ടൂര്‍ വടക്കേപള്ളിക്ക് സമീപവും ചെമ്മരുതി പനയറ കുന്നത്തുമല റോഡിലും വീണ കൂറ്റൻ മരങ്ങൾ വർക്കല ഫയർഫോഴ്സ് ജീവനക്കാരെത്തി മുറിച്ച് മാറ്റി.

തകർന്നുവീണ വീടിനു മുന്നിൽ മണി

തകർന്നുവീണ വീടിനു മുന്നിൽ മണി

പള്ളിക്കലിൽ വീട് തകര്‍ന്നു

കിളിമാനൂർ

ശക്തമായ മഴയിൽ നിർധന കുടുംബത്തിന്റെ വീട് പൂർണമായും തകർന്നു. പള്ളിക്കൽ പഞ്ചായത്ത് പത്താംവാർഡിൽ  ചെങ്കോട് നിവാസി മണിയുടെ വിഷ്ണുഭവൻ എന്ന വീടാണ് ശനിയാഴ്ച രാത്രി ഒമ്പതരയോടെ നിലംപൊത്തിയത്. മണിയും ഭാര്യ ലളിതയും മൂന്ന് മക്കളും അടങ്ങുന്ന കുടുംബം തലനാരിഴയ്‌ക്കാണ് രക്ഷപ്പെട്ടത്. മഴയിൽ വീടിന്റെ ഭിത്തി ഉ​ഗ്രശബ്ദത്തോടെ വിണ്ടുമാറിയത് ശ്രദ്ധയിൽപ്പെട്ട കുടുംബം വീട്ടിൽനിന്ന്‌ പുറത്തേക്കോടുകയായിരുന്നു. വീട് പൂർണമായും തകർന്നുവീണു.

ഉഴമലയ്‌ക്കലിൽ മരം വീണ്‌ വീട്‌ തകർന്നു

ആര്യനാട്

കനത്ത മഴയിൽ മലയോരത്ത് വിവിധയിടങ്ങളിലും നാശനഷ്ടങ്ങളുണ്ടായി.  ഉഴമലയ്ക്കൽ തോളൂർ തോട്ടുംകര വീട്ടിൽ ചന്ദ്രൻ‐സരോജം ദമ്പതികളുടെ വീടിനു മുകളിൽ മരംവീണു. വീട് പൂർണമായും തകർന്നു. തൊളിക്കോട്ടും വ്യാപക കൃഷിനാശമുണ്ടായി.

അഞ്ചുതെങ്ങിൽ റോഡിൽ മണ്ണിടിച്ചൽ

ചിറയിൻകീഴ്

ശക്തമായ മഴയിലും കാറ്റിലും അഞ്ചുതെങ്ങ് പഞ്ചായത്ത് നെടുങ്ങണ്ട വലിയകുഴി റോഡിൽ മണ്ണിടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു. മലവിളയിലെ വീടിന്റെ സംരക്ഷണഭിത്തി തകർന്ന്‌ അപകടനിലയിലായി. ജെസിബി ഉപയോഗിച്ച് മണൽ നീക്കംചെയ്ത് റോഡ് ഗതാഗതയോഗ്യമാക്കി. കനത്ത മഴയിൽ നിരവധി വീടുകൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചു.  ആറാം വാർഡിൽ എരുമത്തിട്ട വീട്ടിൽ രാധയുടെ വീട് പൂർണമായും തകർന്നു. പഞ്ചായത്തിലെ താഴ്ന്ന ഭാഗങ്ങൾ വെള്ളത്തിനടിയിലാണ്.  മാമൂട്, വടക്കേ വാട, കുന്നുംപുറം, പുത്തൻവിള, പിള്ളക്ക വിളാകം എന്നീ പ്രദേശങ്ങളിൽ വീടുകളിൽ വെള്ളം കയറി.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top