പ്രത്യേക ലേഖകൻ
കണ്ണൂർ
കണ്ണൂർ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോൾ പദവി നൽകാത്തതിലും തെളിയുന്നത് കേന്ദ്രസർക്കാരിന്റെ രാഷ്‌ട്രീയപ്പക. പദവി ലഭിച്ചാലേ വിദേശ വിമാനക്കമ്പനികൾക്ക് സർവീസ് നടത്താനാകൂ എന്നിരിക്കെയാണ് കേന്ദ്ര വ്യോമയാനമന്ത്രാലയം മുടന്തൻന്യായങ്ങൾ നിരത്തി പുറംതിരിഞ്ഞുനിൽക്കുന്നത്.
വടക്കൻകേരളത്തിനൊപ്പം കുടക്, ഊട്ടി, മൈസൂരു എന്നിവിടങ്ങളിലെ ജനങ്ങൾക്കും ഉപകാരപ്രദമായ വിമാനത്താവളമാണ് കണ്ണൂർ. 3,050 മീറ്റർ റൺവേ, മണിക്കൂറിൽ 2,000 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിവുള്ള, ഒരുലക്ഷത്തോളം ചതുരശ്രയടി വലിപ്പമുള്ള ടെർമിനൽ ഏരിയ എന്നിവയടക്കം കണ്ണൂരിനുണ്ട്. ഇങ്ങനെ എല്ലാ വിധത്തിലും അർഹതയുണ്ടായിട്ടും വിമാനത്താവളം മെട്രോ നഗരത്തിലല്ലെന്നതടക്കമുള്ള വിചിത്രവാദങ്ങളാണ് കേന്ദ്രത്തിന്റേത്. എന്നാൽ, ഗോവയിലെ മോപ്പാ വിമാനത്താവളത്തിന് ഈ വാദങ്ങൾ പരിഗണിക്കാതെ പദവി നൽകുകയുംചെയ്‌തു. കേരളത്തിന് എയിംസ് അനുവദിക്കാത്തതിന് സമാനമാണ് കണ്ണൂർ വിമാനത്താവളത്തോട് കാട്ടുന്ന ഈ അവഗണന. ഡൽഹിക്കു പുറത്തുള്ള എയിംസ് പദ്ധതിക്കായി തുടക്കംമുതൽ കേന്ദ്രത്തെ സമീപിച്ച കേരള സർക്കാർ സ്ഥലവും കണ്ടെത്തിയിരുന്നു.
ദേശീയപാതാ വികസനത്തിന് സ്ഥലമേറ്റെടുക്കാൻ പണമാവശ്യപ്പെട്ടതുൾപ്പെടെയുള്ള കാര്യങ്ങളിൽ കേരളത്തെ വരിഞ്ഞുമുറുക്കുന്നതരത്തിലാണ് കേന്ദ്ര സമീപനം. കഴിഞ്ഞ കേന്ദ്ര ബജറ്റിൽ വട്ടപ്പൂജ്യമായിരുന്നു വിഹിതം. റെയിൽവേ വികസനം അവഗണിച്ചു. സ്വപ്‌നപദ്ധതിയായ സിൽവർലൈനിന് അനുമതിയും നിഷേധിച്ചു. രാജ്യത്തിന് വികസനക്കുതിപ്പേകുന്ന വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖ പദ്ധതിയുടെ 70 ശതമാനത്തോളം സംസ്ഥാന വിഹിതമാണ്. പദ്ധതിയുടെ അനുബന്ധവികസനത്തിന് പാക്കേജ് എന്ന ആവശ്യത്തോടും പുറംതിരിഞ്ഞുനിന്നു.
സംസ്ഥാനത്തെ സാമ്പത്തികമായി ശ്വാസംമുട്ടിക്കുന്നതിന്റെ തുടർച്ചയാണിതെല്ലാം. ഏറ്റവുമൊടുവിൽ, വയനാട് ദുരന്തം ഉണ്ടായ-പ്പോൾ കേന്ദ്ര ആഭ്യന്തരമന്ത്രിയും വനം–- പരിസ്ഥിതി മന്ത്രിയും നടത്തിയ കേരളവിരുദ്ധ പ്രസ്‌താവനയിലും തെളിയുന്നത് രാഷ്‌ട്രീയപ്പകയാണ്. വയനാട്ടിലെ ജനങ്ങൾക്കെതിരെ ലേഖനമെഴുതാൻ ശാസ്‌ത്രജ്ഞർക്ക് പണംകൊടുക്കുന്നതും നുണ വിതരണംചെയ്യുന്നതിന് പ്രസ് ഇൻഫർമേഷൻ ബ്യൂറോയെ ചുമതലപ്പെടുത്തിയതും കേരളവിരുദ്ധ നിലപാടുകളുടെ തുടർച്ചയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..