25 March Monday

ജില്ലയിൽ പരക്കെ കനത്ത നാശം.

സ്വന്തം ലേഖകൻUpdated: Friday Aug 10, 2018

ളാന്തോട്‌ രാജഗിരിയിൽ ഉണ്ടായ ഉരുൾപൊട്ടൽ വ ഫോട്ടോ: പി ദിലീപ്‌കുമാർ

 
ഇരിട്ടി
കാലവർഷം കലിതുള്ളിയപ്പോൾ ജില്ലയിൽ പരക്കെ കനത്ത നാശം. മണ്ണിടിഞ്ഞും ഉരുൾപ്പൊട്ടിയും  വെള്ളം കയറിയും മരം വീണും   കനത്ത നാശമാണ്‌ ഉണ്ടായത്‌. മലയോര മേഖലയിലാണ്‌ വിവരണാതീതമായ നഷ്ടം സംഭവിച്ചത്‌. ഇരിട്ടി മേഖലയിൽ 17 സ്ഥലങ്ങളിൽ ഉരുൾപൊട്ടി. 75 വീടുകൾ പൂർണമായി തകർന്നു. ള്ളിക്കൽ, അയ്യങ്കുന്ന്, ആറളം, പായം പഞ്ചായത്തുകളിലായി 200 വീടുകൾക്ക് മണ്ണിടിഞ്ഞും വെള്ളം കയറിയും കേടുപറ്റി. കരിക്കോട്ടക്കരിക്കടുത്ത വാളത്തോടിൽ   വീടുകൾ നാട്ടുകാരും മിലിറ്ററി ഇൻഫന്ററി ബറ്റാലിയൻ സേനാംഗങ്ങളും നോക്കിനിൽക്കെ മണ്ണിടിഞ്ഞും ഉരുൾപൊട്ടിയും  നിലംപൊത്തി. ഒറ്റപ്പനാൽ രവീന്ദ്രൻ, സഹോദരൻ മോഹനൻ എന്നിവരുടെ വീടുകളാണ് വ്യാഴാഴ്ച പകൽ  രണ്ടരയോടെ തകർന്നടിഞ്ഞത്. ഉളിക്കൽ അറബിക്കുളത്തും ആറളം ഫാം അങ്കണവാടിയിലും ഫാം പുനരധിവാസ മിഷൻ ഓഫീസിലും മാങ്ങോട് നിർമല എൽ പി സ്കൂളിലും മുടിക്കയത്തുമായി അഞ്ച് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. അറബിക്കുളത്ത് ക്യാമ്പിൽ 15 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ചതിരൂർ 110 കോളനിയിലെ 41 കുടുംബങ്ങളിലെ 137 ആദിവാസികൾ നിർമല എൽ പി സ്കൂൾ ക്യാമ്പിൽ കഴിയുന്നു. മുടിക്കയം ക്യാമ്പിൽ ഒമ്പതു കുടുംബങ്ങളുണ്ട്. ആറളം ഫാം ക്യാമ്പിൽ 75 ആദിവാസികളുണ്ട്.
പുനർനിർമിച്ച ആറളം ഫാം വളയഞ്ചാൽ തൂക്കുമരപ്പാലം വീണ്ടും തകർന്നു. മൂന്നാഴ്ച മുമ്പത്തെ ഉരുൾപൊട്ടലിൽ തകർന്ന് ഒലിച്ചുപോയ പാലം മൂന്നര ദിവസംകൊണ്ട് നന്നാക്കിയിരുന്നു. മലയോരത്തും ആറളം വനത്തിലും  തുടരുന്ന കാലവർഷത്തിൽ തുടരെയുള്ള ഉരുൾപൊട്ടലിലാണ്. വ്യാഴാഴ്ച പുലർച്ചെ ആർത്തലച്ചൊഴുകിയ ചീങ്കണ്ണിപ്പുഴ പാലം ചുഴറ്റിയെറിഞ്ഞു. തകർന്ന പാലത്തിന്റെ ഒരു ഭാഗം കരിക്കടിഞ്ഞു. പ്രധാന തൂണുകളും ഉരുൾപൊട്ടലിൽ   തകർന്നടിഞ്ഞു.ആറളം ഫാം ആദിവാസി പുനരധിവാസ മേഖല വീണ്ടും കടുത്ത യാത്രാക്ലേശത്തിലായി. ആറളം, അയ്യങ്കുന്ന് പഞ്ചായത്തുകളിലെ എടപ്പുഴ, പാറക്കപാറ,  കുണ്ടുമാങ്ങോട്, ആറളംവനം, ഉളിക്കലിലെ കാലാങ്കി, ആറളത്തെ വെളിമാനം എന്നിവിടങ്ങളിൽ വ്യാഴാഴ്ച  ഉരുൾപൊട്ടി. നുറ്കണക്കിന് ഏക്കർ കൃഷി നശിച്ചു. 25 ഗ്രാമിണ റോഡുകൾ തകർന്നു. വനമേഖലയിൽ  നിരവധി കുടുംബങ്ങൾ ഒറ്റപ്പെട്ടു.   ജിവനോപാധികൾ ഒഴുകിപ്പോയി.  