14 April Wednesday

ഭക്ഷണം വിളമ്പി നേടിയത‌് 
അരക്കോടിയോളം

വെബ് ഡെസ്‌ക്‌Updated: Friday Apr 9, 2021

വോട്ടെടുപ്പ് ദിവസം പോളിങ‌് ഉദ്യോഗസ്ഥർക്ക‌് ഭക്ഷണം വിതരണം ചെയ്യുന്ന കുടുംബശ്രീ പ്രവർത്തകർ

കാഞ്ഞങ്ങാട‌്
നിയമസഭ തെരഞ്ഞെടുപ്പിൽ മുന്നണികൾ മാത്രമല്ല കുടുംബശ്രീയും നേട്ടം കൊയ്‌തു.   തെരഞ്ഞെടുപ്പുദ്യോഗസ്ഥർക്ക‌് ഭക്ഷണം വിളമ്പി നേടിയത‌്  45,16,474 രൂപ.  തെരഞ്ഞെടുപ്പുകളിൽ ഒഴിച്ചുകൂടാൻ പറ്റാത്ത വിഭാഗമായി ഇതോടെ കുടുംബശ്രീ പ്രവർത്തകർ മാറി.  തുടർച്ചയായി മൂന്നാം തവണയാണ് തെരഞ്ഞെടുപ്പിൽ  കുടുംബശ്രീരുചി ജില്ലയിലെമ്പാടുമുള്ള ഉദ്യോഗസ്ഥർ അറിയുന്നത്‌.   നിയമസഭാ തെരഞ്ഞെടുപ്പിൽ   വിപുലമായ തയ്യാറെടുപ്പാണ് നടത്തിയത്. പരിശീലന കേന്ദ്രങ്ങളിൽ ഭക്ഷണമെത്തിച്ചാണ്‌ തുടങ്ങിയത്‌.  അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും   വിവിധ കുടുംബശ്രീ  ഗ്രൂപ്പുകൾ മൂന്ന് നേരം ഭക്ഷണം വിതരണം ചെയ്തു.
തെരഞ്ഞെടുപ്പ്‌ സാമഗ്രികൾ വിതരണം ചെയ്‌ത  കേന്ദ്രങ്ങളിൽ 15 സംരംഭക ഗ്രൂപ്പുകൾ  പ്രാതൽ, ലഘു ഭക്ഷണം, ഉച്ച ഭക്ഷണം, ലൈറ്റ് റിഫ്രഷ് മെന്റ്, അത്താഴം  എന്നിവയടങ്ങിയ വിപുലമായ സ്റ്റാളുകളാണ് സജ്ജമാക്കിയത്. ഏഴിന‌്  വെളുപ്പിന്‌ മൂന്നുവരെ സ്റ്റാളുകളിൽ നിന്ന്‌  ഭക്ഷണം നൽകി.     409773 രൂപയാണ് രണ്ട് ദിനങ്ങളിലായി ലഭിച്ചത്‌. തുടർന്ന് 1591 പോളിങ‌് സ്റ്റേഷനുകളിൽ 2622 കുടുംബശ്രീ അംഗങ്ങളെ സജ്ജരാക്കി പോളിങ‌് ബൂത്ത് ഉദ്യോഗസ്ഥർക്ക് ഭക്ഷണം തയ്യാറാക്കി എത്തിച്ചു.   പോളിങ‌് ബൂത്തിൽ ഭക്ഷണം നൽകിയതിലൂടെ  ലഭിച്ചത് 26,18,410 രൂപയാണ്.
പോളിങ‌് സ്റ്റേഷൻ ശുചീകരണവും കോവിഡ‌് മാലിന്യസംസ്കരണവും കുടുംബശ്രീ മിഷൻ തന്നെയാണ്‌ ഏറ്റെടുത്തത്‌. ശുചീകരണത്തിനായി   1504 കുടുംബശ്രീ വനിതകളെയും   കോവിഡ‌് മാലിന്യ സംസ്കരണത്തിനായി 992 ഹരിതകർമസേനാംഗങ്ങളെയുമാണ‌്   ചുമതലപ്പെടുത്തിയത്. അതുവഴി  കരസ്ഥമാക്കിയത് 14,88,291 രൂപയാണ്.
കേരളത്തിൽ ആദ്യമായാണ് ജില്ല മുഴുവൻ പടർന്നു കിടക്കുന്ന വിപുലമായ ദൗത്യം  കുടുംബശ്രീയെ ഏൽപിക്കുന്നത്‌. അതിന്‌ കലക്ടർ  ഡോ. ഡി സജിത്ത്‌ബാബുവിനോടാണ്‌ കടപ്പാട്‌.  ശ്രമകരമായ ദൗത്യമായിരുന്നുവെങ്കിലും കഴിഞ്ഞ രണ്ട്‌ തെരഞ്ഞെടുപ്പിലും മാതൃകാപരമായി പൂർത്തിയാക്കിയതിനെ തുടർന്നാണ്‌    ഈ തെരഞ്ഞെടുപ്പിലും കുടുംബശ്രീയെത്തന്നെ ഏൽപിച്ചതെന്ന്‌   ജില്ലാ മിഷൻ കോർഡിനേറ്റർ ടി ടി സുരേന്ദ്രൻ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top