22 April Monday

മലയോര ഹൈവേ നിർമാണ പ്രവൃത്തി വിലയിരുത്താൻ എംപി എത്തി

സ്വന്തം ലേഖകൻUpdated: Saturday Mar 9, 2019
രാജപുരം
മലയോര ഹൈവേയുടെ നിർമാണ പ്രവൃത്തി പുരോഗതി വിലയിരുത്താൻ പി കരുണാകരൻ എംപി എത്തി. ബന്തടുക്ക റോഡിൽ കോളിച്ചാൽ നിർമാണം നടക്കുന്ന ഹൈവേ പ്രവൃത്തി എംപി കണ്ടു. എടപ്പറമ്പ മുതൽ കോളിച്ചാൽ വരെ 24 കിലോമീറ്റർ റോഡിന്റെ നിർമാണമാണ‌്  നടക്കുന്നത്. എംപി  നടത്തിയ സമ്മർദത്തിന്റെ ഫലമായാണ‌് അര നൂറ്റാണ്ടു കാലത്തെ മലയോര ജനതയുടെ സ്വപ‌്നം യാഥാർഥ്യമാവുന്നത‌്. കഴിഞ്ഞ യുഡിഎഫ് സർക്കാർ ആവശ്യത്തിനുമുന്നിൽ മുഖം തിരിച്ചെങ്കിലും എൽഡിഎഫ് സർക്കാർ വന്നതോടെ  ഹൈവേ യാഥാർഥ്യമാക്കുന്നതിന്റെ പ്രവർത്തനം വേഗത്തിലാക്കി.  
 13 ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന ഹൈവേ  ജില്ലയിലെ നന്ദാരപദവ് നിന്നും തുടങ്ങി തിരുവനന്തപുരം ജില്ലയിലെ കടുക്കരവരെ നീളുന്നു.  നന്ദാരപദവ് മുതൽ എടപ്പറമ്പ വരെയുള്ള ഹൈവേ പണി നേരത്തെ പൂർത്തീകരിച്ചു. അത്തനടുക്കം എടപ്പറമ്പ മുതൽ കോളിച്ചാൽ വരെയുള്ള  24 കിലോമീറ്റർ ദൂരം നിർമാണ പ്രവൃത്തി  നടന്നു വരികയാണ്. ഇതിന് 83 കോടി രൂപയാണ് കരാർ തുക. 12 മീറ്റർ വീതിയിൽ 7 മീറ്റർ ടാറിങ്. ഇരു വശങ്ങളിലും ഒരു മീറ്റർ വീതിയിൽ ഇന്റർ ലോക്ക് ചെയ്യും. ഓവുചാലും നിർമിക്കും.  കോളിച്ചാൽ, എരിഞ്ഞിലംകോട്, പാടി, മാനടുക്കം, ചൂരിത്തോട്, ബന്തടുക്ക, പടുപ്പ്, പള്ളഞ്ചി, പാണ്ടി, അടൂർ, അത്തനടുക്കം,എടപ്പറമ്പ പ്രദേശങ്ങളിലൂടെ കടന്നു പോകുന്ന റോഡിൽ 47 കൾവർട്ടുകളുടെ നിർമാണം പൂർത്തിയായി.  ഒരു വർഷം കൊണ്ട് മെക്കാഡം ടാറിങ് ഉൾപ്പെടെ 24 കിലോമീറ്റർ റോഡിന്റെ  പ്രവൃത്തി  പൂർത്തിയാക്കി ഗതാഗതത്തിന‌് തുറന്ന് കൊടുക്കാനുള്ള ഒരുക്കത്തിലാണ്. ബാക്കി വരുന്ന കോളിച്ചാൽ പതിനെട്ടാംമൈൽ എടച്ചാക്കൈ 24.5 കിലോമീറ്റർ റോഡിന്റെ നിർമാണത്തിന‌് സർക്കാർ 85 കോടി രൂപ  അനുവദിച്ച് ടെണ്ടർ നടപടി പൂർത്തിയായി. 
പ്രധാന വാർത്തകൾ
 Top