03 August Monday

മീൻ പിടിക്കാം, വീട്ടുമുറ്റത്ത്‌

വെബ് ഡെസ്‌ക്‌Updated: Friday Jul 10, 2020
 
കണ്ണൂർ
വിഷമില്ലാത്ത മീനുകൾ ഇനി വീടുകളിലും ‘വിളയും’. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ്‌ വീടുകളിൽ ബയോഫ്ലോക്ക്‌ മത്സ്യകൃഷി ആരംഭിക്കുന്നത്‌. കോവിഡ്‌ പശ്‌ചാത്തലത്തിൽ ഭക്ഷ്യസുരക്ഷയും സാമ്പത്തിക സുരക്ഷയും ഉറപ്പാക്കുന്നതിനും ഉൾനാടുകളിലേക്ക്‌ മത്സ്യകൃഷി വ്യാപിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ്‌ പദ്ധതി. 
നൈൽ തിലാപ്പിയ മത്സ്യമാണ്‌ വളർത്തുക. ഒരു വർഷമാണ്‌ പദ്ധതി കാലാവധി. രണ്ട്‌ വിളവെടുപ്പുകളിലായി ഒരു ടൺ ഉൽപാദനമാണ്‌ ഒരു യൂണിറ്റിൽനിന്ന്‌  പ്രതീക്ഷിക്കുന്നത്‌. ആറുമാസമാകുമ്പോഴേക്കും വിളവെടുക്കാനാകും. 
അടുത്ത കാലത്തായി മാരകമായ രാസവസ്‌തുക്കൾ കലർത്തിയ മത്സ്യം വൻതോതിൽ പിടികൂടിയിരുന്നു. പരിശോധനകളില്ലാതെ പലപ്പോഴും ഇവ ഉപഭോക്താക്കളിലുമെത്തിയിരുന്നു. ഇതിന്‌ പരിഹാരമാകുന്നതിനാണ്‌ മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിന്‌ പദ്ധതിയൊരുക്കിയത്‌. മത്സ്യകൃഷിയിൽ താൽപര്യമുള്ള ഗ്രൂപ്പുകളെയും വ്യക്തികളെയുമാണ്‌ ഇതിനായി സജ്ജമാക്കുക. അപേക്ഷകരിൽ പദ്ധതിക്കാവശ്യമായ സ്ഥലസൗകര്യമുള്ളവരെ തദ്ദേശസ്ഥാപനങ്ങളാണ്‌ തെരഞ്ഞെടുക്കുക. ബയോഫ്ലോക്ക് പദ്ധതിയിൽ അഞ്ച്‌ മീറ്റർ വ്യാസവും ഉയരവുമുള്ള ടാങ്കിലാണ്‌ മത്സ്യകൃഷി. ഷീറ്റ്‌ ഉപയോഗിച്ചാണ്‌ ടാങ്ക്‌ നിർമിക്കുക. ടാങ്കടക്കമുള്ള പശ്‌ചാത്തലസൗകര്യമൊരുക്കുന്നതിന്‌ നാൽപത്‌ ശതമാനം സബ്‌സിഡി അനുവദിക്കും. 1.38 ലക്ഷം രൂപയാണ്‌ ഒരു യൂണിറ്റിന്‌ ചെലവ്‌ പ്രതീക്ഷിക്കുന്നത്‌. 82,800 രൂപയാണ്‌ ഗുണഭോക്തൃവിഹിതം. തദ്ദേശസ്ഥാപനങ്ങൾ 36,800 രൂപയും ഫിഷറീസ്‌ വകുപ്പ്‌ 18,400 രൂപയും നൽകും. ജില്ലാ പഞ്ചായത്ത്‌ ഒരുകോടി രൂപയാണ്‌ പദ്ധതിക്കായി വകയിരുത്തിയത്‌. ബയോഫ്ലോക്ക്‌ മത്സ്യകൃഷിയെക്കുറിച്ചുള്ള ഓൺലൈൻ പരിശീലനം 10, 13 തിയതികളിൽ നടക്കുന്നുണ്ട്‌.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top