27 June Thursday

അന്വേഷണം മൊബൈൽ ഫോൺ കോളുകൾ കേന്ദ്രീകരിച്ച‌്

വെബ് ഡെസ്‌ക്‌Updated: Monday Jun 10, 2019
തിരുവനന്തപുരം
വയലിനിസ‌്റ്റ‌്‌ ബാലഭാസ‌്കറിന്റെ  വാഹനം അപകടത്തിൽപ്പെട്ടതിന‌് മുമ്പും  ശേഷവും ആ വഴി കടന്നുപോയ മുഴുവൻ വ്യക്തികളുടെയും മൊബൈൽ ഫോൺ കോളുകൾ കേന്ദ്രീകരിച്ച‌് ക്രൈംബ്രാഞ്ച‌് അന്വേഷണം. അപകടവുമായി ബന്ധപ്പെട്ടുയർന്ന ദുരൂഹതകൾ നീക്കുന്നതിന്റെ ഭാഗമായാണ‌് ക്രൈംബ്രാഞ്ചിന്റെ പുതിയ നീക്കം.
 
കഴക്കൂട്ടം പള്ളിത്തുറയിലാണ‌് ബാലഭാസ‌്കറും കുടുംബവും സഞ്ചരിച്ച‌ വാഹനം അപകടത്തിൽപ്പെട്ടത‌്. സംശയാസ‌്പദസാഹചര്യത്തിൽ സ്ഥലത്ത‌് ചിലരെ കണ്ടെന്ന സാക്ഷിമൊഴികളുണ്ടായിരുന്നു. അപകടത്തിനുമുമ്പ‌് ബാലഭാസ‌്കറിന‌് നിരന്തരം കോളുകൾ വന്നിരുന്നതായും വിവരമുണ്ട‌്. ഈ സാഹചര്യത്തിലാണ‌്  മൊബൈൽ ഫോൺ കോളുകൾ കേന്ദ്രീകരിച്ച‌് അന്വേഷണം നടത്തുന്നത‌്. കോളുകളുടെ വിശദാംശങ്ങൾ, മൊബൈൽ ലൊക്കേഷൻ എന്നിവ ശേഖരിക്കാൻ ആരംഭിച്ചു.  പരിശോധിക്കേണ്ട കോളുകൾ, സാക്ഷികൾ എന്നിവരുടെ ലിസ‌്റ്റ‌് തയ്യാറാക്കിയിരുന്നു. 
 
തൃശൂരിൽനിന്ന‌് തിരുവനന്തപുരത്തേക്കുള്ള ബാലഭാസ‌്കറിന്റെ യാത്ര, അപകടസമയം ആശുപത്രിയിലേക്ക‌് കൊണ്ടുപോയത‌്, മരിക്കുന്നതിന‌് മുമ്പുവരെ ആശുപത്രിയിൽ നടന്ന കാര്യങ്ങൾ എന്നിവയാണ‌് രണ്ടാംഘട്ടമായി ക്രൈംബ്രാഞ്ച‌് അന്വേഷിക്കുന്നത‌്. ആശുപത്രിയിൽ എത്തിച്ചവർ, സന്ദർശകർ തുടങ്ങിയവരുടെയും മൊഴി എടുക്കും. ബാലഭാസ‌്കറിനെ അവസാനം കണ്ട‌ത‌് ആരാണെന്നറിയാൻ ആശുപത്രി രേഖകൾ ഉടൻ പരിശോധിക്കും. ആദ്യഘട്ടത്തിൽ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങളാണ‌് ശേഖരിച്ചത‌്.  ഈ രേഖകൾ പരിശോധിക്കുകയാണ‌്.
 
 ബാലഭാസ‌്കറിന്റെ അച്ഛൻ കെ സി ഉണ്ണിയുൾപ്പെടെയുള്ളവരുടെ പരാതിയുടെ അടസ്ഥാനത്തിൽ സംഭവത്തിനുപിന്നിൽ ആസൂത്രിത നീക്കം എന്തെങ്കിലും നടന്നിട്ടുണ്ടോയെന്ന‌് അറിയുന്നതിനാണ‌് സാമ്പത്തിക ഇടപാട‌്, മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ച‌് അന്വേഷണം നടത്തുന്നത‌്. പ്രകാശ‌ൻതമ്പിയോടൊപ്പം സിസിടിവി ദൃശ്യം പരിശോധിക്കാൻ കൊല്ലത്ത‌് പോയ ജമീൽ, സനൽ എന്നിവരുടെ മൊഴി ഉടൻ എടുക്കും. സംഗീതരംഗത്ത‌് ബാലഭാസ‌്കറുമായി സഹകരിച്ചിരുന്നവരെയും സുഹൃത്തുക്കളെയും ചോദ്യംചെയ്യും.
 
പ്രധാന വാർത്തകൾ
 Top