18 September Wednesday

അടിയന്തര സാഹചര്യം നേരിടാൻ തയ്യാർ

വെബ് ഡെസ്‌ക്‌Updated: Saturday Aug 10, 2019

മന്ത്രി ജി സുധാകരൻ തോട്ടപ്പള്ളി സ്‌പിൽവേ സന്ദർശിക്കുന്നു

ആലപ്പുഴ
മഴക്കെടുതി നേരിടാൻ ജില്ലയിൽ എല്ലാ സംവിധാനങ്ങളും  സജ്ജമാക്കിയതായി മന്ത്രി ജി സുധാകരൻ. സർക്കാർ സംവിധാനങ്ങൾക്ക്‌ പുറമെ 70 മത്സ്യത്തൊഴിലാളികളെയും 50 ബോട്ടുകളും ഒരുക്കി. ദുരന്തനിവാരണസേന എത്തി. വെള്ളപ്പൊക്ക സാധ്യതയുള്ള 45 പഞ്ചായത്തുകളിൽ ദുരന്തനിവാരണ കമ്മിറ്റികൾ ചേർന്ന്‌  മുൻകരുതലുകൾ സ്വീകരിച്ചു. പമ്പയിലെ ജലനിരപ്പ്‌ ഉയർന്നാൽ കൂടുതൽ പേരെ മാറ്റിപ്പാർപ്പിക്കും. മഴക്കെടുതി അവലോകനംചെയ്യാൻ കലക്‌ടറേറ്റിൽ ചേർന്ന ഉന്നതതല യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. 
 തണ്ണീർമുക്കത്ത്‌ 90, അന്ധകാരനാഴിയിൽ 20, തോട്ടപ്പള്ളിയിൽ 40 എന്നിങ്ങനെ ഷട്ടറുകൾ തുറന്നു. തണ്ണീർമുക്കത്തും തോട്ടപ്പള്ളിയിലും കടലിലേക്ക്‌ നല്ല നീരൊഴുക്കുണ്ട്‌. തോട്ടപ്പളിയിലെ അഞ്ച്‌ ഷട്ടറുകളിലൂടെയുള്ള നീരൊഴുക്ക്‌ കുറവാണ്‌. ആഴംകൂട്ടി നീരൊഴുക്ക്‌ വർധിപ്പിക്കും. വളർത്തു മൃഗങ്ങളുടെ സുരക്ഷയ്‌ക്കും സൗകര്യങ്ങളൊരുക്കി. ലൈഫ് പോലുള്ള പദ്ധതികളിൽ ഉൾപ്പെടുത്തി വീടുകളുടെ പുനരുദ്ധാരണം ഉറപ്പാക്കും.
കുട്ടനാടൻ പ്രദേശങ്ങളിലെ ജലം തടസ്സമില്ലാതെ കടലിലേക്ക് ഒഴുകിപ്പോകാനായി 150 മീറ്റർ വീതിയിലാണ് തോട്ടപ്പള്ളി പൊഴി മുറിച്ചത്. ആവശ്യമെങ്കിൽ കൂടുതൽ വീതിയിൽ പൊഴി മുറിക്കും. 
 എസി റോഡിൽ ഏഴിടത്തുൾപ്പടെ ജില്ലയിൽ 15 ഓളം റോഡുകളിൽ വെള്ളം കേറി. പിഡബ്ല്യുഡി നിർമാണ പ്രവർത്തനങ്ങൾ നിർത്തിവച്ചു. എസി റോഡ്‌ മണ്ണ്‌ പരിശോധന തുടരും. സംസ്ഥാത്ത്‌ ദേശീയ–-സംസ്ഥാന പാതകളിൽ 60 ഇടത്ത്‌ മണ്ണിടിച്ചലുണ്ടായതായും മന്ത്രി പറഞ്ഞു.
അന്ധകാരനഴി, തണ്ണീർമുക്കം, തോട്ടപ്പള്ളി സ്‌പിൽവേ, എസി റോഡ് എന്നിവിടങ്ങളിൽ മന്ത്രി സന്ദർശിച്ചു. സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ കലക്‌ടറേറ്റിൽ മന്ത്രി ജി സുധാകരന്റെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. വിവിധ വകുപ്പുകൾ സ്വീകരിക്കേണ്ട നടപടികൾ വിലയിരുത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാൽ, കലക്‌ടർ അദീല അബ്ദുള്ള, ജില്ലാ പൊലീസ് മേധാവി കെ എം ടോമി, സബ് കലക്‌ടർ വി ആർ കൃഷ്ണതേജ തുടങ്ങിയവർ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top