18 February Tuesday

കെടുതിയുടെ കയത്തിൽ

സ്വന്തം ലേഖകർUpdated: Saturday Aug 10, 2019

പമ്പയാറ്റിൽ ജലനിരപ്പ്‌ ഉയർന്നതോടെ ചക്കുളത്ത്‌കാവിന്‌ സമീപം കുതിരച്ചാൽപുതുവൽ കോളനിയിൽ സരസമ്മ വീട്ടിലേക്കൊഴുകിയെത്തുന്ന മാലിന്യം വല ഉപയോഗിച്ച്‌ നീക്കുന്നു. ഇവിടം ഒഴിഞ്ഞുപോകുന്ന പ്രദേശവാസിയേയും കാണാം ഫോട്ടോ: ഷിബിൻ ചെറുകര

 399 വീടിന്‌ നാശം 

ആലപ്പുഴ
ജില്ലയിൽ വെള്ളിയാഴ്‌ച പുലർച്ചയോടെ ശക്‌തമായ മഴ വ്യാപക നാശം വിതച്ചു. പകൽ മഴയുടെ ശക്തി കുറഞ്ഞെങ്കിലും  ശനിയാഴ്‌ച ഓറഞ്ച്‌ അലർട്ട്‌ തുടരുമെന്ന്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 
കാറ്റിലും മഴയിലും 27 വീടുകൾ പൂർണമായും 372 വീടുകൾ ഭാഗികമായും നശിച്ചു.  പലയിടങ്ങളിലും മരംവീണ്‌ ഗതാഗതവും വൈദ്യുതിയും തടസപ്പെട്ടു.  ചെങ്ങന്നൂർ താലൂക്കിൽ ആറ് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 74 കൂടുംബങ്ങളിലെ 212 പേരാണ്‌ ക്യാമ്പുകളിലുള്ളത്. ആവശ്യമെങ്കിൽ കൂടുതൽ ക്യാമ്പുകൾ തുറക്കാൻ നിർദേശമുണ്ട്‌. ജില്ലാ കേന്ദ്രത്തിലും എല്ലാ താലൂക്കുകളിലും കൺട്രോൾ റൂം തുറന്നു. താലൂക്ക്, വില്ലേജ് ഓഫീസുകൾ ശനിയാഴ്‌ചയും ഞായറാഴ്‌ചയും പ്രവർത്തിക്കും.
 പമ്പയിലെ ജലനിരപ്പുയർന്നതിനാൽ കുട്ടനാട്ടിൽ വെള്ളം കയറി. മുട്ടാർ, തലവടി, പുളിങ്കുന്ന്‌, രാമങ്കരി എന്നിവിടങ്ങളിലാണ്‌ വെള്ളം കയറിയത്‌. എ സി റോഡിൽ ഏഴിടത്ത്‌ വെള്ളം കയറി. ജില്ലയിൽ 15 റോഡുകളിൽ വെള്ളക്കെട്ടുണ്ട്‌. തീർഥാടന കേന്ദ്രമായ ചക്കുളത്തുകാവിലും വെള്ളം കയറി. തണ്ണീർമുക്കം, തോട്ടപ്പള്ളി,  അന്ധകാരനഴി ഷട്ടറുകൾ തുറന്നു. കടലിലേക്ക്‌ നല്ല നീരൊഴുക്കുണ്ട്‌. അടിയന്തര സാഹചര്യം നേരിടാൻ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്‌. 25 അംഗ ദേശീയ ദുരന്തനിവാരണ സേന ജില്ലയിൽ എത്തി. 64 സൈനികരെയും എത്തിച്ചു. രക്ഷാപ്രവർത്തനങ്ങൾക്കായി 70 മത്സ്യത്തൊഴിലാളികളെയും 50 ബോട്ടും സജ്ജമാക്കി. 1500 മത്സ്യബന്ധന ബോട്ടുകളോട് കടലിൽ പോകരുതെന്ന് നിർദേശിച്ചു. ഇതോടൊപ്പം 10 ഹൗസ്‌ ബോട്ടുകളും ഒരുക്കി നിർത്തിയിട്ടുണ്ട്‌. കാലാവസ്ഥാ കേന്ദ്രത്തിന്റെ കണക്കുപ്രകാരം വ്യാഴാഴ്‌ച പകൽ 49.55 മില്ലീമീറ്റർ മഴയാണ്‌ പെയ്‌തത്‌. വെള്ളിയാഴ്‌ചയിത്‌ 59.33 മില്ലീമീറ്ററായി. ചേർത്തലയിലാണ്‌ കൂടുതൽ–- 85 മില്ലീമീറ്റർ, മങ്കൊമ്പ‌് –- 62.6, ചെങ്ങന്നൂർ –62, കായംകുളം –61.2, മാവേലിക്കര– 56.2,- ഹരിപ്പാട്‌ –- 33.2, ആലപ്പുഴ–-30.4.
 

