21 March Thursday

സിപിഐ എം ഏരിയ കമ്മിറ്റി അംഗത്തിന്റെ വീടിനുനേരെ ആർഎസ്എസ് ആക്രമണം

വെബ് ഡെസ്‌ക്‌Updated: Thursday Jan 10, 2019
വിളപ്പിൽ
ആയുധം താഴെവയ്ക്കാൻ തയ്യാറാകാതെ ആർഎസ്എസ്. സിപിഐ എം വിളപ്പിൽ ഏരിയ കമ്മിറ്റി അംഗവും കർഷക സംഘം വിളപ്പിൽ ഏരിയ സെക്രട്ടറിയുമായ കെ ജയചന്ദ്രന്റെ വീടിനുനേരെ ആർഎസ്എസ് ആക്രമണം . ബുധനാഴ്ച പുലർച്ചെ ഒന്നോടെ ബൈക്കിലെത്തിയ രണ്ടംഗസംഘമാണ് മലയിൻകീഴ് അരുവിപ്പാറ കുമാരമംഗലത്ത് കെ ജയചന്ദ്രന്റെ വീടാക്രമിച്ചത്. പാറക്കല്ലുകളും  കോൺക്രീറ്റ് കഷണങ്ങളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്.  അക്രമണത്തിൽ വീടിന്റെ ജനാലയ്ക്കും വീടിന് മുൻവശത്ത് ഒതുക്കിയിരുന്ന കാറിനും കേടുപാട് പറ്റി. ശബ്ദംകേട്ട് വീട്ടുകാർ പുറത്തിറങ്ങിയപ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടു. 
 
എസ്ഐ സുരേഷ‌്കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി തെളിവെടുത്തു. അക്രമികൾ പ്ലാസ്റ്റിക് ചാക്കിൽ കൊണ്ടുവന്ന പാറകല്ലും കോൺക്രീറ്റ് കഷണങ്ങളും സ്ഥലത്തുനിന്ന് കണ്ടെത്തി. അന്വേഷണം ഊർജിതമാണെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും എസ‌്ഐ പറഞ്ഞു. ഹർത്താൽദിനത്തിൽ പൊലീസിനുനേരെയും നാട്ടുകാർക്കുനേരെയും വ്യാപക ആക്രമണമാണ് ആർഎസ്എസ് അഴിച്ചുവിട്ടത്. തുടർന്ന് കലാപം ഉണ്ടാക്കുന്നതിനായി ആർഎസ്എസ് നിയന്ത്രണത്തിലുള്ള സരസ്വതി വിദ്യാനികേതൻ സ്കൂളിൽ ബോംബുകൾ ശേഖരിച്ചു. പൊലീസ് കൃത്യസമയത്ത് ഇടപെട്ട് ബോംബ് പിടിച്ചെടുത്തതോടെ ഈ നീക്കവും പാളിയിരുന്നു. 
 
സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, ജില്ലാ സെക്രട്ടറിയറ്റംഗം പുത്തൻകട വിജയൻ, ഐ ബി സതീഷ് എംഎൽഎ , സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ എസ് സുനിൽകുമാർ, വിളപ്പിൽ ഏരിയ സെക്രട്ടറി കെ സുകുമാരൻ, കാട്ടാക്കട ഏരിയ സെക്രട്ടറി ജി സ്റ്റീഫൻ എന്നിവർ ജയചന്ദ്രന്റെ വീട് സന്ദർശിച്ചു . ആർഎസ്എസ് ആക്രമണത്തിൽ സിപിഐ എം വിളപ്പിൽ ഏരിയ കമ്മിറ്റി ശക്തമായ പ്രതിഷേധം അറിയിച്ചു. മലയിൻകീഴ് ജങ‌്ഷനിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.
പ്രധാന വാർത്തകൾ
 Top