17 July Wednesday

ആത്മീയനേതാക്കൾ പലരും ജയിലിലാണെന്ന‌് വോട്ട‌് കച്ചവടക്കാർ ഓർക്കണം: എം എ ബേബി

വെബ് ഡെസ്‌ക്‌Updated: Wednesday Apr 10, 2019
കോഴിക്കോട‌്
നരേന്ദ്രമോഡിക്ക‌് വൻ പരിവേഷം നൽകാൻ ശ്രമിച്ച ആശാറാം ബാപ്പു ഉൾപ്പെടെയുള്ള ആത്മീയനേതാക്കൾ ഇപ്പോൾ ജയിലിലാണെന്ന കാര്യം കേരളത്തിൽ ബിജെപിക്ക‌് വോട്ട‌് മറിക്കാൻ ആഹ്വാനംചെയ്യുന്ന മതനേതാക്കൾ ഓർക്കുന്നത‌് നല്ലതാണെന്ന‌് സിപിഐ എം പിബി അംഗം എം എ ബേബി പറഞ്ഞു. 
മത –-ആത്മീയ നേതാക്കൾ മോശക്കാരാണെന്നൊന്നും ഞങ്ങൾ പറയുന്നില്ല. എന്നാൽ രാജ്യത്തിന്റെ ഭാവി നിർണയിക്കുന്ന ഈ സമയത്ത‌് തീർത്തും നിരുത്തരവാദ നിലപാട‌് ഇക്കൂട്ടർ എടുക്കുന്നത‌് ശരിയല്ല. അത‌് ജനങ്ങളുടെ മുന്നിൽ ഞങ്ങൾ തുറന്നുകാട്ടും. 1991 ൽ ഇത്തരം നീക്കം നടന്ന ജില്ലയാണ‌് കോഴിക്കോട‌്. വടകരയിലും ബേപ്പൂരിലും പൊതുസ്ഥാനാർഥിയെ നിർത്തി. അവരെ ജയിപ്പിക്കാൻ മതനേതാക്കൾ ഉൾപ്പെടെ രംഗത്തിറങ്ങി. അതിനെ പ്രബുദ്ധരായ വോട്ടർമാർ പരാജയപ്പെടുത്തി. ഇത്തവണ ഈ നീക്കം കേരളമാകെ ജനങ്ങൾ പരാജയപ്പെടുത്തുമെന്നാണ‌് ഞങ്ങളുടെ പ്രതീക്ഷയെന്നും ബേബി വാർത്താസമ്മേളനത്തിൽ പറഞ്ഞു. 
മതേതര വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ സിപിഐ എം ഉൾപ്പെടെയുള്ള ഇടതുപക്ഷ പാർടികൾ കാണിക്കുന്ന രാഷ‌്ട്രീയ ജാഗ്രത തിരിച്ച‌് കാണിക്കാൻ കോൺഗ്രസ‌് തയ്യാറാവുന്നില്ല. സിപിഐ എം ഇത്തവണ 71 സീറ്റിൽ സ്ഥാനാർഥികളെ  നിർത്തി. ഇതിൽ കുടുതൽ സീറ്റിൽ നിർത്താൻ കഴിയും. അത‌് ചെയ്യാതിരുന്നത‌് മതേതര വോട്ടുകൾ ചിതറി ബിജെപി ജയിക്കാതിരിക്കാനാണ‌്. എന്നാൽ ആ സമീപനമല്ല കോൺഗ്രസ‌് കാണിക്കുന്നത‌്. വയനാട്ടിലെ രാഹുലിന്റെ സ്ഥാനാർഥിത്വം പോലും ഇതിന‌് തെളിവാണെന്നും അദ്ദേഹം പറഞ്ഞു. 
പ്രധാന വാർത്തകൾ
 Top