22 October Tuesday

മഴയുടെ സംഹാരം

സ്വന്തം ലേഖകൻUpdated: Saturday Aug 10, 2019

മന്ത്രിമാരായ രാമച്രന്ദ്രൻ കടന്നപ്പള്ളിയും എ കെ ശശീന്ദ്രനും മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പിൽ. സമീപം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ബി നസീമ

മേപ്പാടി

ഉരുൾപ്പൊട്ടലിൽ വിറങ്ങലിച്ച്‌ ജില്ല. അടുത്തകാല്‌  ഇതുപോലൊരുദുരന്തം ജില്ലയില്ല.  മേപ്പാടി പുത്തുമലയിലുണ്ടായ ഉരുൾപ്പൊട്ടലിൽ എട്ടുപേരുടെ മൃതദേഹങ്ങളാണ്‌ കണ്ടെടുത്തത്‌. മരണസംഖ്യ ഇനിയും ഉയർന്നേക്കും.  രക്ഷാപ്രവർത്തനവും തെരച്ചിലും തുടരുകയാണ്‌. കോരിച്ചൊരിയുന്ന മഴയിലും തീവ്രരക്ഷാപ്രവർത്തനങ്ങളാണ്‌ നടത്തുന്നത്‌. സൈന്യവും ദുരന്തനിവാരണ സേനയുമുണ്ട്‌. പൊലീസും അഗ്നിശമനസേനയും സന്നദ്ധപ്രവർത്തകരും കൈമെയ്‌മറന്ന്‌ പ്രവർത്തിക്കുകയാണ്‌. 

ബാണാസുര മലയിൽ ഉണ്ടായ ഉരുൾപ്പൊട്ടലിന്‌ ശേഷം ജില്ലയിൽ ഏറ്റവും കൂടുതൽ ജീവനുകൾ നഷ്ടപ്പെട്ട ഉരുൾപ്പൊട്ടലാണ്‌ പുത്തുമലയിലുണ്ടായത്‌. വനാതിർത്തിയോട്‌ ചേർന്ന പച്ചക്കാടായിരുന്നു പ്രഭവകേന്ദ്രം. വ്യാഴാഴ്‌ച്ച വൈകിട്ട്‌   ഉരുൾപ്പൊട്ടിയശേഷം പിന്നീട്‌ നിരവധി ചെറിയ ഉരുളുകളുണ്ടായി. വെള്ളിയാഴ്‌ച്ച രക്ഷാപ്രവർത്തനങ്ങൾക്കിടയിലും മണ്ണിടിഞ്ഞു. 

ബുധനാഴ്‌ച്ച വൈകിട്ട്‌ മുതൽ പച്ചക്കാട്‌, പുത്തുമല, ചൂരൽമല, അട്ടമല, മുണ്ടക്കൈ പ്രദേശങ്ങൾ ഭീതിയിലായിരുന്നു. മഴയും കാറ്റും ശക്തമായതിനാൽ കുടുംബങ്ങൾ സുരക്ഷാകേന്ദ്രങ്ങളിലേക്ക്‌ മാറാൻ തുടങ്ങിയിരുന്നു. പലയിടങ്ങളിലും മണ്ണിടിഞ്ഞു. മേപ്പാടി ചൂരൽമല റോഡ്‌ തടസ്സപ്പെട്ടു.സി കെ ശശീന്ദ്രൻ എംഎൽഎയുടെയും പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ കെ സഹദിന്റെയും നേതൃത്വത്തിൽ വനം, റവന്യു ഉദ്യോഗസ്ഥരും നാട്ടുകാരും ആളുകളെ ഒഴിപ്പിച്ച്‌ തുടങ്ങിയിരുന്നു.  ഉച്ചയോടെ ദുരിതാശ്വാസ ക്യാന്പുകളിലെത്തിയവരുടെ എണ്ണം മൂന്നൂറായിരുന്നു.  ഇതിനിടയിലായിരുന്നു ഉരുൾപ്പൊട്ടൽ. ഭൂരിഭാഗം ആളുകളെയും ഒഴിപ്പിച്ചതിനാലാണ്‌ ദുരന്തം കുറഞ്ഞത്‌.   ഉരുൾപ്പൊട്ടിയതോടെ പ്രദേശങ്ങൾതമ്മിലുള്ള ബന്ധം അറ്റു. മേപ്പാടി‐ചൂരൽമല റോഡ്‌ പുത്തുമലയിൽ രണ്ടായി മുറിഞ്ഞു. ഇതോടെ ചൂരൽമല, അട്ടമല, മുണ്ടക്കൈ, നീലിക്കാപ്പ്‌, ഏലവയൽ, സൂച്ചിപ്പാറ പ്രദേശങ്ങൾ ഒറ്റപ്പെട്ടു. രാവിലെ ചൂരൽമലഭാഗതെത്തിയ പഞ്ചായത്ത്‌ പ്രസിഡന്റ്‌  സഹദ്‌ അടക്കമുള്ളവർ ഇവിടെ കുടുങ്ങി.  ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം റോഷ്‌ന യൂസഫ്‌, പഞ്ചായത്തംഗങ്ങളായ സി ചന്ദ്രൻ, അബ്‌ദുൾ സലാം, സീനത്ത്‌ എന്നിവരും  വ്യാഴാഴ്‌ച്ച  രാവിലെ മുതൽ ആളുകളെ ഒഴിപ്പിക്കാനുണ്ടായിരുന്നു.

പ്രധാന വാർത്തകൾ
 Top