25 August Sunday

വാഹനം ഓടിച്ചത‌് അർജുൻ; ദൃശ്യങ്ങൾ ഡിലീറ്റായെന്നും തമ്പി

സ്വന്തം ലേഖകൻUpdated: Sunday Jun 9, 2019
തിരുവനന്തപുരം
അപകടസമയത്ത‌് ബാലഭാസ‌്കറും കുടുംബവും സഞ്ചരിച്ച വാഹനം ഓടിച്ചത‌് അർജുൻ. ക്രൈംബ്രാഞ്ച‌് സംഘത്തിന്റെ ചോദ്യം ചെയ്യലിലാണ‌് തമ്പി നേരത്തെ നൽകിയ മൊഴി ആവർത്തിച്ചത‌്.
 
സ്വർണക്കടത്ത‌് കേസിൽ ജയിലിൽ കഴിയുന്ന പ്രകാശൻ തമ്പിയെ ക്രൈംബ്രാഞ്ച‌് ഡിവൈഎസ‌്പി കെ ഹരികൃഷ‌്ണന്റെ നേതൃത്വത്തിലുള്ള സംഘം കാക്കനാട‌് സബ‌്ജയിലിൽ എത്തിയാണ‌് ചോദ്യം ചെയ‌്തത‌്.
 
വാഹനം ഓടിച്ചത‌് താൻതന്നെയാണെന്ന‌് അപകടശേഷം അർജുൻ താനടക്കമുള്ളവരോട‌് സമ്മതിച്ചിരുന്നു. എന്നാൽ, പൊലീസിന‌ു മുന്നിൽ ഈ നിലപാട‌് മാറ്റി. ഇതറിഞ്ഞപ്പോൾ എന്തുകൊണ്ടാണ‌് ബാലഭാസ‌്കറാണ‌് വാഹനം ഓടിച്ചതെന്ന‌് പൊലീസിനോട‌് പറയാൻ കാരണമെന്ന‌് അന്വേഷിച്ചു. ഫോൺവിളിച്ചാണ‌് അന്വേഷിച്ചത‌്. എന്നാൽ, പ്രത്യേകിച്ച‌് കാരണമൊന്നും പറയാതെ ഫോൺ കട്ടാക്കി. പിന്നീട‌് വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. തുടർന്ന‌് നമ്പർ ബ്ലോക്ക‌് ചെയ്തു. അർജുനെ കാണാനും കഴിഞ്ഞില്ല. തുടർന്നാണ‌് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ തീരുമാനിച്ചത‌്. ബാലഭാസ‌്കറും അർജുനും വെള്ളം കുടിച്ച ജ്യൂസ‌് കടയിലെ സിസിടിവിയുടെ ദൃശ്യങ്ങളാണ‌് പരിശോധിച്ചത‌്.
 
സുഹൃത്തുക്കളായ ജമീൽ, ചിക്കു എന്ന സനൽരാജ‌് എന്നിവർക്കൊപ്പമാണ‌് കൊല്ലം പള്ളിമുക്കിലെ കടയിലേക്ക‌് പോയത‌്. കടയുടമയുടെ ബന്ധുവിന്റെ സഹായത്തോടെ ഹാർഡ‌് ഡിസ‌്ക‌് കൈക്കലാക്കി ദൃശ്യം പരിശോധിച്ചതായും പറഞ്ഞു. എന്നാൽ, യാത്രസംബന്ധിച്ച ഒന്നും കാണാൻ കഴിഞ്ഞില്ലെന്നും ഈ ദൃശ്യങ്ങൾ ഡിലീറ്റായി പോയെന്നുമാണ‌് പ്രകാശ‌ൻ തമ്പി പറഞ്ഞത‌്. എന്നാൽ, ഇത‌് ക്രൈംബ്രാഞ്ച‌് മുഖവിലയ‌്ക്ക‌് എടുത്തിട്ടില്ല. വിദഗ‌്ധ പരിശോധനയിൽ ദൃശ്യങ്ങൾ വീണ്ടെടുക്കാൻ കഴിയുമെന്നും കൂടുതൽ കാര്യം വ്യക്തമാകുമെന്ന പ്രതീക്ഷയിലുമാണ‌് സംഘം. 
 
ഇതേസമയം, അർജുൻ ഇപ്പോഴും ഒളിവിലാണ‌്. അസമിലേക്ക‌് കടന്നതായാണ‌് വിവരം. നിലവിൽ ലഭ്യമായ തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന‌് ഡിവൈഎസ‌്പി പറഞ്ഞു. ഇതിന‌ുശേഷമാകും കൂടുതൽപേരെ ചോദ്യംചെയ്യുന്ന കാര്യം തീരുമാനിക്കൂ. ചോദ്യംചെയ്യൽ അഞ്ച‌് മണിക്കൂർ നീണ്ടു. എസ‌്ഐ ആർ പി അനൂപ‌്  കൃഷ‌്ണനും സംഘത്തിലുണ്ടായി.ഷ‌്ണനും സംഘത്തിലുണ്ടായി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top