15 December Sunday

സ്വയം ഉരുകുമ്പോഴും സത്യത്തിനായ‌് കാതോർത്ത‌് മീരവിജയ‌്

വെബ് ഡെസ്‌ക്‌Updated: Sunday Jun 9, 2019
 
തിരുവനന്തപുരം
പാതിനിലച്ച വയലിൻനാദം പോലെ ബാലഭാസ‌്കർ മാഞ്ഞപ്പോൾ മീരയ്ക്ക‌് നഷ്ടമായത‌് ഏക സഹോദരൻ മാത്രമല്ല, സ്വന്തം ജീവിതം കൂടിയാണ‌്. മീര, ബാലഭാസ‌്കറിന്റെ ഏകസഹോദരിയാണ‌്. അനിയന്റെ കൈപിടിച്ച‌് പതുക്കെ ജീവിതത്തിലേക്ക‌് തിരിച്ചുവരികയായിരുന്നു അവർ. ഇന്നെല്ലാം നഷ്ടപ്പെട്ട‌് വീട്ടിലെ മുറിക്കുള്ളിൽ  സ്വയം ഉൾവലിഞ്ഞ‌് മനസ്സ‌് തകർന്നിരിക്കുമ്പോഴും അവർ ആവശ്യപ്പെടുന്നത‌് ഒന്നു മാത്രം, ‘സത്യം പുറത്തുവരണം’.
 
അനിയന‌് വയലിനിലാണ‌് കമ്പമെങ്കിൽ അവർക്കിഷ്ടം വീണയായിരുന്നു. ഒപ്പം പുസ‌്തകങ്ങളും. ഇടയ‌്ക്ക‌് അസുഖബാധിതയായപ്പോൾ സ്വപ‌്നങ്ങൾ മങ്ങി. സന്തോഷങ്ങളിൽനിന്ന‌് സ്വയം ഉൾവലിഞ്ഞു. എന്നാൽ, ബാലഭാസ‌്കർ വിട്ടുകൊടുക്കാൻ ഒരുക്കമായിരുന്നില്ല. തിരുവനന്തപുരത്ത‌് ഉള്ളപ്പോഴെല്ലാം വീട്ടിൽ വന്നു. ഒത്തിരി നേരം സംസാരിച്ചു.  മൊബൈൽ ഫോൺ വാങ്ങി നൽകി. പുസ‌്തകങ്ങളുടെ ലോകത്തിലേക്ക‌് മടങ്ങിവരാൻ പ്രോത്സാഹിപ്പിച്ചു. മീര വീണ്ടും കഥകളും കവിതകളും എഴുതുമെന്ന‌് ബാലുവിന‌് ഉറപ്പായിരുന്നു. ‘മീര റിട്ടേൺസ‌്’ എന്ന‌് എഴുതി മൊബൈലിൽ സേവ‌് ചെയ‌്തു. ബാലു വയലിൻ വായിക്കുമ്പോൾ അടുത്തിരുന്ന‌് മീര വീണ വായിക്കുന്ന ദിനങ്ങൾ കുടുംബവും സ്വപ‌്നം കണ്ടു. 
ആശുപത്രിദിനങ്ങൾക്ക‌് ശേഷം ഇതെല്ലൊം യാഥാർഥ്യമാകുമെന്ന‌് എല്ലാവരും കരുതി. സെപ‌്തംബർ 12ന‌് ബാലഭാസ‌്കർ നിർബന്ധപൂർവം ചേച്ചിയെ ആശുപത്രിയിൽ 15 ദിവസത്തെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.  എന്നാൽ, പന്ത്രണ്ടാംദിവസം എല്ലാ പ്രതീക്ഷകളും തകർത്ത‌്  ബാലുവിനെ മരണം തട്ടിയെടുത്തെന്ന‌ വാർത്ത മീരയുടെ കാതിലെത്തി. അതോടെ ചികിത്സ നിർത്തി വീട്ടിലേക്ക‌് മടക്കം. 
 
അവസാനമായി അവനെ ഒന്നു കാണണ്ടേയെന്ന‌് അമ്മ ചോദിച്ചപ്പോൾ ഉള്ളുപിടഞ്ഞ‌് ആ പെങ്ങൾ പറഞ്ഞു, ‘ചേച്ചി അവന‌് ഗുഡ‌്ബൈ പറഞ്ഞതായി പറയൂ..’ എന്ന‌്. ബാലുവിന്റെ നിശ്ചലമായ ദേഹത്തിനരികിൽനിന്ന‌് മീരയ‌്ക്കായി ആ വാക്കുകൾ ഉരുവിട്ടതായി ബാലഭാസ‌്കറിന്റെ അമ്മ ഓർക്കുന്നു.
പഴയപോലെ സ്വന്തം മുറിക്കുള്ളിൽ വായനയുടെ ലോകത്തേക്ക‌് ഒതുങ്ങിക്കൂടിയിരിക്കുകയാണ‌് മീര. ബാലഭാസ‌്കറിന്റെ മരണവുമായി ബന്ധപ്പെട്ട വാർത്ത കാണാനായിമാത്രം ടിവി കാണും. 
 
അനുജനെ ആരോ അപായപെടുത്തി എന്നുതന്നെയാണ‌് ഈ ചേച്ചിയുടെ വിശ്വാസം. ക്രൈംബ്രാഞ്ചിന‌് മുന്നിലും ഇക്കാര്യം വ്യക്തമാക്കി. പ്രകാശൻ തമ്പിയെയും വിഷ‌്ണുവിനെയും സംശയമുണ്ടെന്ന‌് മൊഴിനൽകി.  സത്യം തെളിയിക്കണമെന്ന‌് ആവശ്യപ്പെടുന്നതിനൊപ്പം ഒന്നുകൂടി മീര പറയുന്നു: ‘ദയവായി എന്റെ ബാലുവിനെ വിവാദങ്ങളിലേക്ക‌് വലിച്ചിടരുത‌്..’.
 
പ്രധാന വാർത്തകൾ
 Top