18 February Tuesday

ദുരിതപ്പെയ്‌ത്ത്‌

വെബ് ഡെസ്‌ക്‌Updated: Friday Aug 9, 2019

കാറ്റിലും മഴയിലും ആലപ്പുഴ കിടങ്ങാംപറമ്പിൽ ക്ഷേത്രത്തിന്‌ സമീപം റിനഷിന്റെ വീടിന്റെ മേൽക്കൂര തകർന്ന നിലയിൽ ഫോട്ടോ: ഷിബിൻ ചെറുകര

  ആലപ്പുഴ

ശക്‌തമായി തുടരുന്ന കാറ്റിലും മഴയിലും ജില്ലയിൽ വ്യാപക നഷ്‌ടം. മരംവീണ്‌ രണ്ടു വീട്‌ പൂർണമായും 67 വീടുകൾ ഭാഗികമായും തകർന്നു. മുട്ടത്തിപ്പറമ്പിൽ മരം വീണ്‌ ഗുരുതരമായി പരിക്കേറ്റ ബൈക്ക്‌ യാത്രികൻ തണ്ണീർമുക്കം പഞ്ചായത്ത്‌ 17–-ാം വാർഡിൽ ശാരദാഭവനത്തിൽ ശശികുമാറിന്റെ മകൻ ശരൺകുമാറിനെ (22) എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
മഴ തുടരുന്ന സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജ്‌ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്‌ അവധി പ്രഖ്യാപിച്ചു. ബുധനാഴ്‌ച 29.5 മില്ലീമീറ്റർ  മഴയാണ്‌ പെയ്‌തത്‌. എന്നാൽ വ്യാഴാഴ്‌ച ഇത്‌ 49.55 മില്ലീമീറ്ററായി.  
 അമ്പലപ്പുഴ താലൂക്കിലാണ്‌ ഏറ്റവുമധികം വീടുകൾ ഭാഗികമായി തകർന്നത്‌–-48. കാർത്തികപ്പള്ളി  –-നാല്‌, ചേർത്തല –രണ്ട്‌, കുട്ടനാട് –- 13 , ചെങ്ങന്നൂർ–രണ്ട്‌ എന്നിങ്ങനെയാണ്‌ മറ്റ്‌ താലൂക്കുകളിലെ കണക്ക്‌. 
 ജില്ലാ ദുരന്തനിവാരണ അതോറിട്ടിയുടെ നിർദ്ദേശപ്രകാരം തോട്ടപ്പള്ളി സ്‌പിൽവേയുടെ 10 ഷട്ടറുകൾ തുറന്നു. വൈകിട്ടാണ്‌  ഷട്ടർ തുറന്നത്. എല്ലാ താലൂക്കുകളിലും കൺട്രോൾ റൂം തുറന്നിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാൻ  താലൂക്ക് ഓഫീസ്‌ 24 മണിക്കൂർ പ്രവർത്തിക്കും. കടൽ പ്രക്ഷുബ്‌ധമായതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.
 