ആറളം ഫാം ഹോമിയോ ആശുപത്രിയിലെ രണ്ട് ലക്ഷം രൂപ വില വരുന്ന മരുന്നുകൾ വെളളം കയറി നശിച്ചു. കമ്പനിനിരത്തിൽ ആറ് വീടുകൾ തകർന്നു. വെള്ളാറമ്പൽ രാഘവൻ,വെള്ളാറമ്പൽ രവീന്ദ്രൻ, പുത്തൻപരയിൽ ഗംഗാധരൻ,എടത്തിങ്കൽ വസുമതി, ചെമ്മാടത്ത് കുമാരൻ, ജോയി കൂട്ടിയാനിക്കൽ  എന്നിവരുടെ വീടുകളാണ് തകർന്നത്. വെളിമാനം മാനുവൽ മലയിൽ രണ്ടിടത്ത് ഉരുൾപൊട്ടി. വീടുകൾ വെള്ളത്തിലായി. കിണറുകൾ ഉപയോഗശൂന്യമായി. കൃഷിയും നശിച്ചു. പായത്തെ പെരിങ്കരി, കൂമ തോട്, ഉദയഗിരി മേഖലയിൽ പൊയ്യയിൽ ഷിബു, സി ദാസൻ, കെ കെ ഗോപാലകൃഷ്ണൻ, കോങ്ങാടൻ സുജാത, കേളോത്ത് പ്രകാശൻ എന്നിവരുടെ വീടുകൾക്ക് കേടുപറ്റി. മട്ടിണി റോഡിൽ മണ്ണിടിഞ്ഞു. വള്ളിത്തോട് റോഡിൽ മരവും മണ്ണുമിടിഞ്ഞു. ഉളിക്കൽ മാട്ടറയിൽ മണ്ണിടിഞ്ഞ് കോയിക്കാമയിൽ സിനോജ്, അനിൽ എന്നിവരുടെ വീടുകൾ ഭാഗികമായി തകർന്നു.
പാറക്കപാറ കാരുണ്യമാതാ പള്ളിയിൽ  വെള്ളം കയറി. പാറക്കപ്പാറ ടഫറേൽ റോഡ് ഉരുൾപൊട്ടലിൽ പൂർണമായുംതകർന്നു. റോഡിനു കുറുകെ തോട് രൂപപ്പെട്ടു. മൂന്ന് കിലോമിറ്റർ ടാറിംങ് റോഡിലെ കലുങ്ക് ഒലിച്ചുപോയി.തടിപ്ലാക്കൽതങ്കച്ചൻ,ബൈജുവാഴക്കാലയിൽ,ടി ടി ബേബി എന്നിവരുടെ വീട് വെള്ളത്തിനടിയിലായി. കാവുങ്കൽ ജയന്റെ വീടും അപകടത്തിലാണ്.എടപ്പുഴ കീഴങ്ങാനത്തെ കുടുങ്ങാത്തടത്തിൽ ജോളി വീട് നിർമിക്കാൻ  വാങ്ങിയ പത്ത് സെന്റ് സ്ഥലത്തെ മണ്ണ‌്  ഒലിച്ചുപോയി. കീഴങ്ങാനം മല റോഡ് പൂർണമായി തകർന്നു. മുടിക്കയത്തും പാറക്കപ്പാറയിലും ഉരുൾപൊട്ടി വാണിയപ്പാറത്തട്ട‌് ക്രഷർറോഡ് മഴവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി. പാറക്കപ്പാറയിൽ അമ്പതോളം കുടുംബങ്ങൾ  ഒറ്റപ്പെട്ടു. ആറളം, അയ്യങ്കുന്ന് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മാഞ്ചോട് പാലം  ഒഴുകിപ്പോയി. വളയംകോട് എടപ്പുഴ റോഡും തകർന്നു. മാഞ്ചോട്ടെ എട്ട് കുടുംബങ്ങൾ പാലം തകർന്നതിനെ തുടർന്ന് ഒറ്റപ്പെട്ടു. എടപ്പുഴയിലെ ഞാറളത്തേൽ അജിയുടെ പലച്ചരക്ക് കട കെട്ടിടം ഭാഗികമായി തകർന്നു. 
ആറളം  മാങ്ങോട് അത്തിക്കൽ ഭാഗത്ത് 15 വീടുകൾ തകർന്നു. മാങ്ങോട്ടെ കൊട്ടാരത്തിൽ ഷിന്റോ, വിൽസൻ മുണ്ടനാട്, തോമസ് പാടശ്ശേരി, പാപ്പച്ചൻ തുരുത്തിക്കാട്, തോമസ് കിളിത്തട്ടിൽ, മാത്യു ഇടത്തിനാൽ, ഓഷക്കൽ ഷൈനി, അപ്പച്ചൻ ചെറിയനോലി, കത്രിനപുതുപ്പള്ളി, ലക്ഷ്മിമുണ്ടയ്ക്കൽ, ത്യേസ്യാമ്മ ചാമനാട് എന്നിവരുടെ വീടുകളാണ് പൂർണമായി തകർന്നത്. വള്ളിത്തോട് പിഎച്ച്സിക്കു മുകളിൽ മണ്ണിടിഞ്ഞ് വീണ് പിഎച്ച്സി പ്രവർത്തനം നിർത്തി. തലശേരി ﹣വളവുപാറ റോഡിലും മണ്ണിടിച്ചിലുണ്ടായി. വിരാജ് പേട്ടചുരം റോഡിൽ തുടർച്ചയായി മരം കടപുഴകിയതിനെ തുടർന്ന് ഉച്ചവരെ ഗതാഗതം നിർത്തിവച്ചു.പാൽചുരം വഴിയുള്ള മാനന്തവാടിയിലേക്കുള്ള ഗതാഗതത്തിനു നിയന്ത്രണമേർപ്പെടുത്തിയതോടെ ചുരം റോഡിൽ നിയന്ത്രണം നീക്കി. കാലാങ്കിയിലും ഉരുൾപൊട്ടി.
 

 

പ്രധാന വാർത്തകൾ
 Top