25 September Friday

പുല്ലുവിളയിൽ കോവിഡ്‌ പ്രാഥമിക ചികിത്സാകേന്ദ്രം ആക്രമിച്ചു

സ്വന്തം ലേഖകൻUpdated: Sunday Aug 9, 2020

പുല്ലുവിളയിൽ നിയമം ലംഘിച്ച്‌ സിഎഫ്എല്‍ടിസിക്ക് മുന്നിൽ തടിച്ചുകൂടിയവർ

 

 
കോവളം 
പുല്ലുവിളയിൽ ഒരു സംഘം അക്രമികൾ കോവിഡ്‌ പ്രാഥമിക ചികിത്സാ കേന്ദ്രം ആക്രമിച്ചു. മാസ്‌ക്‌ പോലും ധരിക്കാതെ എത്തിയ സംഘമാണ്‌ ശനിയാഴ്‌ച പകൽ 11 ഓടെ പുല്ലുവിള ലിയോ തേർട്ടീൻത്‌ ഹയർ സെക്കൻഡറി സ്‌കൂളിൽ പ്രവർത്തിച്ച കേന്ദ്രം ആക്രമിച്ചത്‌. ഗേറ്റ്‌ തകർത്ത്‌ അകത്തുകടന്ന സംഘം കണ്ണിൽ കണ്ടതെല്ലാം തകർത്തു. ആന്റിജൻ ടെസ്‌റ്റ്‌ നടത്തിക്കൊണ്ടിരിക്കെയായിരുന്നു ആക്രമണം. പരിശോധന തടസ്സപ്പെടുത്തിയ സംഘം ഡോക്ടർമാരെയും ആരോഗ്യ പ്രവർത്തകരെയും ഭീഷണിപ്പെടുത്തി. സന്നദ്ധ പ്രവർത്തകരെ കൈയേറ്റം ചെയ്‌തു. 
110 കോവിഡ്‌ രോഗികൾ ഇവിടെ പരിചരണത്തിലുണ്ടായിരുന്നു. അവരെ ബലം പ്രയോഗിച്ച്‌ ഇറക്കിവിടാനും ശ്രമിച്ചു. കൂടുതൽ പൊലീസ്‌ എത്തിയാണ്‌ അക്രമം നിയന്ത്രിച്ചത്‌. മുമ്പ് പുല്ലുവിളയിലുണ്ടായ അക്രമത്തിന്റെ തുടർച്ചയായിരുന്നു ആശുപത്രി അക്രമവും. 
ലോക്ഡൗൺ നിയന്ത്രണങ്ങൾ നീക്കുക, സ്വതന്ത്രമീൻപിടിത്തം അനുവദിക്കുക, പുറത്തുകൊണ്ടുപോയുള്ള മീൻ വിൽപ്പന അനുവദിക്കുക, പൊലീസ്‌ നിയന്ത്രണം പാടില്ല തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു അക്രമവും സംഘർഷ നീക്കവും. 
 അടച്ചിട്ട കടകൾ നിർബന്ധിച്ച് തുറപ്പിച്ചു. പൊലീസുകാരെ ഭീഷണിപ്പെടുത്തി. നെയ്യാറ്റിൻകര ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയുടെ അടിസ്ഥാനത്തിലാണ്‌ അക്രമം അവസാനിപ്പിച്ചത്‌. 
തഹസീൽദാരുടെ സാന്നിധ്യത്തിൽ  പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ തീരുമാനിച്ചു. 
ശനിയാഴ്ച രാവിലെ പൂവാറിൽ ഡെപ്യൂട്ടി ക​ലക്ടർ മോഹൻകുമാർ, നെയ്യാറ്റിൻകര തഹസീൽദാർ  അജയകുമാർ, ഡിവൈഎസ്‌പി അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ ചർച്ച നടത്തുകയും പകൽ എട്ടുമുതൽ നാലുവരെ കടകൾ തുറക്കാനും തിങ്കളാഴ്ച മുതൽ മത്സ്യബന്ധനത്തിന്‌ ഇറങ്ങാനും കിട്ടുന്ന മത്സ്യം പ്രദേശത്തുതന്നെ വിൽക്കാനും ധാരണയിലെത്തിയിരുന്നു. പൂവാറിൽ ഈ യോഗം നടക്കുന്നതിനിടെയാണ്‌ പുല്ലുവിളയിൽ അക്രമം നടത്തിയത്‌. ആശുപത്രി അക്രമിച്ചതിന്‌ കണ്ടാലറിയാവുന്ന 250 പേർക്കെതിരെ പൊലീസ്‌ കേസെടുത്തു. സ്ഥലത്ത്‌ വൻ പൊലീസ്‌ സംഘം ക്യാമ്പ്‌ ചെയ്യുന്നുണ്ട്‌.
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top