18 February Tuesday

69 വീട്‌ തകർന്നു തകർത്തെറിഞ്ഞ്‌ കാറ്റ്‌

സ്വന്തം ലേഖകർUpdated: Saturday Aug 10, 2019

 കൊല്ലം

ജില്ലയിൽ വ്യാഴാഴ്‌ച രാത്രി മുതൽ വെള്ളിയാഴ്‌ച പുലർച്ചെ വരെ പെയ്‌ത ശക്തമായ മഴയിലും വീശിയടിച്ച കാറ്റിലും വ്യാപക നാശനഷ്ടം. 69 വീട്‌ ഭാഗികമായി തകർന്നു. മരങ്ങൾ ഒടിഞ്ഞും പിഴുതും വീണാണ്‌ വീടുകളിൽ ഭൂരിഭാഗവും തകർന്നത്‌. 
22 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കി. കൂടുതൽ വീടു തകർന്നത്‌ കുന്നത്തൂർ താലൂക്കിലാണ്‌– 41 വീട്‌. 14 ലക്ഷം രൂപയുടെ നാശനഷ്ടം. കൊട്ടാരക്കരയിൽ 16 വീട്‌ തകർന്നു. 3.63 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കി. കൊല്ലം താലൂക്കിൽ അഞ്ച്‌ വീടും കരുനാഗപ്പള്ളിയിലും പുനലൂരിലും  മൂന്നു വീട്‌ വീതവും പത്തനാപുരത്ത്‌ രണ്ടു വീടും തകർന്നു.  പത്തനാപുരം വിളക്കുടിയിൽ തോട്‌ കരകവിഞ്ഞ്‌ വെള്ളംകയറിയതോടെ  പത്തു കുടുംബങ്ങളെ ബന്ധുവീട്ടുകളിലേക്ക്‌ മാറ്റിപ്പാർപ്പിച്ചു.  
കൊല്ലം ക്രേവൺ സ്‌കൂൾ കെട്ടിടത്തിന്റെ മേൽക്കൂരയിലെ ഷീറ്റ്‌ പറന്നുപോയി. സമീപത്തെ വൃക്ഷശിഖരത്തിൽ കുരുങ്ങിക്കിടന്ന ഷീറ്റ്‌ ഫയർഫോഴ്‌സെത്തി നീക്കംചെയ്‌തു. ചിന്നക്കട റസ്റ്റ്‌ഹൗസ്‌ പരിസരത്തും നായേഴ്‌സിനു സമീപം ഉളിയക്കോവിൽ റോഡിലും മരം ഒടിഞ്ഞുവീണു. വെള്ളിയാഴ്‌ച പകൽ മഴ മാറിനിന്നെങ്കിലും മേഘാവൃതമായിരുന്നു. 
തെന്മല പരപ്പാർ ഡാമിൽ ജലനിരപ്പ്‌ 104.02 മീറ്ററായി. വ്യാഴാഴ്‌ച ഇത്‌ 102.70 മീറ്ററായിരുന്നു. ഡാമിന്റെ പരമാവധി സംഭരണശേഷി 115.82 മീറ്ററാണ്‌. 
കിഴക്കൻ മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിലെ ഇരുപതോളം വീടുകളിൽ വെള്ളം കയറി. നാശനഷ്ടം കണക്കാക്കിയിട്ടില്ല.  പനമ്പറ്റ ഷാപ്പുമുക്ക് ഭാഗവും അതിനോടു ചേർന്ന പാലവും വെള്ളത്തിലായതോടെയാണ് തോട് ഗതിമാറി ഒഴുകി ചുടുകട്ട ഭാഗത്ത് വെള്ളം കയറിയത്. കട്ടക്കളത്തിൽ വെള്ളം പൊങ്ങിയതോടെ ഇതിനോടൊപ്പമുള്ള ജനവാസമേഖലകളിലും മലവെള്ളം നാശം വിതച്ചു.  
