08 December Sunday

തൊഴിൽ നൈപുണ്യ വികസന കേന്ദ്രം രൂപീകരണം കോൺഗ്രസ് യോഗമാക്കാൻ നീക്കം

സ്വന്തം ലേഖകൻUpdated: Saturday Nov 9, 2019
വെള്ളരിക്കുണ്ട്        
തൊഴിൽ നൈപുണ്യ വികസന കേന്ദ്രം രൂപീകരിക്കാനുള്ള യോഗം ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കോൺഗ്രസ് യോഗമാക്കാൻ നീക്കം; ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് മാറ്റിവെച്ചു. വ്യവസായ വകുപ്പിന് കീഴിൽ നടപ്പാക്കുന്ന സംഘം രൂപീകരണമാണ് കാഞ്ഞങ്ങാട് വ്യവസായ വകുപ്പ് ഓഫീസിലെ ജീവനക്കാരന്റെ ഒത്താശയോടെ വെസ്റ്റ് എളേരിയിൽ കോൺഗ്രസ് കയ്യടക്കാൻ ശ്രമിച്ചത്. നൂതന സംരംഭം എന്ന നിലയിൽ പഞ്ചായത്ത് തോറും എന്റർപ്രൈസസ് സെന്റർ രൂപീകരിച്ച് തൊഴിൽ സുരക്ഷയും, തൊഴിൽ ഉറപ്പും എന്നതാണ് ലക്ഷ്യം. 
തെങ്ങ് കയറ്റം, പെയിന്റിംഗ്, ഇലക്ട്രിക്കൽ വർക്ക്, കെട്ടിട നിർമാണം, വെൽഡിങ്, പ്ലംബിങ്, കാറ്ററിംങ്, നേഴ്സിങ്, തയ്യൽ, ഡ്രൈവിങ് തുടങ്ങി 18 വയസ് കഴിഞ്ഞ എല്ലാവർക്കും സഹകരണ നിയമപ്രകാരം ഇതിൽ അംഗങ്ങളാകാം.ഇതിന്റെ പഞ്ചായത്ത് തല കമ്മറ്റി രുപീകരണമാണ് പഞ്ചായത്ത് ഭരണസമിതി അറിയാതെ കോൺഗ്രസ് പ്രവർത്തകരുമായി ചേർന്ന് അട്ടിമറിക്കാൻ ഉദ്യോഗസ്ഥ ശ്രമം ഉണ്ടായത്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വാഹനങ്ങളിലായി കോൺഗ്രസ് പ്രവർത്തകർ വരക്കാട് വന്നിറങ്ങുന്നത് കണ്ട് അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഉടനെ തന്നെ സമീപത്തുള്ള ആളുകൾ  പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ സുകുമാരൻ, പഞ്ചായത്തംഗം എ അപ്പുക്കുട്ടൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് പി ആർ ചാക്കോ എന്നിവരെ വിവരമറിയിക്കുകയും അവരെത്തി കാര്യം അന്വേഷിച്ചപ്പോഴും ഉദ്യോഗസ്ഥൻ കോൺഗ്രസ് നേതാക്കൾക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. 
ഇതേത്തുടർന്ന് ജനങ്ങൾ പ്രതിഷേധിച്ചപ്പോൾ യോഗം മതിയാക്കി പോകുകയായിരുന്നു. സർക്കാർ പദ്ധതി പഞ്ചായത്തിനെ പോലും ബന്ധപ്പെടുത്താതെ തികച്ചും രാഷ്ട്രീയം കളിക്കാനുപയോഗിച്ച ജീവനക്കാരന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.
പ്രധാന വാർത്തകൾ
 Top