12 November Tuesday
പലയിടത്തും വൈദ്യുതി മുടങ്ങി

കനത്തമഴ: ജില്ലയിൽ വ്യാപകനാശം

വെബ് ഡെസ്‌ക്‌Updated: Monday Jun 10, 2019
 
ആലപ്പുഴ
ശക‌്തമായ കാറ്റിലും മഴയിലും മരം വീണ‌് വിവിധയിടങ്ങളിൽ നാശനഷ‌്ടമുണ്ടായി. വൈദ്യുതിക്കമ്പിയും പോസ‌്റ്റും പൊട്ടി പലയിടങ്ങിലും വൈദ്യുതി മുടങ്ങി. അറ്റകുറ്റപ്പണി തുടരുന്നുണ്ടെങ്കിലും തിങ്കളാഴ‌്ച വൈകിട്ടോടെയേ വൈദ്യുതിവിതരണം പൂർണമായി പുനസ്ഥാപിക്കാനാകൂ.
ആലപ്പുഴ സഹ‌ൃദയ ആശുപത്രിക്ക‌് സമീപം വീടിന‌് മുകളിലും കണ്ണൻ വർക്കി പാലത്തിന‌് വടക്ക‌് കെട്ടിടത്തിന‌് മുകളിലും മരം വീണു. ആളപായമില്ല. കിടങ്ങാപ്പറമ്പ‌് നടയിൽ വടക്കേതിൽ ചന്ദ്രന്റെ വീടിനുമുകളിലാണ‌് പുളിമരം വീണത‌്. വീടിനകത്തുണ്ടായിരുന്ന കിടപ്പുരോഗിയെ അഗ്നിരക്ഷാസേനയെത്തി രക്ഷിച്ചു. തുമ്പോളിയിൽ തേക്ക‌് കടപുഴകിവീണ‌് ഗതാഗതം തടസ്സപ്പെട്ടു. തത്തംപള്ളി ആലിൻചുവട‌് ജങ്ഷനിലെ ആൽമരവും കടപുഴകിവീണു. ആലപ്പുഴയിൽനിന്ന‌് അഗ്നിരക്ഷാസേനയെത്തി മരം മുറിച്ചുനീക്കി ഗതാഗതം പുനസ്ഥാപിച്ചു.
അമ്പലപ്പുഴയിൽ ഭിത്തി തകർന്നുവീണ വീട്ടിൽനിന്ന‌് വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് 15–-ാം വാർഡ് കോമനപുതുവൽ സജിത്ത്ഭവനിൽ കുട്ടന്റെ (54) വീടിന്റെ അടുക്കളയുടെയും സമീപത്തെ കിടപ്പുമുറിയുടേയും പുറംഭിത്തിയാണ് തകർന്നുവീണത്. ഞായറാഴ‌്ച പുലർച്ചെ നാലോടെയായിരുന്നു സംഭവം. ഈ സമയം കുട്ടനും ഭാര്യ സുമ(43)യും ക്യാൻസർബാധിതയായ സുമയുടെ സഹോദരി സുജയും ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മകൻ സജിത്തും (22) സജിത്തിന്റെ സുഹ‌ൃത്ത് സാജനും വീട്ടിലുണ്ടായിരുന്നു. മേൽക്കൂര ഷീറ്റ‌് മേഞ്ഞ് ഹോളോബ്രിക‌്സ‌് കൊണ്ട‌് നിർമിച്ച വീടിന് 15 വർഷത്തിലധികം പഴക്കമുണ്ട്. ഭിത്തി പുറത്തേക്ക‌് മറിഞ്ഞതാണ് അപകടമൊഴിവായതെന്ന് കുട്ടൻ പറഞ്ഞു. 
അമ്പലപ്പുഴ വടക്ക്‌ പഞ്ചായത്ത്‌ 15-–-ാം വാർഡിൽ ശക്തമായ കാറ്റിൽ നീർക്കുന്നം താഴ‌്ചയിൽ (പുതുവൽ)സുസ‌്മിതൻ, പുതുവൽ അമീർ, തെക്കേപാറലിൽ ബാബു എന്നിവരുടെ വീടിന്റെ മേൽക്കൂരകൾ തകർന്നു.
കുട്ടനാട്ടിൽ രണ്ട‌് വീട‌് കാറ്റിൽ തകർന്നു. ഞായറാഴ‌്ച പകലുണ്ടായ കാറ്റിലാണ് വീടുകൾ തകർന്നത്. 
നെടുമുടി പഞ്ചായത്തിൽ എട്ടാം വാർഡിൽ ചമ്പക്കുളം തെക്കേമുറിയിൽ മാങ്ങാപള്ളി വീട്ടിൽ ബൈജുവിന്റെ വീടിന്റെ ഭിത്തിയും മേൽകൂരയും തകർന്നുവീണു. 
എടത്വ മൂന്നാം വാർഡിൽ ചങ്ങങ്കരിതുണ്ടിയിൽ വീട്ടിൽ ദാമോദരന്റെ വീടിന്റ മേൽക്കൂരയുടെ ഷീറ്റുകൾ  കാറ്റിൽ തകർന്നു.
 

