16 July Tuesday
മുന്നേറ്റങ്ങളുടെ ഒരു വർഷം

പ്രകാശിതമായി, കുടുംബശ്രീ ഗാഥ

സ്വന്തം ലേഖികUpdated: Monday Jun 10, 2019

കുടുംബശ്രീ ജില്ലാ മിഷന്റെ ഒരു വർഷത്തെ പ്രവർത്തനങ്ങൾ അടങ്ങിയ പ്രവർത്തനറിപ്പോർട്ട‌് കലക്ടർ മീർ മുഹമ്മദലി പ്രകാശനം ചെയ്യുന്നു.

കണ്ണൂർ
കുടുംബശ്രീ ജില്ലാമിഷൻ വിവിധ മേഖലകളിലായി നടത്തിയ ഒരു വർഷക്കാലത്തെ പ്രവർത്തനങ്ങളുടെ ലഘുവിവരണം ‘മുന്നേറ്റങ്ങളുടെ ഒരു വർഷം’ പ്രകാശനംചെയ‌്തു. വീടുകളിൽ ഒറ്റപ്പെട്ടുപോകുന്നവർക്ക‌് താങ്ങായും ആക്രമിക്കപ്പെടുന്നവർക്ക‌് നിയമസഹായമായും ഭിന്നശേഷിയുള്ള കുട്ടികൾക്കും അമ്മമാർക്കും തണലായും ജില്ലാമിഷൻ നടത്തിയ ഒരു വർഷത്തെ വിവിധ പദ്ധതികൾ, സൂക്ഷ‌്മസംരംഭങ്ങളിലൂടെ ജീവിതവിജയം നേടിയ ഒരുപാട‌് പേരുടെ അനുഭവങ്ങൾ തുടങ്ങി ജില്ലയിലെ ഒരു വർഷത്തെ മുന്നേറ്റങ്ങളുടെ ലഘുവിവരണമാണ‌് പുസ‌്തകത്തിൽ.
ഒറ്റപ്പെട്ടു താമസിക്കുന്നവരെ കണ്ടെത്തി അവർക്ക‌് മാനസിക പിന്തുണ നൽകാനായി ആരംഭിച്ച പദ്ധതിയാണ‌് സ‌്നേഹിത കോളിങ്ബെൽ. ജില്ലയിൽ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ പദ്ധതിയാണിത‌്. സഹായം ആവശ്യമുള്ള 2583 പേരെ സർവെയിലൂടെയാണ‌് കണ്ടെത്തിയത‌്. ഇതിൽ 342 പേർക്ക‌് മരുന്നും 14 പേർക്ക‌്‌ ഭക്ഷണ കിറ്റും വിതരണംചെയ്യുന്നുണ്ട‌്. ഇതിനുപുറമെ സ‌്നേഹിത ലീഗൽ ക്ലിനിക്കും വിജിലന്റ‌് ഗ്രൂപ്പും കമ്മ്യൂണിറ്റി കൗൺസലിങ്ങും പ്രവർത്തിക്കുന്നുണ്ട‌്.
ലൈഫ‌് പദ്ധതിയിൽ ഉൾപ്പെട്ട ഗുണഭോക്താക്കൾക്ക‌് കുടുംബശ്രീ വനിതാ നിർമാണ യൂണിറ്റ‌് അംഗങ്ങൾ വീട‌് നിർമിച്ച‌് നൽകി. വിവിധ പഞ്ചായത്തുകളിലായി 25 വീടുകൾ നിർമിച്ചു. ജില്ലയിൽ പെരിങ്ങോം, വയക്കര, മട്ടന്നൂർ, പടിയൂർ, ഇരിട്ടി, ശ്രീകണ‌്ഠപുരം, പേരാവൂർ, ആറളം എന്നിവിടങ്ങളിലായി 16 ഭവന നിർമാണ യൂണിറ്റുകളുണ്ട‌്. 