കൃഷി ഇടങ്ങളിൽ  വെള്ളമെത്തിയത് റബർ, വെറ്റില, മരച്ചീനി, വാഴ കർഷകരെ ദുരിതത്തിലാക്കി.  തോട്ടിലെ വെള്ളം നീരൊഴുക്ക് കുറഞ്ഞ് ഒഴുകി മാറിയില്ലെങ്കിൽ ചുവട് അഴുകി ലക്ഷങ്ങളുടെ നഷ്ടം ഉണ്ടാകുമെന്നാണ് മലയോര കർഷകർ പറയുന്നത്. മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്. മഞ്ഞമൺകാലയിലെ തങ്കമണിയുടെ വീടിന്റെ ഷെഡ്ഡിനു മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണ് നാശമുണ്ടായി. മേലില, ചക്കുവരയ്ക്കൽ ഏലായിലും മലവെള്ളം നാശം വിതച്ചു.   
കാറ്റിലും മഴയിലും  കോഴിക്കോട് കയർ വ്യവസായ സഹകരണ സംഘത്തിന്റെ കയർ പിരിഷെഡ്‌ തകർന്നു.  ഇലക്ട്രോണിക് റാട്ടുകൾ ഉൾപ്പെടെയുള്ള യന്ത്രങ്ങൾക്ക് നാശനഷ്ടം ഉണ്ടായി.  അപകട സമയത്ത് തൊഴിലാളികൾ ഉണ്ടായിരുന്നില്ല.  ഒരു ലക്ഷത്തിലേറെ രൂപയുടെ നഷ്ടം ഉണ്ടായതായി കയർ സഹകരണസംഘം പ്രസിഡന്റ് മുനമ്പത്ത് ഷിഹാബ് അറിയിച്ചു. 
ശക്തമായ കാറ്റിൽ ആര്യങ്കാവ്, ഇടപ്പാളയം, തെന്മല, കഴുതുരുട്ടി ഭാഗങ്ങളിൽ മരങ്ങൾ ഒടിഞ്ഞു. ഇടപ്പാളയം  പാറയിൽ വീട്ടിൽ പാപ്പയുടെ വീട് തകർന്നു. പാപ്പയ്ക്കും ഭർത്താവ് പാൽരാജിനും പരിക്കേറ്റു. പ്രദേശത്ത്‌ കൃഷിനാശവും വ്യാപകമാണ്‌. തകരാറിലായ വൈദ്യുതിബന്ധം കെഎസ്ഇബി അധികൃതർ പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ്‌. 
അതിശക്തമായ കാറ്റിലും മഴയിലും അങ്കണവാടി  കെട്ടിടത്തിന്റെ മുകളിലേക്ക് റബർമരങ്ങൾ വീണ് മേൽക്കൂര തകർന്നു. കോട്ടാത്തല ഏറത്തെ അങ്കണവാടിയുടെ  ടെറസിലെ ഷീറ്റിട്ട മേൽക്കൂരയിലേക്കാണ്‌ മരങ്ങൾ വീണത്‌. അവധിയായിരുന്നതിനാൽ  ആരും  ഉണ്ടായിരുന്നില്ല.  നാട്ടുകാർ  മരം വെട്ടിമാറ്റി.
ശക്തമായ കാറ്റിലും മഴയിലും മരംവീണ്  ചവറ നല്ലേഴ്‌ത്തു മുക്കില്‍ പൂജയില്‍ ബീനയുടെ വീടും പന്മന കോലത്ത് ബിനീഷിന്റെ വീടിനോട്  ചേര്‍ന്ന ഷെഡും തകര്‍ന്നു.  ബീനയുടെ വീടിന്റെ മേല്‍ക്കൂര ഭാഗികമായി തകര്‍ന്നു. ഷെഡ്ഡിന്റെ ഒരു വശം അടര്‍ന്നുവീണു. നീണ്ടകര ഒമ്പതാം വാര്‍ഡില്‍ എലിസബത്തിന്റെ വീടിന്റെ മേല്‍ക്കൂരയുടെ ഓട് പറന്നുപോകുകയും ചെയ്തു.
 
പ്രധാന വാർത്തകൾ
 Top