27 June Thursday
ബാലഭാസ‌്കറിന്റെ മരണം

ഡിആർഐ സംഘം ഉണ്ണിയുടെ മൊഴി എടുത്തു

വെബ് ഡെസ്‌ക്‌Updated: Sunday Jun 9, 2019
 
തിരുവനന്തപുരം
ഡിആർഐ സംഘം ബാലഭാസ‌്കറിന്റെ അച്ഛൻ കെ സി ഉണ്ണിയുടെ മൊഴിയെടുത്തു. പൂജപ്പുരയിലെ വീട്ടിൽ എത്തിയാണ‌് മൊഴിയെടുത്തത‌്. സ്വർണക്കടത്ത‌് കേസിലെ പ്രതികളായ പ്രകാശൻതമ്പി, വിഷ‌്ണു എന്നിവരെക്കുറിച്ച‌് ഉണ്ണിയോട‌് അന്വേഷിച്ചു. ബാലഭാസ‌്കറിന‌് ഒപ്പം ഇവരെ കണ്ടിട്ടുള്ളതായി മൊഴി നൽകി. ബാലഭാസ‌്കറും ഇവരും തമ്മിലുള്ള പരിചയം,  ബാലുവിന്റെ സ്വത്ത‌് തുടങ്ങിയ വിവരങ്ങൾ ശേഖരിച്ചു. മറ്റു കുടുംബാംഗങ്ങളിൽനിന്ന‌്  വിവരങ്ങൾ ആരാഞ്ഞു.  
 
ബാലഭാസ‌്കറിനെ അപായപ്പെടുത്തിയതുതന്നെയെന്ന‌് ഉണ്ണി ആവർത്തിച്ചു. 
 
ബാലഭാസ‌്കറിന്റെ തൃശൂരിൽനിന്ന‌്‌ തിരുവനന്തപുരത്തേക്കുള്ള യാത്രയുടെ കൂടുതൽ ദൃശ്യങ്ങൾ പ്രകാശൻ തമ്പി കൈവശപ്പെടുത്തിയതായി സംശയിക്കുന്നു. മാത്രമല്ല, അപകട സ്ഥലത്തുനിന്ന‌് ഓടിപ്പോയതായി പറയുന്ന വ്യക്തി ജിഷ‌്ണുവാണെന്ന‌് സംശയിക്കുന്നതായും ഉണ്ണി പറഞ്ഞു. 
 
ഇക്കാര്യം അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബാലഭാസ‌്കർ അപകടത്തിൽപ്പെട്ട വിവരം രണ്ടു മണിക്കൂറിന‌് ശേഷം തന്നെ വിളിച്ചറിയിക്കുന്നത‌് ജിഷ‌്ണുവാണെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട്ടെ ആയുർവേദ ആശുപത്രി നടത്തിപ്പുകാരിയുടെ മകനാണ‌് ജിഷ‌്ണു. 
 
ബാലഭാസ‌്കറിന്റെ അപകടവുമായി ബന്ധപ്പെട്ട‌് ആയുർവേദ ആശുപത്രി നടത്തിപ്പുകാരെ കേന്ദ്രീകരിച്ച‌് കൂടതുതൽ അന്വേഷണം വേണമെന്ന‌് ഉണ്ണി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന‌് ക്രൈംബ്രാഞ്ച‌് സംഘം പാലക്കാട്ടെത്തി അവരുടെ മൊഴി എടുത്തു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട‌് ഇവർ പറഞ്ഞ കാര്യങ്ങൾ വിശ്വസനീയമല്ലെന്നാണ‌് നിഗമനം.
പ്രധാന വാർത്തകൾ
 Top