14 April Wednesday

ആശ്വാസമായി വരൾച്ചാ ലഘൂകരണ പദ്ധതി

വെബ് ഡെസ്‌ക്‌Updated: Friday Apr 9, 2021

മടാപ്പറമ്പ്‌ നിർമിച്ച തടയണ

  കൽപ്പറ്റ

‘‘മുൻവർഷങ്ങളിൽ വേനൽക്കാലത്ത് കിണർ വറ്റിവരളും. എന്നാൽ കിണർ റീ ചാർജ് ചെയ്തശേഷം കിണറ്റിലെ വെള്ളം വറ്റിയിട്ടില്ല. വീട്ടാവശ്യത്തിനുള്ള വെള്ളത്തിന്‌  ഒരു പഞ്ഞവുമില്ല ’’.- പുൽപ്പള്ളി ഷെഡ് ജങ്‌ഷനിലെ ചെറുതോട്ടിൽ വർഗീസ്‌ പറഞ്ഞു. ഏരിയപ്പള്ളി പുൽപ്പറമ്പിൽ വാസുവിന്റെ വീട്ടിലെ കിണറ്റിലും റീ ചാർജിങ്ങിലൂടെ സമൃദ്ധമായ വെള്ളമുണ്ട്‌. ഒരുകാലത്ത്‌ വേനൽ തുടങ്ങുമ്പോൾ തന്നെ ഊഷരമാകുന്ന പുൽപ്പള്ളിയിൽ ഇത്തവണ വരൾച്ച നിയന്ത്രിച്ചത്‌  സംസ്ഥാന സർക്കാർ  ആവിഷ്‌കരിച്ച മുള്ളൻകൊല്ലി–-പുൽപ്പള്ളി സമഗ്ര വരൾച്ചാ ലഘൂകരണ പദ്ധതിയാണ്‌. രണ്ട്‌ കോടിയിലധികം രൂപയുടെ പദ്ധതികൾ നടപ്പാക്കി.  പ്രദേശത്തെ 400 കിണറുകൾ റീ ചാർജ്‌ ചെയ്‌തു. ഈ പദ്ധതിയിലാണ്‌ വർഗിസിന്റെയും വാസുവിന്റെയും കിണറുകളും റീ ചാർജ്‌ ചെയ്‌തത്‌. 7200 രൂപയാണ്‌  ഒരു ഗുണഭോക്താവിന്‌  സബ്‌സിഡി നൽകിയത്‌. ഗ്രീൻബെൽറ്റ്‌, ചെക്ക്‌ ഡാമുകൾ, ജൈവവേലികൾ തുടങ്ങി വൈവിധ്യങ്ങളായ പദ്ധതികളാണ്‌ നടപ്പാക്കിയത്‌. 
  മടാപ്പറമ്പ്, ആലത്തുർ, കബനിഗിരി എന്നിവിടങ്ങളിലായി മൂന്ന് മണ്ണണകളും  12 കോൺക്രീറ്റ് ഡാമുകളും നിർമിച്ചു. രണ്ട് ഉറവകൾ നവീകരിച്ച് സംരക്ഷിച്ചു. കർണാടകത്തിൽനിന്ന്‌ വീശിയടിക്കുന്ന ചൂട്‌ കാറ്റ്‌ തടഞ്ഞ്‌ നിർത്താൻ കബനീ തീരത്ത് 6000ത്തോളം വൃക്ഷത്തൈകൾ നട്ട് പിടിപ്പിച്ച്  ഗ്രിൻബെൽറ്റ്‌ നിർമിച്ചു. തോടുകളുടെ തീരങ്ങളിൽ 25,000 ത്തോളം ഓടത്തൈകൾ നട്ട്‌ പിടിപ്പിച്ച്‌ സംരക്ഷിക്കുന്നു. ക്ഷേത്രങ്ങൾ, സ്വകാര്യ വ്യക്തികൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിലായി   65 കാവുകളും സംരക്ഷിക്കുന്നു. കുടുംബശ്രീ, കർഷക ഗ്രൂപ്പുകൾ, ഫാർമേഴ്‌സ്‌ ക്ലബ്ബുകൾ എന്നിവയുടെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നട്ട്‌ സംരക്ഷിച്ചുവരുന്നുണ്ട്‌. പുൽപ്പളളി, മുള്ളൻകാല്ലി പഞ്ചായത്തുകളിലായി 38 വാർഡുകളിലും പൂതാടി പഞ്ചായത്തിലെ നാല്‌ വാർഡുകളിലുമായാണ്‌ പദ്ധതി നടപ്പാക്കുന്നത്‌.  കൂടാതെ ഈ പഞ്ചായത്തുകളിലായി ആയിരത്തിലധികം ജൈവ തടയണകളും നിർമിച്ചിട്ടുണ്ട്‌. സംസ്ഥാന സർക്കാർ ഫണ്ട്‌ അനുവദിച്ചെങ്കിലും  ഐ സി ബാലകൃഷ്‌ണൻ എംഎൽഎ മുൻകൈയെടുക്കാത്തതിനാൽ ‌ പദ്ധതി പൂർണമായി നടപ്പായില്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top