കൽപ്പറ്റ
‘‘കുഴപ്പമില്ല, ഒരുവിധം നന്നായിത്തന്നെ എഴുതി. ബാക്കി പരീക്ഷകൾ കൂടി എളുപ്പായാൽ മതിയായിരുന്നു ’’. മുണ്ടേരി ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ പത്താം ക്ലാസ് പരീക്ഷ എഴുതി പുറത്തിറങ്ങിയ നാജിയയും മുഹമ്മദ് ആദിലും ആദ്യദിന കടമ്പ കടന്നതിന്റെ ആശ്വാസത്തിലാണ്.
കോവിഡ് മഹാമാരിക്കിടയിലും പഠനം മുടങ്ങിയില്ലെന്നതിന്റെ സന്തോഷംകൂടി ഈ കുട്ടികൾക്കുണ്ട്. ആശങ്കകൾക്കും വിവാദങ്ങൾക്കും വിരാമമിട്ട് പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകൾ ആരംഭിച്ചതോടെ വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും ഏറെ ആശ്വാസത്തിലാണ്. ജില്ലയിൽ 11, 766 കുട്ടികൾ പത്താം ക്ലാസ് പരീക്ഷയും 10, 100 കുട്ടികൾ പ്ലസ്ടു പരീക്ഷയും എഴുതി.
കോവിഡിന്റെ രണ്ടാംഘട്ട വ്യാപനം ഭീഷണിയായ സാഹചര്യത്തിൽ അതീവ സുരക്ഷയിലാണ് പരീക്ഷ നടത്തിയത്. ശരീരോഷ്മാവ് പരിശോധിച്ചാണ് കുട്ടികളെ ഹാളിനകത്തേക്ക് പ്രവേശിപ്പിച്ചത്. സാധാരണയിൽ കവിഞ്ഞ ശരീരോഷ്മാവുള്ളവരെ പ്രത്യേക ഹാളിലിരുത്തിയാണ് പരീക്ഷ എഴുതിച്ചത്. മാസ്ക്, സാനിറ്റൈസർ എന്നിവ കുട്ടികൾ ഉപയോഗിക്കുന്നത് ഉറപ്പാക്കി. കൂടാതെ പരീക്ഷാ ഹാളിന് പുറത്ത് സോപ്പും വെള്ളവും വച്ചിരുന്നു. ഒരു മുറിയിൽ 20 കുട്ടികൾ എന്ന നിലയിലാണ് പരീക്ഷ എഴുതിയത്. മോണോഗ്രാം പതിച്ച ഉത്തരക്കടലാസുകൾ ഇൻവിജിലേറ്റർമാർ ഫേയ്സിങ് ഷീറ്റിൽ ഒപ്പിട്ട് പരീക്ഷക്ക് നൽകിയിരുന്നു.
തെരഞ്ഞെടുപ്പിന്റെ രണ്ടാം നാളായിരുന്നു പരീക്ഷയെങ്കിലും ഒറ്റ നാൾ കൊണ്ടാണ് പരീക്ഷാ കേന്ദ്രങ്ങൾ സജ്ജമാക്കിയത്. ക്ലാസ് മുറികൾ അണുനശീകരണം നടത്തി. ബെഞ്ചും ഡെസ്കും ക്രമീകരിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിൽ റെഗുലർ ക്ലാസുകൾ മുടങ്ങിയിരുന്നുവെങ്കിലും കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി എല്ലാ വിഷയങ്ങളുടേയും ക്ലാസുകൾ ലഭിച്ചതായി കുട്ടികളായ കരിഷ്മയും അമിതയും പറഞ്ഞു. ഗൂഗിൾ മീറ്റ്, വാട്സ് ആപ്, വഴി വിദ്യാലയത്തിലെ അധ്യാപകരും ക്ലാസുകളെടുത്തു. സംശയങ്ങൾ ദൂരീകരിക്കാനും അധ്യാപകർ ഒപ്പംനിന്നു. ജനുവരി മുതൽ വിദ്യാലയങ്ങൾ തുറന്ന് പത്താം ക്ലാസിനും പ്ലസ് ടുവിനും ക്ലാസുകൾ നടത്തിയിരുന്നു.
ആദിവാസി കുട്ടികൾക്ക്
ക്യാമ്പുകൾ
ആദിവാസി കുട്ടികൾക്കായി ഭൂരിഭാഗം വിദ്യാലയങ്ങളിലും ക്യാമ്പുകൾ നടത്തുന്നുണ്ട്. സ്കൂളുകളിൽ താമസിപ്പിച്ചാണ് പ്രത്യേക ട്യുഷൻ നൽകുന്നത്. പഠന സമയം കാലത്ത് അഞ്ച് മുതൽ വൈകിട്ട് 10 വരെ നീളും. കുട്ടികൾക്ക് നാല് നേരം ഭക്ഷണവും നൽകുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..