17 August Wednesday

ചേരിപ്പോര് ഏറ്റുമുട്ടലിലേക്ക്‌ നെടിയിരുപ്പിൽ ലീഗിൽ പ്രതിസന്ധി രൂക്ഷം

വെബ് ഡെസ്‌ക്‌Updated: Wednesday Dec 8, 2021

കൊണ്ടോട്ടി

ചേരിപ്പോര് രൂക്ഷമായ നെടിയിരുപ്പിൽ ഏഴ് പ്രാദേശിക നേതാക്കളെ സസ്പെൻഡ്‌ ചെയ്തതോടെ മുസ്ലിംലീഗിൽ പ്രതിസന്ധി രൂക്ഷം. ലീഗ്‌ നിയന്ത്രണത്തിലുള്ള നെടിയിരുപ്പ് സർവീസ് സഹകരണ ബാങ്കിലെ ആറ് ഡയറക്ടർമാരെയാണ് ലീഗ് സംസ്ഥാന കമ്മിറ്റി സസ്പെൻഡ്‌ ചെയ്തത്. ബാങ്ക് വൈസ് പ്രസിഡന്റായിരുന്ന മുജീബിനെ അവിശ്വാസത്തിലൂടെ പുറത്താക്കിയതിനാണ്‌ നടപടി. ഇതോടെ ഇരു വിഭാഗങ്ങൾ തമ്മിലുള്ള ചേരിപ്പോര് പരസ്യ ഏറ്റുമുട്ടലിലെത്തി.   നെടിയിരുപ്പിലെ പ്രാദേശിക ലീഗ് നേതാക്കളും സഹകരണ ബാങ്ക് ഡയറക്ടർമാരുമായ അഡ്വ. പി ഇ മൂസ, പെരിമ്പിലായി അഹമ്മദ് കബീർ, വി അഷ്റഫ്, എ ആബിദ, കെ ഫാത്തിമ, സക്കീർ മേലേപറമ്പ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. അഡ്വ. പി ഇ മൂസ ബാങ്കിന്റെ ലീഗൽ അഡ്വൈസറായിരുന്നു. ഇതോടൊപ്പം ബാങ്കിന്റെ ഭരണസമിതി അംഗമായും പ്രവർത്തിച്ചു. ഇത് ചട്ടവിരുദ്ധമാണെന്ന് കാണിച്ച് ഒരു മുസ്ലിംലീഗ് പ്രവർത്തകൻ പരാതി നൽകി. തുടർന്ന് സഹകരണ സംഘം നിയമ ചട്ടപ്രകാരം ഇയാളെ മലപ്പുറം ജില്ലാ സഹകരണസംഘം ജോയിന്റ്‌ രജിസ്ട്രാർ അയോഗ്യനാക്കി. ഇതിനെതിരെ മൂസ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചു. അപ്പീൽ സിംഗിൾ ബെഞ്ച് തള്ളിയെങ്കിലും ഡിവിഷൻ ബെഞ്ചിൽനിന്ന് സ്റ്റേ ലഭിച്ചു. അപ്പോഴേക്കും ഭരണസമിതിയിൽ ചേരിപ്പോര് രൂക്ഷമായിരുന്നു.   തുടർന്ന്‌ ബാങ്ക് വൈസ് പ്രസിഡന്റിനെതിരെ അവിശ്വാസപ്രമേയവുമായി ഒരു വിഭാഗം രംഗത്തെത്തി. അവിശ്വാസപ്രമേയത്തിൽനിന്ന് മാറിനിൽക്കണമെന്ന് നേതൃത്വം ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. അവിശ്വാസം പാസായി. ഇതോടെ ബാങ്കിലെ ആറ് ഡയറക്ടർ ബോർഡ് അംഗങ്ങളെയും ലീഗിൽനിന്ന് സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.  ബാങ്കിൽ ലക്ഷങ്ങളുടെ മുക്കുപണ്ട തട്ടിപ്പ് നടന്നതായി ഒരു വിഭാഗം പരാതി ഉയർത്തിയിരുന്നു. മറ്റൊരു ബാങ്കിൽ മുക്കുപണ്ട പണയ തട്ടിപ്പ് നടത്തി ജയിലിലുള്ള ഒരു പ്രതിയെ കഴിഞ്ഞദിവസം ബാങ്കിൽ   തെളിവെടുപ്പിന്‌ എത്തിച്ചിരുന്നതായും വിവരമുണ്ട്‌. ബാങ്കിൽ നടന്ന അഴിമതിയും ക്രമക്കേടും സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുമ്പിൽ കൊണ്ടുവരണമെന്ന്‌ സിപിഐ എം കൊണ്ടോട്ടി ഏരിയാ കമ്മിറ്റി അവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top