ചുഴലിക്കാറ്റ്‌: കുട്ടനാട്ടിൽ വൻനാശം 

മങ്കൊമ്പ്
ചുഴലിക്കാറ്റിൽ കുട്ടനാട്ടിൽ വ്യാപകനാശം. വ്യാഴാഴ്‌ച രാവിലെ ആറോടെ വീശിയടിച്ച കാറ്റും മഴയുമാണ്‌ നാശം വിതച്ചത്. തലവടി മുണ്ടുകാട്ട് സുകുമാരൻ, വെളുത്തേടത്ത് ശോഭ, തൊണ്ടപറമ്പിൽ പൊന്നമ്മ ഗോപിനാഥ്, ചക്കുളത്തുകാവ് കുതിരച്ചാൽ കോളനിയിൽ അച്ചൻകുഞ്ഞ്, മുരളി, തകഴി കുന്നുമ്മ ചേലക്കോട്ട് ഷംസീർ, ചേലക്കോട്ട് അസ്ഗർ അലി, തൈപ്പറമ്പിൽ ജലീൽ, കൈനകരി പഞ്ചായത്ത്‌ ഏഴാം വാർഡിൽ സേവ്യർ ആന്റണി എന്നിവരുടെ വീടുകൾ തകർന്നു. 
 കാവാലം പഞ്ചായത്തിൽ 10 വീട്‌  മരംവീണ്‌ തകർന്നിട്ടുണ്ട്‌. ഇതിൽ ഒന്നാം വാർഡിൽ പുത്തൻകളം വീട്ടിൽ ജോസ് തോമസ്, രണ്ടാം വാർഡിൽ ക‌ൃഷ്‌ണവിലാസം വീട്ടിൽ ചെല്ലപ്പൻ, നാലാം വാർഡിൽ ചേന്നാട്ട് കനകമ്മ, 10–-ാം വാർഡിൽ തിരുമംഗലം വീട്ടിൽ രാജലക്ഷമി എന്നിവരുടെ വീട്‌ പൂർണമായും തകർന്നു. മൂന്നാം വാർഡിൽ അമ്പാട്ടുപറമ്പിൽ ശോഭന, കുളമാട്‌ ബോധാനന്ദർ, ഒമ്പതാം വാർഡിൽ കുറ്റിശേരി  പവിത്രൻ, മിസ് കോളപറമ്പ് പവിത്രൻ, ചിറയിൽ രാജമ്മ രാജപ്പൻ, 11–--ാം വാർഡിൽ വേലൻതറ സിന്ധു മോഹൻകുമാർ എന്നിവരുടെ വീട്‌  ഭാഗികമായും തകർന്നു. രാമങ്കരി പഞ്ചായത്ത്‌ രണ്ടാം വാർഡിൽ മണലാടി തുണ്ടത്തിൽ രാജൻ തോമസിന്റെ വീടും മരംവീണ്‌ തകർന്നു. 
 ബുധനാഴ്‌ച വൈകിട്ട്‌ ആറിന്‌ വീശിയടിച്ച കാറ്റിൽ കോഴിമുക്കിൽ നിരവധി വീടും പള്ളിമേടയും തകര്‍ന്നു. മൂന്ന്‌ വീട് പൂർണമായും 41 വീട്‌ ഭാഗികമായും തകർന്നു. കോഴിമുക്ക് സെന്റ് ജോസഫ് പള്ളി വികാരി താമസിക്കുന്ന കെട്ടിടത്തിന്റെ ഷീറ്റ്‌ മേഞ്ഞ മേൽക്കൂര പറന്നുപോയി. പള്ളിയുടെ ഓഡിറ്റോറിയത്തിന്റെയും നെല്ലിക്കല്‍ ആന്റണി മാത്യുവിന്റെ വീടിന്റെ ഷീറ്റും പറന്ന് നെല്ലിക്കല്‍ മാര്‍ട്ടിന്റെ വീടിന്റെ മുകളിൽവീണ് വീട് പൂര്‍ണമായും തകര്‍ന്നു. കന്നയില്‍ ജിമ്മിച്ചൻ, ജെയിംസ്‌, കെ ജെ ആന്റണി, പൂവത്തകുന്നേല്‍ പി സി ജോസഫ്‌, കറുകയില്‍ മോന്‍സി, കുന്നേല്‍ ഔസേപ്പച്ചന്‍, തെക്കേപേരങ്ങാട് ഔസേപ്പച്ചൻ തുടങ്ങിയവരുടെ വീടും കാലിത്തൊഴുത്തുകളും നശിച്ചു.
വ്യാഴാഴ്‌ച വൈകിട്ട് വീശിയടിച്ച കാറ്റിൽ മുട്ടാറിൽ വീടുകൾക്ക്‌ നാശമുണ്ടായി. മിത്രക്കരി കണ്ണംമാലി കോളനിയിൽ നിരവധി വീടുകൾ ഭാഗികമായി തകർന്നു. മൂന്നാം വാർഡിൽ ലൈഫ് ഭവന പദ്ധതിയിൽ നിർമിച്ച നാലുപറ ജയിംസിന്റ വീട് മരം വീണ് തകർന്നു.
 

തോട്ടപ്പളളി സ്‌പിൽവേ ഷട്ടർ തുറന്നു

അമ്പലപ്പുഴ
മഴയിൽ കുട്ടനാടിന്റെ കിഴക്കൻ പ്രദേശത്ത്‌ ജലനിരപ്പ് ഉയർന്നതിനാൽ തോട്ടപ്പള്ളി സ്‌പിൽവേ ഷട്ടർ ഉയർത്തി. 10 ഷട്ടറാണ് വ്യാഴാഴ്‌ച രാത്രി ഏഴോടെ ഉയർത്തിയത്. 
മഴയ്‌ക്കൊപ്പം കിഴക്കൻ വെള്ളത്തിന്റെ വരവും വെളളക്കെട്ടിനിടയാക്കി. ജനജീവിതം ദുസ്സഹമായതോടെ കലക്‌ടറുടെ നിർദ്ദേശാനുസരണമാണ്‌ ഷട്ടർ തുറന്നത്‌.  ജലനിരപ്പ് ഉയർന്നാൽ ശേഷിച്ച ഷട്ടറുകളും തുറക്കുമെന്ന് അധികൃതർ പറഞ്ഞു.  കുട്ടനാടിന്റെ കിഴക്കൻ മേഖല വെള്ളത്തിലായതോടെ വ്യാഴാഴ്‌ച രാവിലെമുതൽ ഷട്ടർ തുറക്കണമെന്ന ആവശ്യം ഉയർന്നിരുന്നു.  മരംകടപുഴകി വൈദ്യുതിബന്ധം നിലച്ചതിനാൽ മോട്ടോർ പ്രവർത്തിപ്പിക്കാനായില്ല. ഇതാണ്‌ ഷട്ടർ തുറക്കാൻ വൈകിയത്.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top