കുട്ടനാട്ടിൽ ഗ്രാമീണറോഡുകൾ വെള്ളത്തിൽ

മങ്കൊമ്പ്
കുട്ടനാട്ടിൽ 93 വീട്‌ ഭാഗികമായും മൂന്ന് വീട്‌ പൂർണമായും തകർന്നും എസി റോഡിലെ പലഭാഗങ്ങളിലും വെള്ളം കയറിത്തുടങ്ങി. ഗതാഗതത്തിന് തടസമില്ല. കിടങ്ങറ-–-നീരേറ്റുപുറം റോഡിൽ കെഎസ്ആർടിസി ബസ്‌ സർവീസ് നിലച്ചു. മങ്കൊമ്പ്, പുളിങ്കുന്ന്, കണ്ണാടി, കാവാലം പ്രദേശങ്ങളിലെ മിക്ക റോഡുകളും വെള്ളത്തിലാണ്. കിഴക്കൻ വെള്ളത്തിന്റെ വരവ് വെള്ളിയാഴ്‌ചയാണ്‌ ശക്തമായത്‌. നിരവധി വീടുകളിലും വെള്ളം കയറിയിട്ടുണ്ട്‌. ക്യാമ്പുകൾ ആരംഭിക്കാനുള്ള തയ്യാറെടുപ്പ് തുടങ്ങി.
രണ്ടാംകൃഷി ഇറക്കിയവരും ആശങ്കയിലാണ്. മിക്ക പാടശേഖരങ്ങളും വിത്തിറക്കിയിട്ട്‌ അറുപതു ദിവസമായി. വളപ്രയോഗവും കളനീക്കം ചെയ്യലും കഴിഞ്ഞിരുന്നു. ജലനിരപ്പ്‌ വീണ്ടും ഉയർന്നാൽ മടവീഴ്‌ചയ്‌ക്കും സാധ്യതയേറെയാണ്‌. മരം വീണാണ്‌ വീടുകൾ അധികവും തകർന്നത്‌. എടത്വ ആനപ്രമ്പാല്‍ വടക്ക് സി വി പ്രസ്‌ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം, പുതുക്കരി മിത്രക്കരി കൊച്ചുമങ്കോട്ട ജനാര്‍ദനൻ, മുട്ടാര്‍ മുണ്ടയ്‌ക്കല്‍ കുഞ്ഞച്ചൻ എന്നിവരുടെ വീട്‌, കാരുവള്ളിയില്‍ പി ജെ ദേവസ്യായുടെ കട എന്നിവ തകര്‍ന്നവയിൽപ്പെടും. തലവടി, എടത്വ, കാവാലം, പുളിങ്കുന്ന്, ചമ്പക്കുളം, മുട്ടാർ, കൈനകരി മേഖലകളിൽ വൈദ്യുതി മുടക്കവും പതിവായി.

 

ചക്കുളത്തുകാവില്‍ വെള്ളംകയറി

ആലപ്പുഴ
ചക്കുളത്തുകാവിൽ വെള്ളംകയറി. വെള്ളിയാഴ്‌ച പുലർച്ചെ കിഴക്കൻവെള്ളത്തിന്റെ വരവോടെ പമ്പ കരകവിഞ്ഞതാണ് കാവിലേക്ക് വെള്ളമെത്താൻ കാരണം. പ്രധാനകവാടവും ‌നടപ്പന്തലും കടന്ന് ക്ഷേത്രത്തിന് സമീപംവരെ വെള്ളംകയറി. സമീപമുള്ള മറ്റൊരു വഴിയിലൂടെയാണ് ഭക്തർ ക്ഷേത്രത്തിലേക്കെത്തിയത്. സമീപത്തെ കടകളിലേക്കും വെള്ളം കയറാൻ തുടങ്ങിയിട്ടുണ്ട്.
 

