14 April Wednesday

പെരുകാവിൽ ആര്‍എസ്എസുകാര്‍ വീടുകൾ തകർത്തു;
 വയോധികയെയും വീട്ടമ്മയെയും മർദിച്ചു

സ്വന്തം ലേഖകൻUpdated: Friday Apr 9, 2021

ആർഎസ്എസുകാർ തകർത്ത സിപിഐ എം പെരുകാവ് ലോക്കൽ കമ്മിറ്റി അംഗം സുധീറിന്റെ വീട് സംസ്ഥാന കമ്മിറ്റി അംഗം വി ശിവൻകുട്ടിയും, കെ എസ് സുനിൽകുമാറും സന്ദർശിക്കുന്നു

 തിരുവനന്തപുരം>  വിളപ്പിൽ  വിളവൂർക്കൽ പഞ്ചായത്തിൽ പെരുകാവ്‌ മേഖലയിൽ വ്യാപക ആർഎസ്എസ്‌ അക്രമം.  വീട്ടമ്മയെയും ഭർത്താവിനെയും തല്ലിച്ചതച്ചു. 85 വയസ്സുകഴിഞ്ഞ വൃദ്ധയെയും മർദിച്ചു. പെരുകാവ്, പൊറ്റയിൽ, തെെവിള പ്രദേശങ്ങളിൽ സിപിഐ എം, ഡിവൈഎഫ്ഐ പ്രവർത്തകരുടെ വീടുകളാണ്‌ ആക്രമിച്ചത്‌. നിരവധി പേർക്ക്‌ പരിക്കുണ്ട്‌.  അവധിക്ക്‌ നാട്ടിലെത്തിയ സൈനികന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ അക്രമങ്ങൾക്ക്‌ നേതൃത്വം നൽകിയത്‌. ബുധനാഴ്‌ച രാത്രിയാണ് സംഭവം. ഡിവൈഎഫ്ഐ പെരുകാവ് മേഖലാ സെക്രട്ടറി വിഷ്ണുവിന്റെ വേടൻവിള വീട്‌ ആക്രമിച്ച സംഘം മാതാപിതാക്കളെ തല്ലിച്ചതച്ചു.

അമ്മ വത്സലയ്‌ക്കും അച്‌‌ഛൻ ചന്ദ്രനും ക്രൂരമായ മർദനമേറ്റു. വത്സലയുടെ വസ്‌ത്രങ്ങൾ വലിച്ചുകീറി. വീട്ടിലെ ഫർണിച്ചറുകൾ നശിപ്പിച്ചു. ജാതിപ്പേര്‌ പറഞ്ഞ്‌ അധിക്ഷേപിച്ച അക്രമികൾ, മകനെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി.  സിപിഐ എം പെരുകാവ് ലോക്കൽ കമ്മിറ്റിയംഗം സുധീറിന്റെ ജയ വിലാസം വീട്‌ ആക്രമിച്ച സംഘം, 85 വയസ്സുള്ള അമ്മ വിശാലാക്ഷിയെ മർദിച്ചു. ഇവരുടെ  സ്വർണമാലയും കവർന്നു. വീടിന്റെ ജനൽ ചില്ലകളും മുറ്റത്തുണ്ടായിരുന്ന വാഹനവും തകർത്തു. വടിവാളുകളും ദണ്ഡുമായെത്തിയ സംഘം സുധീറിനെ കൊല്ലുമെന്ന് ഭീഷണി മുഴക്കി.  ഡിവൈഎഫ്ഐ തൈവിള യൂണിറ്റ് സെക്രട്ടറി ജയകൃഷ്ണനെ രണ്ടംഗ സംഘം മർദിച്ചു. ആർഎസ്‌എസ്‌ മണ്ഡലം കാര്യവാഹക് വിഷ്ണുപ്രസാദിന്റെ നേതൃത്വത്തിൽ ഇരുചക്രവാഹനങ്ങളിലെത്തിയ മുപ്പതിൽപ്പരംവരുന്ന സംഘം തൈവിളയിലെ ഡിവൈഎഫ്ഐ പ്രവർത്തകരായ സന്ദീപ്, അനന്ദു, ആകാശ് എന്നിവരുടെ വീടുകൾ ആക്രമിച്ചു.  ജനൽചില്ലുകൾ തകർത്തു. തുടർന്ന്‌ പെരുകാവ് ജങ്‌ഷനിൽവച്ച് ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി വിഷ്ണുവിനെയും, പ്രവർത്തകനായ അനന്ദുവിനെയും ദണ്ഡ്‌ ഉപയോഗിച്ച് മർദിച്ചു.  മൊബൈൽ ഫോൺ തട്ടിപ്പറിച്ചു. മേഖലാ കമ്മിറ്റിയംഗം ആദർശിന്റെ തല അടിച്ചുപൊട്ടിച്ചു.

ഇതിനിടയിലായിരുന്നു വിഷ്‌‌ണുവിന്റെയും മറ്റും വീട്ടിൽ ആക്രമണം.  പൊറ്റയിൽ ജങ്‌ഷനിൽ ഡിവൈഎഫ്‌ഐ പ്രവർത്തകനായ ബിപിൻ ആക്രമിക്കപ്പെട്ടു. തലപൊട്ടി ചോര വാർന്ന ആദർശ് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.  കാര്യവാഹക്‌ വിഷ്ണുപ്രസാദിനുപുറമെ, ആർഎസ്‌എസ്‌ മണ്ഡലം മുഖ്യശിക്ഷക് അജിത്ത്, ഇയാളുടെ സഹോദരനും സൈനികനുമായ ശരത് എന്നിവരാണ്‌ അക്രമികൾക്ക്‌ നേതൃത്വം നൽകിയത്‌. ഇതിനിടയിൽ ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് പി പ്രശാന്ത്‌, മേഖല സെക്രട്ടറി വിഷ്ണു എന്നിവരെ കൊല്ലാൻ ആഹ്വാനം ചെയ്യുന്ന വീഡിയോ ദൃശ്യങ്ങളും ഫെയ്സ്ബുക്കിൽ പ്രചരിപ്പിച്ചു.  ആർഎസ്എസുകാരനായ ഹരിയാണ്  പോസ്റ്റ് ചെയ്തത്‌.  സിപിഐ എം  സംസ്ഥാന കമ്മിറ്റിയംഗം വി ശിവൻകുട്ടി, ജില്ലാ സെക്രട്ടിയറ്റംഗം കെ സി വിക്രമൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ എസ് സുനിൽകുമാർ, ഐ ബി സതീഷ് , വിളപ്പിൽ ഏരിയ സെക്രട്ടറി കെ സുകുമാരൻ, ജില്ലാ പഞ്ചായത്തംഗം വിളപ്പിൽ രാധാകൃഷ്ണൻ ഏരിയാ കമ്മിറ്റി അംഗങ്ങളായ ആർ പി ശിവജി, ഷാഹി വിളപ്പിൽ തുടങ്ങിയവർ അക്രമം നടന്ന പ്രദേശങ്ങൾ സന്ദർശിച്ചു. മലയിൻകീഴ്‌ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ സമാധാന യോഗം ചേർന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top