20 June Sunday

ദയനീയ തോൽവി ബിജെപി നേതൃത്വത്തിനെതിരെ കലാപം

വെബ് ഡെസ്‌ക്‌Updated: Monday May 10, 2021
കാസർകോട്‌
നിയമസഭാ തെരഞ്ഞെടുപ്പിൽ കാസർകോടുണ്ടായ വോട്ട് ചോർച്ച ബിജെപിയെ ഉലയ്‌ക്കുന്നു. വിജയ പ്രതീക്ഷയോടെ ബിജെപി രംഗത്തിറക്കിയ ജില്ലാ പ്രസിഡന്റ്‌ കെ ശ്രീകാന്തിന്‌ കഴിഞ്ഞ തവണ രവീശതന്ത്രി കുണ്ടാർ നേടിയതിനേക്കാളും 6000 ത്തോളം വോട്ടാണ്‌ കുറഞ്ഞത്‌. രവീശതന്ത്രി കുണ്ടാർ 56,120 വോട്ട്‌ നേടിയപ്പോൾ അഞ്ച്‌ വർഷം കഴിഞ്ഞുള്ള തെരഞ്ഞെടുപ്പിൽ കെ ശ്രീകാന്ത്‌ നേടിയത്‌ 50,395 വോട്ട്‌. 5725 വോട്ട്‌ കുറഞ്ഞു.  അഞ്ച്‌ വർഷം കൊണ്ട്‌ മണ്ഡലത്തിലുണ്ടായ വോട്ട്‌ വർധനവും കൂടി കണക്കിലെടുത്താൽ വലിയ ചോർച്ചയാണ്‌ ബിജെപിക്കുണ്ടായത്‌. ജില്ലാ പ്രസിഡന്റ്‌ സ്ഥാനാർഥിയായിട്ടും ഉണ്ടായ വോട്ട്‌ ചോർച്ച ഗൗരവകരമാണെന്നാണ്‌ നേതാക്കൾ കരുതുന്നത്‌.  സംഘടനയിലുള്ള പോരാണ്‌ ഇതിന് പിന്നിലെന്ന്‌ സുവ്യക്തം. കാസർകോട്‌ നഗരസഭ, മധൂർ, കാറഡുക്ക, ചെങ്കള, ബദിയടുക്ക പഞ്ചായത്തുകളിൽ കാലുവാരൽ ഉണ്ടായിട്ടുണ്ട്‌. ഏതാനും മാസം മുമ്പ്‌ ബിജെപിയെ വലിയ ഭൂരിപക്ഷത്തിൽ ജയിപ്പിച്ച എടനീർ ജില്ലാ പഞ്ചായത്ത്‌ ഡിവിഷനിലും ശ്രീകാന്തിന്‌ ഭൂരിപക്ഷമില്ല. മണ്ഡലത്തിൽ 10 ബൂത്തുകളിൽ ബിജെപി പൂജ്യമാണ്‌.  വി മുരളീധരൻ പക്ഷക്കാരാണ്‌ ജില്ലാ പ്രസിഡന്റും ഭാരവാഹികളിൽ ഭൂരിപക്ഷവും. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ സ്വന്തക്കാരാണിവർ. ജില്ലാ കമ്മിറ്റിയിൽ വിഭാഗീയത ശക്തമാണ്‌. യോഗത്തിൽ വച്ചു സംസ്ഥാന സമിതി അംഗം പി രമേശൻ ജില്ലാ ജനറൽ സെക്രട്ടറി സുധാമ ഗോസാഡയെ മർദിക്കുന്ന സ്ഥിതിയുണ്ടായി. രമേശനെ സംസ്ഥാന സമിതിയിൽ നിന്ന്‌ സസ്‌പെൻഡ്‌ ചെയ്‌തു. ജില്ലാ പ്രസിഡന്റിനെ എതിർക്കുന്നവർ കാസർകോട്‌  നഗരസഭ, മധൂർ, ബദിയടുക്ക പഞ്ചായത്തുകളിൽ ശക്തമായ എതിർപ്പുയർത്തുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ പി രമേശൻ ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ സജീവമായിരുന്നില്ല. അദ്ദേഹത്തിന്റെ സഹോദരൻ നേതൃത്വം നൽകുന്ന തൊഴിലാളി സംഘടനാ പ്രവർത്തകർ മാറിനിന്നു. 
      കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കാസർകോടും ഉപതെരഞ്ഞടുപ്പിൽ മഞ്ചേശ്വരത്തും ലോകസഭാ തെരഞ്ഞെടുപ്പിലും കെ ശ്രീകാന്ത്‌ തനിക്കെതിരെ പ്രവർത്തിച്ചുവെന്ന്‌ മാധ്യമങ്ങളോട്‌ പരസ്യമായി പ്രതികരിച്ചയാളാണ്‌ രവീശതന്ത്രി. തന്റെ  പരാതി സംസ്ഥാന സമിതി പരിഗണിച്ചില്ലെന്ന്‌ പറഞ്ഞാണ്‌ അദ്ദേഹം സംസ്ഥാന സമിതി അംഗത്വവും പാർടി അംഗത്വവും രാജിവെച്ച്‌ രാഷ്‌ട്രീയ പ്രവർത്തനം അവസാനിപ്പിച്ചത്‌.  അദ്ദേഹത്തിന്റെ പഞ്ചായത്തായ കാറഡുക്കയിൽ ബിജെപിക്ക്‌ ഇത്തവണ വലിയനിലയിൽ വോട്ട്‌ കുറഞ്ഞു.
ഭാരവാഹികൾ എതിർ ശബ്ദുമുയർത്തുന്നവരെ ഭീഷണിപ്പെടുത്തുന്നുവെന്നും ആക്ഷേപമുണ്ട്‌. ഉത്തരപ്രദേശ്‌ മുഖ്യമന്ത്രി ജില്ലയിൽ വന്ന സമയത്ത്‌ മുൻ ജില്ലാ പ്രസിഡന്റിന്‌ ഇത്തരത്തിലൊരു അനുഭവമുണ്ടായി. കെ സുരേന്ദ്രൻ ജില്ലയുടെ ചുമതലക്കാരനായി വന്നത്‌മുതലാണ്‌ ആർഎസ്‌എസുകാരായ മുതിർന്ന നേതാക്കൾ  ഒതുക്കപ്പെട്ടത്‌.  മഞ്ചേശ്വരത്തും  കാസർകോടും പാർടിക്കുണ്ടായ തിരിച്ചടി ബിജെപിയെ അഭ്യന്തരകുഴപ്പത്തിലാക്കിയിരിക്കുകയാണ്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top