മരംവീണ്‌ ട്രെയിൻ മുടങ്ങി

ആലപ്പുഴ 
തീരദേശ റെയിൽപ്പാതയിൽ മരം വീണ് ട്രെയിൻ ഗതാഗതം മുടങ്ങി. ആലപ്പുഴ മാളികമുക്കിന് വടക്ക് ഭാഗത്തായാണ്‌ വെള്ളിയാഴ്‌ച വെളുപ്പിനെ തേക്ക്‌ കടപുഴകി വീണത്. തുടർന്ന് ആലപ്പുഴയിൽ നിന്നുള്ള ദീർഘദൂര സർവീസുകളായ ധൻബാദ്‌, ചെന്നൈ, കണ്ണൂർ എക്‌സ്‌പ്രസുകളും പാസഞ്ചർ ട്രെയിനുകളും റദ്ദാക്കി. എറണാകുളം, കൊല്ലം ഭാഗങ്ങളിൽ നിന്നുള്ള ട്രെയിനുകൾ കോട്ടയം വഴിതിരിച്ചുവിട്ടു. ഉച്ചയോടെ മരം മുറിച്ച് മാറ്റിയെങ്കിലും ശനിയാഴ്‌ച രാവിലെയോടെ ഗതാഗതം പുന:സ്ഥാപിക്കാനാവൂ എന്ന് റെയിൽവേ അറിയിച്ചു.
 

‘സേഫ് ക്യാമ്പുകൾ’തുടങ്ങി

ആലപ്പുഴ 
ജില്ലയിൽ മഴ ശക്തമായ പശ്ചാത്തലത്തിൽ ഏഴിടത്ത്‌ സേഫ് ക്യാമ്പുകൾ തുടങ്ങാൻ കലക്‌ടർ അദീല അബ്ദുള്ള നിർദ്ദേശം നൽകി. ചെങ്ങന്നൂർ, എടനാട്, തലവടി, കൊരട്ടിശേരി, മുട്ടാർ, എടത്വ, പാണ്ടനാട് എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ ആരംഭിച്ചത്. മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ, കിടപ്പുരോഗികൾ, സ്‌ത്രീകൾ, കുട്ടികൾ എന്നിവർക്ക് താമസസ്ഥലത്ത് വെള്ളപ്പൊക്ക ഭീഷണിയുണ്ടെങ്കിൽ നേരത്തെ തന്നെ സേഫ് ക്യാമ്പുകളിലേക്ക് മാറാൻ അവസരം ഒരുക്കും.
 

രക്ഷാപ്രവർത്തനത്തിന് മത്സ്യത്തൊഴിലാളികളും 

ആലപ്പുഴ 
ജില്ലയിലെ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ കലക്‌ടർ അദീല അബ്ദുള്ളയുടെ നേതൃത്വത്തിൽ അടിയന്തര ജില്ലാ ദുരന്തനിവാരണ അതോറിറ്റിയോഗം ചേർന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാൽ, സബ്കലക്ടർ വി ആർ കൃഷ്ണതേജ,  ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസറോട് 10 ടോറസ് വാഹനങ്ങൾ തയ്യാറാക്കി നിർത്താൻ യോഗം നിർദ്ദേശിച്ചു. മത്സ്യത്തൊഴിലാളികളുടെയും മത്സ്യബന്ധന ബോട്ടുകളുടെയും സഹായം രക്ഷാപ്രവർത്തനത്തിന് ലഭ്യമാക്കാൻ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്‌ടർക്ക് നിർദ്ദേശം നൽകി. ഡീസൽ, മണ്ണെണ്ണ, പെട്രോൾ എന്നിവ ശേഖരിച്ച് വയ്‌ക്കും. പോർട്ട് ഓഫീസറോട് ഹൗസ് ബോട്ടുകൾ സജ്ജമാക്കാനും നിർദ്ദേശിച്ചു.
 

സന്നദ്ധപ്രവർത്തനത്തിന് പോർട്ടൽ 

ആലപ്പുഴ 
മഴക്കെടുതിയുള്ള പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനത്തിന് സന്നദ്ധരായവർക്ക് സർക്കാർ പോർട്ടലിൽ രജിസ്‌റ്റർ ചെയ്യാം. keralarescue.in എന്ന പോർട്ടലിലാണ് രജിസ്‌റ്റർ  ചെയ്യേണ്ടത്. രക്ഷാപ്രവർത്തനത്തിന് സഹായം അഭ്യർഥിക്കാനും കാണാതായവരെക്കുറിച്ചുള്ള അന്വേഷണങ്ങൾക്കും സൗകര്യമുണ്ട്. ദുരിതാശ്വാസ ക്യാമ്പുകൾ, സംഭാവന, അറിയിപ്പുകൾ തുടങ്ങിയ വിവരങ്ങൾ പോർട്ടലിൽ ലഭ്യമാണ്.

 

പ്രധാന വാർത്തകൾ
 Top