23 July Tuesday

തീരദേശ ഹൈവേ സ‌്പീഡാകും

വെബ് ഡെസ്‌ക്‌Updated: Monday Jun 10, 2019
കാഞ്ഞങ്ങാട്
തീരദേശ ഹൈവേ വിശദ പഠന റിപ്പോർട്ടിന് തുടക്കം കുറിച്ചു. മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കുമെന്ന് കിഫ്ബി ജനറൽ മാനേജർ മനോജ് കുമാർ പറഞ്ഞു. ഡിപിആർ സമർപ്പണത്തിന് ശേഷം ചില മേഖലകളിൽ ഭൂമി ഏറ്റെടുക്കൽ പ്രവൃത്തി നടക്കാനുണ്ട്. ഇതിനായി പ്രാദേശിക കമ്മിറ്റികളുടെ സഹായം തേടും. മഞ്ചേശ്വരം മുതൽ തിരുവനന്തപുരം വരെയുള്ള തീരദേശ ഹൈവേ എന്ന സ്വപ്ന പദ്ധതി കൂടുതൽ വേഗത്തിൽ യാഥാർഥ്യമാക്കും. 31 കിലോമീറ്റർ സംസ്ഥാന പാതയുടെയും 16 കിലോമീറ്റർ ദേശീയ പാതയുടെയും ഭാഗമായാണ് തീരദേശ ഹൈവേ ജില്ലയിൽ കടന്നു പോകുന്നത്. രണ്ട് സ് ട്രച്ചുകളായാണ് പാത പ്രവൃത്തി ജില്ലയിൽ പൂർത്തീകരിക്കുക. 57 കിലോമീറ്റർ ദൂരത്തിലാണ് ജില്ലയിൽ തീരദേശ ഹൈവേ യാഥാർഥ്യമാകുന്നത്. കാഞ്ഞങ്ങാട് മണ്ഡലത്തിൽ ഇത് സംബന്ധിച്ച ജനകീയ കൂട്ടായ്മ മൂന്നിടങ്ങളിൽ മന്ത്രി ഇ ചന്ദ്രശേഖരന്റെ അധ്യക്ഷതയിൽ ചേർന്നു. മൂന്ന് മാസത്തിനകം സംസ്ഥാനത്തെ എല്ലായിടത്തും ഇത് സംബന്ധിച്ച പഠന റിപ്പോർട്ട് തയ്യാറാകും. ഒരു വർഷത്തിനകം പാത പൂർത്തിയാക്കാൻ സാധിക്കും. 
2017-–- 18 ൽ നാറ്റ്പാക്ക് സമർപ്പിച്ച അലൈൻമെന്റ് റിപ്പോർട്ട് പ്രകാരമാണ് പാത നിർമിക്കുന്നത്.  ഡിപിആർ തയ്യാറായി കഴിഞ്ഞു. തീരദേശ റോഡുകൾ താരതമ്യേന വീതി കുറവായതിനാൽ  അഞ്ച‌് മീറ്റർ വീതിയുള്ള ഇടങ്ങളിൽ മേൽപ്പാലം ആവശ്യമായി വരുന്നത‌് പദ്ധതിച്ചെലവ് വർധിക്കാൻ കാരണമാകും. ജില്ലയിൽ ഈ വിധം അഞ്ച് മേൽപ്പാലങ്ങൾ അധികമായി നിർമിക്കണം. നിലവിൽ 8 മീറ്റർ വീതിയുള്ള ഇടങ്ങളിൽ നിർമാണം തുടങ്ങാനാണ് പദ്ധതി. 14 മീറ്റർ വീതിയിലാണ് തീരദേശ ഹൈവേ വിഭാവനം ചെയ്തിരിക്കുന്നത്. ഇതിൽ 7 മീറ്റർ വീതിയിൽ രണ്ടു വരി പാതയും ബാക്കി സ്ഥലത്ത് ഫൂട്ട് പാത്തും സൈക്കിൾ ട്രാക്കും ഒരുക്കും. കയറ്റം കുറവായിരിക്കും എന്നതാണ് പാതയുടെ പ്രധാന സവിശേഷത. വളവുകളും തിരിവുകളും  കുറവായിരിക്കും. മത്സ്യ ബന്ധന തുറമുഖങ്ങളും മത്സ്യ ബന്ധന മേഖലകളെയും ബന്ധിപ്പിക്കുന്ന പദ്ധതിയാണിത്. 
 ടൂറിസം രംഗത്തെ വൻ കുതിച്ചു ചാട്ടത്തിന് തീരദേശ ഹൈവേ വഴിയൊരുക്കും. സൂര്യോദയവും അസ്തമയവും കണ്ടുള്ള മനോഹരമായ സൈക്കിൾ സവാരി സഞ്ചാരികളുടെ മനം കുളിർപ്പിക്കും. ദേശീയ പാതയിലെ തിരക്കും തീരദേശ ഹൈവേ യാഥാർഥ്യമാകുന്നതോടെ കുറയും. വൻതോതിൽ ജനങ്ങളെ മാറ്റിപാർപ്പിച്ചു കൊണ്ടുള്ള ഹൈവേ നിർമാണം ഉദ്ദേശിക്കുന്നില്ല എന്ന‌് പൊതുമരാമത്ത്  മന്ത്രി  വ്യക്തമാക്കിയിട്ടുണ്ട്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top