22 September Friday

ഇ കാസിം സ്‌മരണയിൽ നാട്

വെബ് ഡെസ്‌ക്‌Updated: Saturday Jun 10, 2023

ഇ കാസിം അനുസ്മരണ സമ്മേളനം ഭരണിക്കാവിൽ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി ഉദ്ഘാടനംചെയ്യുന്നു

ശാസ്താംകോട്ട
സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗമായിരുന്ന ഇ കാസിമിന്റെ സ്‌മരണ പുതുക്കി നാട്‌. ഭരണിക്കാവിൽ ചേർന്ന അനുസ്മരണ സമ്മേളനം സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി ഉദ്ഘാടനംചെയ്തു. 
സിപിഐ എം ഏരിയ സെക്രട്ടറി ടി ആർ ശങ്കരപ്പിള്ള അധ്യക്ഷനായി. സംഘാടകസമിതി കൺവീനർ എ ഷാനവാസ്‌ സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം കെ സോമപ്രസാദ്, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എസ് ജയമോഹൻ, എം ശിവശങ്കരപ്പിള്ള, ജില്ലാകമ്മിറ്റി അംഗം പി കെ ഗോപൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. തുടർന്ന് കശുവണ്ടിത്തൊഴിലാളികളുടെ മക്കൾക്ക് ഏർപ്പെടുത്തിയ എൻഡോവ്മെന്റ് കെ സോമപ്രസാദ് വിതരണംചെയ്തു. കെ കെ രവികുമാർ, എൻ യശ്പാൽ, എസ് സത്യൻ, എസ് ശശികുമാർ എന്നിവർ സംസാരിച്ചു.
അനുസ്മരണത്തോട് അനുബന്ധിച്ച്‌ കുന്നത്തൂർ ഏരിയ കമ്മിറ്റി ഓഫീസിലും താലൂക്കിലെ വിവിധ കശുവണ്ടി ഫാക്ടറികൾക്കു മുന്നിലും പതാക ഉയർത്തി പുഷ്പാർച്ചന നടത്തി.
 
 
കേന്ദ്രം തൊഴിലാളികളുടെ അവകാശം ഇല്ലാതാക്കി: എളമരം കരീം
ശാസ്താംകോട്ട
രാജ്യത്തെ തൊഴിലാളികൾക്ക് സംഘടിക്കാനുള്ള അവകാശം ഇല്ലാതാക്കിയ സർക്കാരാണ്‌ രാജ്യം ഭരിക്കുന്നതെന്ന്‌ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി പറഞ്ഞു. ഭരണിക്കാവിൽ ഇ കാസിം അനുസ്മരണ സമ്മേളനം ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിൽ നിയമങ്ങൾ മാറ്റിയെഴുതി തൊഴിലാളിവിരുദ്ധ നിലപാടുകളുമായി കേന്ദ്രം മുന്നോട്ട്‌ പോകുന്നു. മോദി ഭരണത്തിനു കീഴിൽ രാജ്യത്ത്‌ രൂക്ഷമായ തൊഴിലില്ലായ്മ നിലനിൽക്കുന്നു. സ്വകാര്യ കമ്പനികൾക്ക് കൊള്ളലാഭം കൊയ്യാൻ കേന്ദ്രസർക്കാർ കൂട്ടുനിൽക്കുകയാണ്‌. സ്വാമിനാഥൻ റിപ്പോർട്ട് നടപ്പാക്കും എന്നുപറഞ്ഞ് അധികാരത്തിൽ വന്ന മോദി കർഷകവിരുദ്ധ ബില്ലുകൾ പാർലമെന്റിൽ അവതരിപ്പിച്ചു. കർഷകർക്ക് നൽകിയ ഒരുറപ്പും പാലിക്കാൻ കേന്ദ്രസർക്കാരിന്‌ കഴിഞ്ഞിട്ടില്ല. വർഗീയത ആളിക്കത്തിച്ച്  ജനകീയ പ്രശ്നങ്ങൾ ചർച്ച ചെയ്യാതിരിക്കാനുള്ള ശ്രമങ്ങളാണ് ആർഎസ്എസ് സഹായത്തോടെ നടപ്പാക്കുന്നത്. രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ പൂർണമായും സ്വകാര്യവൽക്കരിക്കുന്നു. വർഗീയതയോട്‌ സന്ധിചെയ്യുന്ന നിലപാടാണ് എക്കാലത്തും കോൺഗ്രസിനുള്ളത്. ഇതുമൂലം ജനങ്ങൾക്ക് കോൺഗ്രസിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. മതനിരപേക്ഷ ചേരിയിൽ ഉറച്ചുനിന്നു ബിജെപിക്കെതിരെ പോരാടണമെങ്കിൽ ഇടതുപക്ഷം ശക്തിപ്പെടണമെന്നും എളമരം കരീം എംപി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top