14 April Wednesday

സമാധാനത്തിനായി എല്ലാ വിഭാഗവും 
സഹകരിക്കണം: സർവകക്ഷിയോഗം

വെബ് ഡെസ്‌ക്‌Updated: Friday Apr 9, 2021

പാനൂരിലെ അക്രമവുമായി ബന്ധപ്പെട്ട്‌ കണ്ണൂർ കലക്ടറേറ്റിൽ ചേർന്ന സർവകക്ഷി യോഗം

 കണ്ണൂർ

ജില്ലയിൽ സമാധാനം പുലരാൻ എല്ലാ വിഭാഗം ജനങ്ങളും സഹകരിക്കണമെന്ന് കലക്ടർ ടി വി സുഭാഷിന്റെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി സമാധാനയോഗം ആഹ്വാനം ചെയ്തു. കഴിഞ്ഞ ദിവസം പാനൂർ പുല്ലൂക്കരയിലുണ്ടായ കൊലപാതകത്തെയും തുടർന്ന് ഈ പ്രദേശങ്ങളിൽ വ്യാപകമായി അരങ്ങേറിയ അക്രമ സംഭവങ്ങളെയും യോഗം  അപലപിച്ചു. പ്രതികളെ എത്രയും വേഗം പിടികൂടണമെന്നും  ആവശ്യപ്പെട്ടു. 
  പൊലീസ്‌ നിഷ്‌ക്രിയത്വം ആരോപിച്ച്‌ യുഡിഎഫ് പ്രതിനിധികൾ യോഗത്തിൽനിന്ന്‌ ഇറങ്ങിപ്പോയെങ്കിലും എൽഡിഎഫ് കക്ഷികളും ബിജെപി, ആർഎസ്എസ്, എസ്ഡിപിഐ, വെൽഫെയർ പാർടി പ്രതിനിധികളും പങ്കെടുത്തു. യോഗം ബഹിഷ്‌കരിച്ച യുഡിഎഫ്‌ നടപടിയെ മറ്റുള്ളവർ അപലപിച്ചു. ജില്ലയിൽ സമാധാനാന്തരീക്ഷം തകരാതിരിക്കാൻ എല്ലാ പാർടികളും ജനങ്ങളും ജാഗ്രത കാണിക്കണമെന്ന് കലക്ടർ അഭ്യർഥിച്ചു. എല്ലാ കേസുകളിലെയും പ്രതികളെ എത്രയും വേഗം പിടികൂടാൻ ശക്തമായ നടപടിയുണ്ടാകും. യോഗത്തിൽനിന്ന് ഇറങ്ങിപ്പോയ പാർടികളും സമാധാന ശ്രമങ്ങൾക്ക് ഒപ്പമാണ്. പ്രതികളെ പിടികൂടുന്നതിൽ കാലതാമസമുണ്ടാകുന്നു എന്ന വികാരമാണ് അവർ പ്രകടിപ്പിച്ചത്. അക്കാര്യത്തിൽ പൊലീസ് നിഷ്‌പക്ഷവും ശക്തവുമായ നടപടികൾ കൈ ക്കൊള്ളും. 
തുടർ ചർച്ചകളിൽ അവരെക്കൂടി പങ്കെടുപ്പിച്ച് സമാധാന ശ്രമങ്ങൾ തുടരും. ഇതിനായി പ്രാദേശികമായി സമാധാന യോഗം വിളിച്ചുചേർക്കും. മുസ്ലിംലീഗ്, സിപിഐ എം പ്രതിനിധികളെ പങ്കെടുപ്പിച്ച് ഉഭയകക്ഷി ചർച്ചയ്‌ക്കുള്ള ശ്രമം നടത്തുമെന്നും കലക്ടർ പറഞ്ഞു.   യോഗത്തിൽ സിറ്റി പൊലീസ്‌ കമീഷണർ ആർ ഇളങ്കോ റൂറൽ ജില്ലാ പൊലീസ് മേധാവി നവനീത് ശർമ, സബ് കലക്ടർ അനുകുമാരി, അസി. കലക്ടർ ആർ ശ്രീലക്ഷ്മി, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, എം വി ജയരാജൻ, കെ പി സഹദേവൻ, ടി വി രാജേഷ് (സിപിഐ എം), സി പി സന്തോഷ് കുമാർ (സിപിഐ), പി സത്യപ്രകാശ് (ബിജെപി), ഒ രാഗേഷ് (ആർഎസ്എസ്), കെ പി മോഹനൻ, വി രാജേഷ് പ്രേം, (എൽജെഡി), പി പി ദിവാകരൻ (ജനതാദൾ എസ്), മഹമൂദ് പറക്കാട്ട് (ഐഎൻഎൽ), സി എച്ച് പ്രഭാകരൻ (എൻസിപി),  കെ കെ ജയപ്രകാശ് (കോൺഗ്രസ് എസ്) തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top