പ്രത്യാശ പദ്ധതിയിൽ ജില്ലയിൽ 14.5ലക്ഷം രൂപ ധനസഹായം വിതരണംചെയ‌്തിട്ടുണ്ട‌്‌.  അവിവാഹിതരായ അമ്മമാർ, അതിക്രമങ്ങൾക്ക‌് ഇരയായവർ, ഭിന്നലിംഗക്കാർ, വിധവകൾ തുടങ്ങിയവർക്ക‌് സംരംഭം തുടങ്ങാനാണ‌് ധനസഹായം നൽകുന്നത‌്. 31 ഗുണഭോക്താക്കൾക്ക‌് ധനസഹായം നൽകി. തീരദേശ സൂക്ഷ‌്മ പദ്ധതി പ്രകാരം 11 ഉപഭോക്താക്കൾക്കായി 704500 രൂപ വിതരണംചെയ‌്തിട്ടുണ്ട‌്. 
ഭിന്നശേഷിക്കാരുടെ വിദ്യാഭ്യാസവും തൊഴിൽ പരിശീലനവും ലക്ഷ്യമിട്ടുള്ള ബഡ‌്സ‌് സ‌്കൂളുകൾ ജില്ലയിൽ മികച്ച നിലയിൽ പ്രവർത്തിക്കുന്നുണ്ട‌്. ജില്ലയിൽ 17 ബഡ‌്സ‌് സ‌്കൂളുകളും ഏഴ‌് ബിആർസികളുമുണ്ട‌്‌. ബഡ‌്സിലെ കുട്ടികളെയും അവരുടെ അമ്മമാരെയും ഉൾപ്പെടുത്തിയുള്ള സംരംഭങ്ങളും ആരംഭിച്ചു. 
ജില്ലാ മിഷന്റെ നേതൃത്വത്തിൽ ബ്ലസ്സ‌് എന്ന പേരിലാണ‌് പദ്ധതി ആരംഭിച്ചത‌്. ബഡ‌്സ‌് സ‌്കൂളിലെ കുട്ടികൾ നിർമിക്കുന്ന പേപ്പർ പേന, നോട്ട‌് പാഡ‌്, പേപ്പർ കവർ,  പേപ്പർ ബാഗ‌്, മെഴുകുതിരി, ചന്ദനത്തിരി, ചവിട്ടി, കുട, ഫിനോയിൽ, ഹാൻഡ‌് വാഷ‌്, ഡിഷ‌്‌വാഷ‌്, അലങ്കാര പൂക്കൾ, സോപ്പ‌് പൊടി എന്നിവ വിൽക്കുന്നതിന‌് നാനോ മാർക്കറ്റും ആരംഭിച്ചു.
ജില്ലയിലെ 11 ബ്ലോക്കുകളിലെ 5098 സംഘകൃഷി ഗ്രൂപ്പുകളിലായി 28039 വനിതാ കർഷകർ പ്രവർത്തിച്ചുവരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 2500 ലേറെ ജെഎൽജികൾക്ക‌് കാർഷിക ലോൺ ലഭ്യമാക്കിയതിനെ പുറമെ 1,25,55948 രൂപ പലിശ സബ‌്സിഡി ഇനത്തിലും 1769203 രൂപ കാർഷിക ബോണസായും കർഷകർക്ക‌് നൽകിയിട്ടുണ്ട‌്. 
ജില്ലയിൽ 17 ഏക്കറോളം ഭൂമിയിൽ ഔഷധ സസ്യകൃഷി, ഏഴായിരത്തിലേറെ ഏക്കർ തരിശുഭൂമിയിൽ കൃഷിയിറക്കിയുമുള്ള കുടുംബശ്രീയുടെ ജില്ലയിലെ വിജയഗാഥയാണ‌് പുസ‌്തകത്തിലുള്ളത‌്. പുസ‌്തകം കലക്ടർ മീർ മുഹമ്മദ‌ലി പ്രകാശനം ചെയ‌്തു.
പ്രധാന വാർത്തകൾ
 Top