22 September Tuesday

മുഴുവൻ ജീവനും രക്ഷിക്കാൻ ശ്രമിക്കണം: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Sunday Aug 9, 2020

കരിപ്പൂർ വിമാനാപകടവുമായി ബന്ധപ്പെട്ടു കോഴിക്കോട്ടു മെഡിക്കൽ കോളേജിൽ ചേർന്ന യോഗത്തിനു ശേഷം ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ, മന്ത്രി കെ കെ ശൈലജ എന്നിവർ പുറത്തേയ്‌ക്ക്‌ വരുന്നു

 കോഴിക്കോട്‌ 

കരിപ്പൂർ വിമാനാപകടത്തിൽ പരിക്കേറ്റ്‌ ചികിത്സയിലുള്ള  മുഴുവൻ പേരുടെയും ജീവൻ രക്ഷിക്കാൻ പരിശ്രമമുണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട്‌ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചേർന്ന ചികിത്സാ അവലോകന യോഗത്തിലാണ്‌ ആരോഗ്യ വകുപ്പ്‌ അധികൃതർക്ക്‌ മുഖ്യമന്ത്രി നിർദേശം നൽകിയത്‌. കോവിഡ്‌ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അതീവ ജാഗ്രതയോടെയാണ് ചികിത്സാ ക്രമീകരണങ്ങൾ നടത്തുക. ചികിത്സാച്ചെലവ് പൂർണമായും സർക്കാർ വഹിക്കും. രക്ഷാപ്രവർത്തനങ്ങളും അതിവേഗത്തിലായിരുന്നു. ചികിത്സാ നടപടികളിലും വിവിധ സർക്കാർ വിഭാഗങ്ങൾ ജാഗ്രത പുലർത്തി. 
  വിവിധ ആശുപത്രികളിലായി 149 പേർ ചികിത്സയിലുണ്ട്‌. കോഴിക്കോട് മെഡിക്കൽ കോളേജ്, ബീച്ച് ജനറൽ ആശുപത്രി, മിംസ്, ബേബി മെമ്മോറിയൽ, മെയ്‌ത്ര, ഇഖ്റ തുടങ്ങി 16 ആശുപത്രികളിലായാണ് പരിക്കേറ്റവരുള്ളത്‌. 23 പേരുടെ നില ഗുരുതരമാണ്.  വിമാനത്താവളം സന്ദർശിച്ചശേഷം ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാനോടൊപ്പമാണ്‌ മുഖ്യമന്ത്രി മെഡിക്കൽ കോളേജിലെത്തിയത്‌. 
സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, മന്ത്രിമാരായ ഇ പി ജയരാജൻ,  വി എസ് സുനിൽ കുമാർ, എ കെ ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ കെ ശൈലജ, എ സി മൊയ്തീൻ,  ടി പി രാമകൃഷ്ണൻ, കെ ടി ജലീൽ, എംഎൽഎമാരായ എ പ്രദീപ് കുമാർ, പിടിഎ റഹീം, കാരാട്ട് റസാഖ് എന്നിവർ അവലോകന യോഗത്തിൽ പങ്കെടുത്തു. 
ചീഫ് സെക്രട്ടറി ഡോ. ബിശ്വാസ് മേത്ത, ഡിജിപി ലോക്‌നാഥ് ബെഹ്റ, കോഴിക്കോട് കലക്ടർ സാംബശിവ റാവു, മലപ്പുറം കലക്ടർ കെ ഗോപാലകൃഷ്ണൻ, ഡിഎംഒ ഡോ. വി ജയശ്രീ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. വി ആർ രാജേന്ദ്രൻ, സൂപ്രണ്ട് ഡോ. ശ്രീജയൻ, എൻഎച്ച്എം പ്രോഗ്രാം മാനേജർ ഡോ. നവീൻ എന്നിവരും പങ്കെടുത്തു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top