17 October Thursday

കഞ്ചാവിന‌് പണം നല്‍കിയില്ല; അമ്മൂമ്മയെ കൊലപ്പെടുത്തി

വെബ് ഡെസ്‌ക്‌Updated: Monday Jun 10, 2019
ചേർത്തല
യുവാവ് അമ്മൂമ്മയെ തലയ‌്ക്കടിച്ച് കൊലപ്പെടുത്തിയത് കഞ്ചാവ് വാങ്ങാൻ പണം നൽകാത്തതിന്. പട്ടണക്കാട് പഞ്ചായത്ത് എട്ടാം വാർഡിൽ ഹരിജൻ കോളനിയിൽ വെളുത്തേടത്തുവെളി വീട്ടിൽ പരേതനായ പ്രഭാകരന്റെ ഭാര്യ ശാന്ത (72)യെ ആണ് ശനിയാഴ‌്ച രാത്രി ചെറുമകന്‍ കൊലപ്പെടുത്തിയത്. 
അരൂർ അക്ഷയനിവാസിൽ ഉത്തമന്റെ മകൻ അനന്തു (26) ശനിയാഴ‌്ച രാത്രി പട്ടണക്കാട് പൊലീസിൽ കീഴടങ്ങി. ശാന്തയുടെ മകൾ ഷീലയുടെ മകനാണ് അനന്തു. 
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: നാല‌ുദിവസമായി അനന്തു മുത്തശിയോടൊപ്പമായിരുന്നു. ശനിയാഴ‌്ച രാത്രി പണം ആവശ്യപ്പെട്ടെങ്കിലും ശാന്ത നൽകിയില്ല. തുടർന്ന് വീട്ടിൽ സൂക്ഷിച്ചിരുന്ന വ്യായമത്തിന് ഉപയോഗിക്കുന്ന ഭാരമേറിയ ഉപകരണംകൊണ്ട് തലയ‌്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. വലതുചെവിയുടെ ഭാഗത്ത് മൂന്നുതവണ അടിയേറ്റു. തുടർന്ന് മണ്ണെണ്ണ കത്തിക്കാന്‍ ശ്രമിച്ചെങ്കിലും മരണം ഉറപ്പിച്ചതോടെ പിൻവാങ്ങി. ശേഷം മൂന്നുകിലോമീറ്റർ അകലെയുള്ള  പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഇയാളെ കസ‌്റ്റഡിയിലെടുത്ത പൊലീസ് വീട്ടിലെത്തി മരണം സ്ഥിരീകരിച്ച് വീടിന് കാവല്‍ ഏര്‍പ്പെടുത്തി. 
ഞായറാഴ‌്ച വിരലടയാള വിദഗ‌്ധർ സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി തെളിവുകളും രക്തസാമ്പിളും ശേഖരിച്ചു. മൃതദേഹത്തിൽ മണ്ണെണ്ണയുടെ രൂക്ഷഗന്ധം ഉണ്ടായിരുന്നു. 
ആലപ്പുഴ മെഡിക്കൽ കോളേജ‌് ആശുപത്രിയിൽ പോസ‌്റ്റ‌്മോർട്ടം നടത്തിയശേഷം ബന്ധുക്കൾക്ക് വിട്ടുനല്‍കിയ മൃതദേഹം വൈകിട്ടോടെ വീട്ടുവളപ്പില്‍ സംസ‌്കരിച്ചു. തലയോട്ടിയും കഴുത്തിന് പിൻഭാഗവും തകർന്നതാണ് മരണകാരണമായി പോസ‌്റ്റ‌്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നി​ഗമനം. 
കഞ്ചാവുകേസുൾപ്പെടെ നിരവധികേസുകളിൽ പ്രതിയായ അനന്തു ജയിൽശിക്ഷയും അനുഭവിച്ചിട്ടുണ്ട്. എഎസ‌്പി ആർ വിശ്വനാഥ്, പട്ടണക്കാട് എസ്ഐ അമൃതരംഗൻ എന്നിവരുടെ നേത‌ൃ ത്വത്തിലാണ് അന്വേഷണം. പ്രതിയെ തിങ്കളാഴ‌്ച കോടതിയിൽ ഹാജരാക്കും.
പ്രധാന വാർത്തകൾ
 Top