കൂടുതൽ മഴ 

ആലപ്പുഴ നഗരത്തിൽ

ആലപ്പുഴ
ജില്ലയിൽ ഞായറാഴ‌്ച മഴ കനത്തു. ആലപ്പുഴ നഗരത്തിലാണ‌് കൂടുതൽ മഴ ലഭിച്ചത‌്. ഞായറാഴ‌്ച രാവിലെമുതൽ ഉച്ചവരെ തെളിഞ്ഞ കാലാവസ്ഥയായിരുന്നെങ്കിലും പിന്നീട് സ്ഥതി മാറി. ചെറിയ തോതിൽ പെയ‌്തശേഷം പെരുമഴയാകുകയായിരുന്നു. ചെറിയ കാറ്റുമുണ്ടായി. കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ കണക്ക‌് പ്രകാരം ആലപ്പുഴ നഗരപരിസരത്താണ് കൂടുതൽ മഴ പെയ‌്തത‌്–- 65.6 മി. മീറ്റർ. ചേർത്തല–-43 മി. മീറ്റര്‍, മങ്കൊമ്പ‌്–- 36 മി. മീറ്റര്‍, കായംകുളം–- 6.1 മി. മീറ്റര്‍, ഹരിപ്പാട‌്–- 4.8 മി. മീറ്റര്‍, മാവേലിക്കര–- 3.6 മി. മീറ്റര്‍, ചെങ്ങന്നൂർ–- 1 എന്നിങ്ങനെയാണ‌് ഞായറാഴ‌്ച പകൽ ലഭിച്ച മഴയുടെ കണക്ക‌്. തിങ്കളാഴ‌്ചയും ചൊവ്വാഴ‌്ചയും കനത്ത മഴയ‌്ക്ക‌് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.
കാലവർഷത്തെത്തുടർന്ന‌് ജില്ലയിലെ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി  ഡോക‌്ടർമാരും പാരാമെഡിക്കൽ ജീവനക്കാരും അടങ്ങുന്ന 50 അംഗ സംഘത്തെ നിയോഗിച്ചു. ആരോഗ്യ അടിയന്തര സാഹചര്യങ്ങളെ നേരിടാൻ എൻഎച്ച‌്എം ആണ‌് 24 മണിക്കൂറും  സേവനം ലഭ്യമാക്കുന്നത‌്.

കൺട്രോൾറൂം തുറന്നു

ആലപ്പുഴ
കാലവർഷമാരംഭിച്ചതോടെ കലക്ടറേറ്റിൽ കൺട്രോൾറൂം തുറന്നു.  ഫോൺ: 04772238630.
പ്രധാന വാർത്തകൾ
 Top