25 June Friday

"കേരളത്തിൽ എത്തിയതുകൊണ്ട്‌ മാത്രം ഞാനിന്ന്‌ ജീവിച്ചിരിക്കുന്നു'

സ്വന്തം ലേഖികUpdated: Monday May 10, 2021

രാഹുൽ ചൂരൽ

 

കോഴിക്കോട്‌
 ‘എന്നെ രക്ഷിച്ചത് കേരളമാണ്. ഇവിടുത്തെ സർക്കാർ മെഡിക്കൽ കോളേജിലെ പരിചരണമാണ്. നാട്ടിലേക്ക് വരുന്നത്  വൈകിയിരുന്നെങ്കിൽ ജീവൻപോലും നഷ്ടപ്പെടുമായിരുന്നു.’ ഡൽഹിയിൽ എളമരം കരീം എംപിയുടെ സെക്രട്ടറി പയ്യന്നൂർ സ്വദേശി രാഹുൽ ചൂരലിന്റെ വാക്കുകളാണിത്‌. ഓർത്തെടുക്കുമ്പോൾ പോലും ഭീതിനിറയ്‌ക്കുന്ന  കാഴ്‌ചകളും അനുഭവങ്ങളുമുള്ള ഡൽഹി ആർഎംഎൽ ആശുപത്രിയിൽ  നിന്ന്‌ എയർ ആംബുലൻസിൽ കേരളമണ്ണിലെത്തിയപ്പോൾ രാഹുലിന്‌ കിട്ടിയത്‌ രണ്ടാം ജന്മം.  പാതിയിൽ നിലച്ചുപോകുമായിരുന്ന  ജീവശ്വാസം  വീണ്ടും മിടിക്കുമ്പോൾ ഹൃദയപൂർവം ഈ നാടിനും ആരോഗ്യസംവിധാനത്തിനും  ഫേസ്‌ ബുക്കിലെ കുറിപ്പിൽ നന്ദിപറയുകയാണ്‌  രാഹുൽ.
     കോവിഡ്‌ ബാധിച്ച്‌ ഗുരുതരാവസ്ഥയിലായിരുന്ന രാഹുൽ  കോഴിക്കോട്‌ ഗവ. മെഡിക്കൽ കോളേജിലെയും ബേബി മെമ്മോറിയൽ ആശുപത്രിയിലെയും ചികിത്സക്കുശേഷം   സാധാരണ ജീവിതത്തിലേക്ക്‌ അടുത്തു. ഒരാഴ്‌ചക്കുള്ളിൽ ആശുപത്രി വിടും.  മരണം മുന്നിൽക്കണ്ട ഡൽഹിയിലെ ആശുപത്രി നാളുകളും ജീവനായി നാട്ടിലെ ആശുപത്രിയിൽ അഭയംതേടിയതിന്റെയും ഓർമകളുമാണ്‌ എഫ്‌ബി കുറിപ്പിൽ   പങ്കുവയ്‌ക്കുന്നത്‌. 
    ഏപ്രിൽ 16നാണ്‌ കോവിഡ്‌ ബാധിതനായത്‌. ഡൽഹിയിലെ വീട്ടിൽ കഴിയവെ പതിയെ ഓക്‌സിജൻ കുറയലും തളർച്ചയും വന്നു. ശ്വാസമെടുക്കാനും വയ്യാതായി.  അങ്ങനെയാണ്‌ 24ന്‌ ആർഎംഎൽ ആശുപത്രിയിലെത്തുന്നത്‌.  എന്നാൽ ആദ്യദിനംതന്നെ ഇവിടെ കിടന്നാൽ കൂടുതൽ ആയുസ്സുണ്ടാവില്ലെന്ന്‌ വ്യക്തമായിരുന്നു. മുഖ്യമന്ത്രിയും എംപിമാരും ഉൾപ്പെടെ പല നേതാക്കളും ഇടപെട്ടിട്ടും ആരും തിരിഞ്ഞുനോക്കിയില്ല. അപ്പോൾ സാധാരണക്കാരുടെ അവസ്ഥ ഊഹിക്കാമല്ലോ എന്നും രാഹുൽ പറയുന്നു. 
   വേണ്ടത്ര ചികിത്സയോ ശ്രദ്ധയോ കിട്ടാത്തതുകൊണ്ട്   മൂന്നുപേർ കൺമുമ്പിൽവച്ച്‌  മരിച്ചുവീഴുന്നതാണ്‌ കണ്ടതെന്ന്‌ രാഹുൽ പറയുന്നു. ഒരു വലിയ ഹാളിൽ നൂറുകണക്കിന് രോഗികൾ. ഡോക്ടർ, നേഴ്സ്, അറ്റൻഡർ അങ്ങനെ ആരും സ്ഥിരമായി അതിനകത്തുണ്ടാവില്ല.  മൂന്നുനേരം വന്നുപോകുമെന്ന്‌ മാത്രം. രോഗികൾ   ഒരു പുതപ്പുപോലും ഇല്ലാതെ തണുത്തുവിറക്കുന്നു. മൂന്ന്‌ ഇൻജക്‌ഷനും മരുന്നുകളും തന്ന് അവർ പോകും. അതിനിടയിൽ ആർക്ക് എന്ത് പറ്റിയാലും ഒന്നുമറിയില്ല. എണീക്കാൻ വയ്യാതെ സ്വന്തം വിസർജ്യത്തിനുമേൽ രണ്ടുദിവസത്തോളം കിടക്കേണ്ടിവന്നു.
    തുടർന്നാണ്‌  എയർ ആംബുലൻസിൽ നാട്ടിലേക്ക്‌ വന്നത്‌. ആദ്യം കോഴിക്കോട്‌  ഗവ. മെഡിക്കൽ കോളേജിലെ ഐസിയുവിൽ. ഭക്ഷണവും മരുന്നും പരിചരണവും കൃത്യമായി തന്നു. ബുദ്ധിമുട്ടുകളെക്കുറിച്ച്‌ അന്വേഷിച്ചു.   ഡോക്ടർമാരുടെയും നേഴ്‌സുമാരുടെയും സ്‌നേഹപൂർവമായ പരിചരണത്തിനൊടുവിൽ അഞ്ചുദിവസം കഴിഞ്ഞ്‌ ആരോഗ്യം മെച്ചപ്പെട്ടു. ശ്വാസതടസ്സം മാറി. നെഗറ്റീവായപ്പോൾ ഐസിയുവിൽനിന്ന്‌ മാറ്റി. സ്വകാര്യ മുറി ലഭിക്കാനാണ്‌ ബേബിയിലേക്ക്‌ മാറിയത്‌. 
  ‘കേരളവും ഡൽഹിയും ആരോഗ്യ പരിപാലനത്തിൽ രണ്ടു ധ്രുവങ്ങളിലാണ്.   ഇവിടെ സ്വകാര്യ ആശുപത്രിയിൽപോലും പ്രതിഫലിക്കുന്നത് കേരളത്തിന്റെ ആരോഗ്യ സംസ്കാരമാണ്. ദീനാനുകമ്പയും സഹജീവി സ്നേഹവുമാണ് ആ സംസ്കാരത്തിന്റെ മുഖമുദ്ര’–-  രാഹുൽ ചൂരൽ കു
റിക്കുന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top