18 February Monday

മസ‌്ദൂർ‐ കിസാൻ സംഘർഷ‌് റാലി സിഐടിയു വടക്കൻ മേഖലാ ജാഥ ഇന്ന‌് തുടങ്ങും

സ്വന്തം ലേഖകൻUpdated: Thursday Aug 9, 2018

 

 
മലപ്പുറം
സിഐടിയു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന വടക്കൻ മേഖലാ ജാഥ വ്യാഴാഴ‌്ച വൈകിട്ട‌് അഞ്ചിന‌് എടപ്പാൾ നടുവട്ടത്ത‌് തുടങ്ങും. സംസ്ഥാന പ്രസിഡന്റ‌് ആനത്തലവട്ടം ആനന്ദൻ ഉദ‌്ഘാടനംചെയ്യും.  സംസ്ഥാന സെക്രട്ടറി വി ശിവൻകുട്ടിയാണ‌് ജാഥാ ക്യാപ‌്റ്റൻ.
കേന്ദ്ര സർക്കാരിന്റെ തൊഴിലാളി﹣ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ തൊഴിലാളികളുടെയും കർഷകരുടെയും നേതൃത്വത്തിൽ സെപ‌്തംബർ അഞ്ചിന‌് ഡൽഹിയിൽ സംഘടിപ്പിക്കുന്ന മസ‌്ദൂർ﹣ കിസാൻ സംഘർഷ‌് റാലിയുടെ പ്രചാരണാർഥമുള്ള ജാഥ  വെള്ളിയാഴ‌്ച ജില്ലയിൽ പര്യടനം നടത്തും. സംസ്ഥാന നേതാക്കളായ കെ പി സഹദേവൻ, കൂട്ടായി ബഷീർ, ടി കെ രാജൻ, പി പി പ്രേമ, കെ എസ‌് സുനിൽകുമാർ എന്നിവരാണ‌് ജാഥാംഗങ്ങൾ. 
വെള്ളിയാഴ‌്ച രാവിലെ ഒമ്പതിന‌് തിരൂരിൽനിന്ന് ആരംഭിക്കും. കലിക്കറ്റ‌്  സർവകലാശാലയ‌്ക്കടുത്ത‌് കോഹിനൂർ, കോട്ടക്കൽ, പെരിന്തൽമണ്ണ, വണ്ടൂർ, നിലമ്പൂർ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം മഞ്ചേരിയിൽ സമാപിക്കും. ശനിയാഴ‌്ച കോഴിക്കോട‌് ജില്ലയിൽ പര്യടനം നടത്തുന്ന ജാഥ 14ന‌് കാസർകോട‌് സമാപിക്കും.
വിലക്കയറ്റം തടയുക, പൊതുവിതരണ സമ്പ്രദായം സാർവത്രികമാക്കുക, അവശ്യസാധനങ്ങളുടെ അവധി വ്യാപാരം തടയുക, മാന്യമായ തൊഴിലവസരങ്ങൾക്കായുള്ള ശക്തമായ നടപടികൾ കൈക്കൊള്ളുക, 18,000 രൂപ മിനിമം കൂലി  പ്രഖ്യപിക്കുക തുടങ്ങിയ 15 ഇന ആവശ്യങ്ങളുന്നയിച്ചാണ‌് മസ‌്ദൂർ ﹣ കിസാൻ സംഘർഷ‌് റാലി.
റാലിയുടെ പ്രചാരണാർഥം സിഐടിയു ഏരിയാ കേന്ദ്രങ്ങളിൽ ‘രാജ്യത്തിന്റെ സ്വാതന്ത്ര്യം സംരക്ഷിക്കാൻ ഉണർന്നിരിക്കുക’ എന്ന സന്ദേശം ജനങ്ങളിലെത്തിക്കാൻ 14ന‌് സാമൂഹിക‌് ജാഗരൺ പരിപാടി സംഘടിപ്പിക്കുമെന്നും സിഐടിയു നേതാക്കൾ അറിയിച്ചു. ജില്ലയിൽ 16 കേന്ദ്രങ്ങളിൽ വൈകിട്ട‌് ആറുമുതൽ രാത്രി 12 വരെയാണ‌്പരിപാടി.  കലാകാരന്മാരും സാംസ‌്കാരിക പ്രവർത്തകരും രാഷ്ട്രീയനേതാക്കളും സംസാരിക്കും. 30ന‌് മുനിസിപ്പൽ, പഞ്ചായത്ത‌് കേന്ദ്രങ്ങളിൽ കാൽനടജാഥ സംഘടിപ്പിക്കും. റാലിയിൽ പങ്കെടുക്കുന്ന വള​ന്റിയർമാർക്ക‌് യാത്രയയപ്പും നൽകുമെന്ന‌്   സംസ്ഥാന സെക്രട്ടറി കൂട്ടായി ബഷീർ, ജില്ലാ സെക്രട്ടറി വി പി സഖറിയ, എ കെ വേലായുധൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ദേശീയ സെക്രട്ടറി പി നന്ദകുമാർ ക്യാപ്റ്റനായ മധ്യമേഖലാ ജാഥ  വൈകിട്ട‌് അഞ്ചിന‌് പാലക്കാട്ട‌്  പട്ടാമ്പിയിൽ എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ ഉദ‌്ഘാടനംചെയ്യും.  10ന‌് പാലക്കാട്, 11ന‌് തൃശൂർ, 12നും 13ന് ഉച്ചവരെയും എറണാകുളം, 13ന് ഉച്ചയ‌്ക്കു ശേഷവും 14 നും  ഇടുക്കി എന്നീ ജില്ലകളിൽ പര്യടനം നടത്തും.
ദേശീയ സെക്രട്ടറി  കെ ചന്ദ്രൻപിള്ള ക്യാപ്റ്റനായ ദക്ഷിണ മേഖലാ ജാഥ വൈകിട്ട‌് അഞ്ചിന‌് കോട്ടയം ജില്ലയിലെ വൈക്കത്ത് തൊഴിൽമന്ത്രി  ടി പി രാമകൃഷ്ണൻ ഉദ‌്ഘാടനംചെയ്യും.  10ന‌് കോട്ടയം, 11ന‌് ആലപ്പുഴ, 12ന‌് പത്തനംതിട്ട, 13ന‌് കൊല്ലം, 14ന‌് തിരുവനന്തപുരം എന്നിങ്ങനെ ജില്ലകളിൽ പര്യടനം നടത്തും.
പ്രധാന വാർത്തകൾ
 Top