19 October Saturday

അറിവിന്റെ ആദ്യക്ഷരമെഴുതി കുരുന്നുകൾ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 9, 2019

ക്ലിഫ്‌ ഹൗസിൽ നടന്ന വിദ്യാരംഭചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആദി എന്ന കുട്ടിക്ക്‌ ആദ്യക്ഷരം കുറിക്കുന്നു

 തിരുവനന്തപുരം 

വിദ്യാരംഭദിനത്തിൽ ജില്ലയിൽ ആദ്യക്ഷരം കുറിച്ചത്‌ ആയിരങ്ങൾ.  ഐരാണിമുട്ടം തുഞ്ചൻസ്മാരകം, ഗുരുഗോപിനാഥ് നടനഗ്രാമം, വെട്ടുകാട്‌ മാദ്രേ ദെ ദേവൂസ്‌, ശിശുക്ഷേമസമിതി, ചെമ്പഴന്തി ഗുരുകുലം, തോന്നയ്‌ക്കൽ ആശാൻ സ്മാരകം, പൂജപ്പുര സരസ്വതി ക്ഷേത്രം, ആറ്റുകാൽ ക്ഷേത്രം, മറ്റുക്ഷേത്രങ്ങൾ,  വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഗ്രന്ഥശാലകൾ, സാംസ്‌കാരിക കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ വിദ്യാരംഭ ചടങ്ങുകൾ നടന്നു. 
 
ക്ലിഫ്‌ ഹൗസിൽ  മുഖ്യമന്ത്രി പിണറായി വിജയൻ കുരുന്നിന്‌ ആദ്യക്ഷരം കുറിച്ചു. മന്ത്രി ടി പി രാമകൃഷ്‌ണന്റെ ഡ്രൈവർ മിഥുന്റെ മകൻ ആദിക്കാണ്‌ മുഖ്യമന്ത്രി ആദ്യക്ഷരം കുറിച്ചത്‌. ശിശുക്ഷേമ സമിതിയിൽ സാമൂഹ്യനീതി സ്പെഷ്യൽ സെക്രട്ടറി ബിജു പ്രഭാകറാണ്‌ കുട്ടികൾക്ക്‌ ആദ്യക്ഷരം കുറിച്ചത്‌. തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ ജീവനക്കാരുടെ കലാസാംസ്‌കാരിക സംഘടനയായ തിടമ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ  ഷാജി എൻ കരുൺ വിദ്യാർഥികൾക്ക്‌ ആദ്യക്ഷരം പകർന്നു നൽകി. ഗുരുഗോപിനാഥ്‌ നടനഗ്രാമത്തിൽ ചലച്ചിത്രഗാനമേഖലയിൽ അഞ്ചു പതിറ്റാണ്ട് കഴിഞ്ഞ ഗായകൻ ശ്രീകാന്തിനെയും കേരളനടനം കലാകാരൻ പ്രൊഫ. പി എസ് ഗേളിയെയും  ആദരിച്ചു. ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ വിവിധയിടങ്ങളിൽ സ്ഥാനാർഥികളും എഴുത്തിനിരുത്തൽ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top