28 September Thursday
പ്ലസ് വൺ അപേക്ഷ പൂർണമല്ല

വിദ്യാർഥികളേ ജാഗ്രത: 1780പേർ പുറത്തേക്ക്

സി എ പ്രേമചന്ദ്രൻUpdated: Friday Jun 9, 2023
തൃശൂർ
പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യഘട്ടത്തിൽ ജില്ലയിൽ ഇതുവരെ രജിസ്റ്റർ ചെയ്തത് 37,693 പേർ. ഇതിൽ 35,913 അപേക്ഷകരേ കാൻഡിഡേറ്റ് ലോഗിൻ ചെയ്തിട്ടുള്ളൂ. കാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിച്ച് പൂർണവിവരങ്ങൾ നൽകി സബ്മിറ്റ് ചെയ്താലെ അപേക്ഷ പൂർണമാകൂ.  1780 പേരുടെ അപേക്ഷ പൂർണമല്ല. ഇവർ ഏകജാലകത്തിന്‌ പുറത്തുപോവും. എല്ലാ വിഷയത്തിലും എ പ്ലസ്‌ നേടിയ  വിദ്യാർഥികൾ വരെ ഇതിലുണ്ട്. അപേക്ഷിക്കുന്നതിനുള്ള സമയം  വെള്ളിയാഴ്‌ച വൈകിട്ട്‌ അഞ്ചിന്‌  അവസാനിക്കും.  ഇതിനകം അപേക്ഷ പൂർണമാക്കാൻ അവസരമുണ്ട്‌. 
ട്രയൽ അലോട്ട്മെന്റ് 13ന് വരും. ട്രയൽ അലോട്ട്മെന്റ്‌ നോക്കി  തിരുത്തലുകൾ വരുത്താൻ അവസരമുണ്ടാകും. തിരുത്തികഴിഞ്ഞാൽ     വെരിഫൈ ചെയ്ത് ഫൈനൽ സബ്മിഷൻ നടത്തണം. മുൻ വർഷങ്ങളിൽ ട്രയൽ അലോട്ട്മെന്റ്‌  മാറ്റങ്ങൾ വരുത്തി ഫൈനൽ സബ്മിഷൻ നടത്താതെ ഏതാനും വിദ്യാർഥികൾ ഏകജാലക പ്രക്രിയയിൽ നിന്ന് പുറത്ത് പോയിരുന്നു. ഇക്കാര്യങ്ങളിൽ  വിദ്യാർഥികൾക്ക്‌ ജാഗ്രതവേണമെന്ന്‌  ഹയർ സെക്കൻഡറി ജില്ലാ കോ–-ഓർഡിനേറ്റർ വി എം കരീം അറിയിച്ചു. സ്പോർട്‌സ്‌ ക്വാട്ട അപേക്ഷിക്കാനുള്ള തീയതി  15നാണ്.  രണ്ട് ഘട്ടങ്ങളിലായാണ് അപേക്ഷ പ്രക്രിയ. ആദ്യഘട്ടത്തിൽ സ്പോർട്സിൽ മികവ് നേടിയ വിദ്യാർഥികൾ ജില്ലാ സ്പോർട്സ് കൗൺസിലിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യണം. സ്പോർട്സ് കൗൺസിൽ ഇത്‌ പരിശോധിച്ച്‌  സ്കോർ കാർഡ് നൽകും. കാർഡ്‌ നമ്പർപ്രകാരം  രണ്ടാം ഘട്ടത്തിൽ www.admissiondge.kerala.gov.in ലെ click for higher Secondary Admission എന്ന സൈറ്റിൽ പ്രവേശിച്ച്‌  Create candidate Login - Sports എന്ന ലിങ്കിലൂടെ കാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കാം. ഇത്തരത്തിൽ മൊബൈൽ ഒടിപിയിലൂടെ സുരക്ഷിത പാസ്‌വേർഡ് നൽകി സൃഷ്ടിക്കുന്ന കാൻഡിഡേറ്റ് ലോഗിനിലൂടെയാണ്‌ അപേക്ഷ സമർപ്പണവും തുടർന്നുള്ള പ്രവർത്തനങ്ങളും. 
സ്പോർട്‌സ്‌ ക്വാട്ട മുഖ്യ അലോട്ട്മെന്റ്‌ 19ന്‌  തുടങ്ങും.  ഏകജാലക പ്രക്രിയയുടെ മുഖ്യ അലോട്ട്മെന്റ്‌ 19നാണ്‌. ജൂലൈ ഒന്നിന്‌  മുഖ്യ അലോട്ട്മെന്റ്‌ അവസാനിക്കും. ജൂലൈ ഏഴിന് ക്ലാസുകൾ ആരംഭിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top